തിരുവനന്തപുരം: കേരളത്തിന്റെ പുനർനിർമാണത്തിന് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് സർക്കാരും പ്രതിപക്ഷവും. പ്രളയക്കെടുതിയെയും പുനർനിർമാണത്തെയും കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് ഐക്യസന്ദേശമുയർന്നത്. ഒമ്പതുമണിക്കൂർ നീണ്ട സമ്മേളനത്തിൽ മഹാപ്രളയത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് രൂക്ഷമായ വാദപ്രതിവാദങ്ങളുണ്ടായി. അണക്കെട്ടുകൾ മുന്നറിയിപ്പില്ലാതെ തുറന്നുവിട്ട് പ്രളയമുണ്ടാക്കിയെന്ന ആരോപണവുമായി സർക്കാരിനെ പ്രതിപക്ഷം അതിനിശിതമായി വിമർശിച്ചു. ഒപ്പം ദുരിതാശ്വാസ-പുനർനിർമാണ പ്രവർത്തനങ്ങളിൽ സർക്കാരിന് പൂർണപിന്തുണയും അവർ പ്രഖ്യാപിച്ചു. ചർച്ചയ്ക്കൊടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇങ്ങനെ പറഞ്ഞു: ''നമുക്ക് നല്ലത് പ്രതീക്ഷിക്കാം.'' തുടർന്ന് ഒത്തൊരുമ വ്യക്തമാക്കുന്ന, കേന്ദ്രത്തിൽനിന്ന് കൂടുതൽ സഹായം അഭ്യർഥിക്കുന്ന പ്രമേയം ഐകകണ്ഠ്യേന അംഗീകരിച്ച് സഭ പിരിഞ്ഞു. മുഖ്യമന്ത്രി അവതരിപ്പിച്ച ഉപക്ഷേപത്തോടെയാണ് ചർച്ച തുടങ്ങിയത്. ഈ ദുരന്തമുണ്ടാക്കിയത് അണക്കെട്ടുകൾ അശാസ്ത്രീയമായി തുറന്നുവിട്ടതുകൊണ്ടാണെന്ന വാദം പ്രതിപക്ഷത്തുനിന്ന് സംസാരിച്ച എല്ലാവരും ഉയർത്തി. ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവർത്തിച്ചു. ''ഇത് ഡാം ദുരന്തമാണ്. ദുരന്തമുണ്ടാക്കിയശേഷം സർക്കാർ രക്ഷകന്റെ വേഷംകെട്ടുന്നു. ദുരിതാശ്വാസവും രക്ഷാദൗത്യവും ജനങ്ങളുടെ വിജയമാണ്. സൈന്യം നേരത്തേ വന്നിരുന്നെങ്കിൽ ഇത്രയുംപേർ മരിക്കില്ലായിരുന്നു. മത്സ്യത്തൊഴിലാളികൾ ആരും നിർബന്ധിച്ചിട്ടല്ല, സ്വമേധയാ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ ജനങ്ങളാണ് എല്ലാം എത്തിച്ചത്. സർക്കാരല്ല. വ്യക്തമായ കാലാവസ്ഥാ മുന്നറിയിപ്പുകൾ ഉണ്ടായിട്ടും അണക്കെട്ടുകൾ പരിപാലിക്കുന്നതിൽ വൈദ്യുതി, ജലവിഭവ വകുപ്പുകൾ വീഴ്ചവരുത്തി. റവന്യൂവകുപ്പ് പരാജയപ്പെട്ടു. ക്യാമ്പുകളിൽ വലിയ പരാതികളാണ്''- രമേശ് ചെന്നിത്തല പറഞ്ഞു. ബാർ തുറക്കുന്ന ലാഘവത്തോടെയാണ് അണക്കെട്ടുകൾ തുറന്നതെന്ന് എം.കെ. മുനീർ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ നിഷേധിച്ചു. ''സർക്കാർ രക്ഷകന്റെ വേഷം കെട്ടുകയല്ല, സർക്കാർ തന്നെയാണ് രക്ഷകൻ. ഇത് ജനങ്ങളുടെ വിജയംതന്നെ എന്ന കാര്യത്തിൽ ആർക്കും സംശയംവേണ്ട. അണക്കെട്ടുകൾ തുറന്നതുകൊണ്ടല്ല പ്രളയമുണ്ടായത്. അതിതീവ്രമഴ ദിവസങ്ങളോളം പെയ്തതുകൊണ്ടാണ്. കാലാവസ്ഥാ വകുപ്പിന്റെ പ്രവചനങ്ങളിൽ ന്യൂനതയുണ്ടായിരുന്നു'' -മുഖ്യമന്ത്രി പറഞ്ഞു. ''ന്യൂനതകൾ ഗണ്യമായ കുഴപ്പമുണ്ടാക്കി. പ്രളയദിവസങ്ങളിൽ 24 മണിക്കൂറിൽ 20 സെൻറീമീറ്റർവരെ പെയ്യുന്ന അതിശക്തമായ മഴയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചത്. ഇതിലും കൂടുതൽ പെയ്യുന്ന അതിതീവ്രമഴ പ്രവചിച്ചിരുന്നില്ല. ഓഗസ്റ്റ് 13 മുതൽ 19 വരെ ആകെ മഴയിൽ 362 ശതമാനം വർധനയുണ്ടായി. ഇടുക്കിയിൽ ഈ ദിവസങ്ങളിൽ പെയ്തത് 568 ശതമാനം അധികമാണ്. അനിതര സാധാരണമായ ഈ മഴ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ടായിരുന്നില്ല. സാധാരണ മുന്നറിയിപ്പുകളാണ് കിട്ടിക്കൊണ്ടിരുന്നത്. അണക്കെട്ടുകളിൽ അപ്രതീക്ഷിതമായി വെള്ളം പൊങ്ങിയാൽ തുറന്നുവിടാതിരിക്കാനാവില്ല. വകുപ്പുകൾക്കൊന്നും വീഴ്ചയുണ്ടായില്ല. ചെയ്യാവുന്നതെല്ലാം ചെയ്തു. കേരളത്തിലെ അണക്കെട്ടുകളിലെ ജലസംഭരണികളുടെ പരിപാലനത്തിൽ സമഗ്രമായ മാറ്റം വേണം. പരിസ്ഥിതിയെക്കൂടി കണക്കിലെടുത്തുള്ള പുനരധിവാസത്തെയും സംസ്ഥാനത്തിെന്റ പുനർനിർമാണത്തെയും പറ്റിയുള്ള ക്രിയാത്മകമായി സഭ ചർച്ച ചെയ്യണം.'' -മുഖ്യമന്ത്രി നിർദേശിച്ചു. അതിജീവനത്തിന്റെപുതിയപാഠം രചിക്കണം-ഇതുവരെ ഒരുമിച്ച് നിൽക്കാൻ നമുക്കുകഴിഞ്ഞു. ഇത് തുടർന്നാൽ അതിജീവനത്തിന്റെ പുതിയ പാഠം നമുക്ക് രചിക്കാനാവും -മുഖ്യമന്ത്രി പിണറായി വിജയൻ മുന്നിൽനിന്ന് പ്രവർത്തിക്കും-പുനർനിർമാണത്തിന് മുന്നിൽനിന്ന് പ്രവർത്തിക്കും. ഇതിനെവിടെനിന്നും സഹായം വാങ്ങാം. യു.എ.ഇ. വാഗ്ദാനം ചെയ്ത സഹായവും വാങ്ങണം -രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ്
from mathrubhumi.latestnews.rssfeed https://ift.tt/2Pnp4zg
via
IFTTT
No comments:
Post a Comment