തിരുവനന്തപുരം: കടകളിലും ഹോട്ടൽ, റസ്റ്റോറന്റ് അടക്കമുള്ള സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും ഇരിക്കാൻ സൗകര്യം നൽകുന്നതിനും വ്യവസ്ഥ ചെയ്യുന്നതിനായി ഓർഡിനൻസ് ഇറക്കും. ഇതിനായി 1960-ലെ കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമത്തിലെ ഭേദഗതി ഓർഡിനൻസിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന്റെ കരടുബില്ലിന് ജൂലായ് നാലിന് മന്ത്രിസഭായോഗം അനുമതിനൽകിയിരുന്നു. ഇതാണ് ഇപ്പോൾ ഓർഡിനൻസായി ഇറക്കുന്നത്. സുരക്ഷാ ഏജൻസിവഴി നിയമിക്കപ്പെടുന്നവർക്ക് സംരക്ഷണം നൽകാനും നിയമം ലക്ഷ്യമിടുന്നുണ്ട്. സെക്യൂരിറ്റി ഏജൻസികൾവഴി ജോലിക്ക് നിയോഗിക്കപ്പെടുന്ന താത്കാലിക സെക്യൂരിറ്റി ജീവനക്കാരെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരും. ഇതിനായി തൊഴിലാളി എന്ന പദത്തിന്റെ നിർവചനം വിപുലപ്പെടുത്തും. തൊഴിൽസ്ഥലത്ത് ഇരിപ്പിടം ലഭ്യമാകുന്നില്ലെന്ന് തൊഴിലാളികളിൽനിന്നും സംഘടനകളിൽനിന്നും സാമൂഹികപ്രവർത്തകരിൽനിന്നും ലഭിച്ച പരാതി പരിഗണിച്ചാണ് ഇരിപ്പിടം നൽകാൻ വ്യവസ്ഥ കൊണ്ടുവരുന്നത്. രാത്രി ഒമ്പതിനുശേഷവും രാവിലെ ആറിനുമുമ്പുമുള്ള സമയങ്ങളിൽ സ്ത്രീകളെ ജോലിക്ക് നിയോഗിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. അഞ്ചുപേരെങ്കിലുമുണ്ടെങ്കിലേ ഈ സമയങ്ങളിൽ സ്ത്രീകളെ ജോലിക്ക് നിയോഗിക്കാവൂ. ഈ അഞ്ചുപേരിൽ രണ്ടുസ്ത്രീകളെങ്കിലുമുണ്ടായിരിക്കണം. രാത്രി ജോലിചെയ്യുന്നവർക്ക് തിരിച്ച് താമസസ്ഥലത്തെത്താൻ ആവശ്യമായ വാഹനസൗകര്യം കടയുടമ ഏർപ്പെടുത്തണം. ആഴ്ചയിൽ ഒരുദിവസം കടകൾ പൂർണമായി അടച്ചിടണമെന്ന വ്യവസ്ഥ ഒഴിവാക്കി തൊഴിലാളികൾക്ക് ആഴ്ചയിൽ ഒരുദിവസം അവധി അനുവദിക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി.
from mathrubhumi.latestnews.rssfeed https://ift.tt/2vLx71f
via
IFTTT
No comments:
Post a Comment