വിവാഹേതര ലൈംഗികബന്ധം ക്രിമിനൽക്കുറ്റമാക്കുന്നതുകൊണ്ടുള്ള 'പൊതുനന്മ' എന്താണെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി. വിവാഹബന്ധത്തിന്റെ സംശുദ്ധി നിലനിർത്താൻ ഇതാവശ്യമാണെന്ന കേന്ദ്രത്തിന്റെ വാദത്തോടു പ്രതികരിക്കുകയായിരുന്നു കോടതി. വിവാഹിതനായ ഒരാൾ അവിവാഹിതയുമായി ബന്ധപ്പെട്ടാലും വിവാഹത്തിന്റെ സംശുദ്ധി ഇല്ലാതാവില്ലേയെന്നു കോടതി ചോദിച്ചു. വിവാഹേതരബന്ധത്തിൽ പുരുഷൻമാരെ മാത്രം കുറ്റക്കാരാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 497-ാം വകുപ്പ് റദ്ദാക്കണമെന്ന ഹർജി വിധി പറയാൻ മാറ്റിക്കൊണ്ടാണ് ഭരണഘടനാ ബെഞ്ചിന്റെ നിരീക്ഷണം. വിദേശരാജ്യങ്ങളിലെ നിയമങ്ങൾ ഇന്ത്യക്കു ചേരില്ലെന്നും ഇവിടത്തെ സാമൂഹികസാഹചര്യം കണക്കിലെടുത്തുവേണം തീരുമാനമെടുക്കാനെന്നും കേന്ദ്രത്തിനുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദ് വാദിച്ചു. ഇന്ത്യയിൽ വിവാഹമെന്നത് സംശുദ്ധമായ വ്യവസ്ഥയാണ്. അതിലേക്ക് അതിക്രമിച്ചുകടക്കുന്നത് ക്രിമിനൽക്കുറ്റമായി നിലനിൽക്കണമെന്ന് അവർ പറഞ്ഞു. 497-ാം വകുപ്പിന്റെ പൊതു നന്മയെന്താണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചു. അവിവാഹിതയുമായി ഭർത്താവ് ബന്ധപ്പെട്ടാൽ സ്ത്രീക്കു പരാതിപ്പെടാനും വകുപ്പില്ലെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. വിവാഹേതരബന്ധം കുടുംബപ്രശ്നം മാത്രമല്ലേയെന്നും അതു സമൂഹത്തിനെതിരായ കുറ്റകൃത്യമാവുന്നത് എങ്ങനെയാണെന്നും ജസ്റ്റിസ് ഇന്ദു മൽഹോത്ര ചോദിച്ചു. വിവാഹേതരബന്ധം ക്രിമിനൽക്കുറ്റമാക്കുന്ന 158 വർഷം പഴക്കമുള്ള 497-ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രവാസി മലയാളി ജോസഫ് ഷൈൻ നൽകിയ ഹർജിയാണ് അഞ്ചംഗ ബെഞ്ച് പരിശോധിച്ചത്. ക്രിമിനൽക്കുറ്റം ചുമത്തിയും ഭീഷണിപ്പെടുത്തിയുമല്ല കുടുംബഭദ്രതയും വിവാഹത്തിന്റെ സംശുദ്ധിയും നിലനിർത്തേണ്ടതെന്ന് ഹർജിക്കാരനുവേണ്ടി അഡ്വ. കാളീശ്വരം രാജ് വാദിച്ചു. വ്യക്തിഗതഗുണങ്ങളാണ് കുടുംബബന്ധത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം വാദിച്ചു. ഒരാളുടെ ഭാര്യയുമായി, അയാളുടെ സമ്മതമില്ലാതെ ബന്ധപ്പെടുന്ന പുരുഷൻ കുറ്റക്കാരനാകുന്നതാണ് 497-ാം വകുപ്പ്. ഭർത്താവ് പരാതിപ്പെട്ടാൽ തന്റെ ഭാര്യയുമായി ബന്ധപ്പെട്ടയാൾക്കെതിരേ ക്രിമിനൽ നടപടി സ്വീകരിക്കാം. ഭാര്യയെ ഇരയായിക്കണ്ട് വെറുതെവിടുകയും ചെയ്യും. അതാണ് ഇപ്പോഴത്തെ വകുപ്പ്. തന്റെ ഭർത്താവ് മറ്റൊരാളുമായി ബന്ധപ്പെട്ടാൽ സ്ത്രീക്ക് പരാതിപ്പെടാനുമാകില്ല. ഒട്ടുമിക്ക രാജ്യങ്ങളിലും വിവാഹേതരബന്ധം ക്രിമിനൽക്കുറ്റമല്ലെന്നിരിക്കെ ഇവിടെയും അങ്ങനെയല്ലാതാക്കണമെന്നാണ് ഹർജിയിലെ വാദം. അതേസമയം, വിവാഹമോചനത്തിനുള്ള സിവിൽ കുറ്റമായി നിലനിർത്താമെന്നും ഹർജിയിൽ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2vKLa6q
via
IFTTT
No comments:
Post a Comment