കൊച്ചി: മഹാരാജാസ് കോളേജിലും പിന്നീട് ലോകോളേജിലും കെഎസ്‌യുവിന്റെ തീപ്പൊരി നേതാവും പിന്നീട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സിപിഎമ്മിനെതിരേ മത്സരിക്കുകയും ചെയ്ത പി വി ശ്രീനിജന്‍ ഇനി സമ്പൂര്‍ണ്ണ സിപിഎമ്മുകാരന്‍. സുപ്രീംകോടതി ചീഫ് ജസ്റ്റീസായിരുന്ന കെ.ജി. ബാലകൃഷ്ണന്റെ മരുമകന്‍ ശ്രീനിജന്റെ പാര്‍ട്ടി അംഗത്വം സിപിഎം അംഗീകരിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ കാന്‍ഡിഡേറ്റ് അംഗത്വം കിട്ടിയ ശ്രീനിജന് ഇനി ബ്രാഞ്ച് യോഗങ്ങളില്‍ പങ്കെടുക്കാം. യൂത്ത് കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷ പദവിക്ക് തൊട്ടരികില്‍ വരെ എത്തിയ ശേഷമാണ് ഈ കൂടുമാറ്റം.
ശ്രീനിജന്റെ അംഗത്വം പാര്‍ട്ടി ജില്ലാക്കമ്മറ്റി അംഗീകരിച്ചതോടെ എളമക്കര കീര്‍ത്തി നഗര്‍ ബ്രാഞ്ചിലാകും ഇനി ശ്രീനിജന്‍ അംഗമാകുക. എറണാകുളം മഹാരാജാസ് കോളേജിലും തൊട്ടപ്പുറത്ത് ലോ കോളേജിലും കെഎസ്‌യു നേതാവായിരുന്ന ശ്രീനിജന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്നു. ഒരു ഘട്ടത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പദവി വരെ എത്തിയ ശേഷമാണ് ചെങ്കൊടിക്ക് കീഴിലേക്ക് മാറിയിരിക്കുന്നത്. 2006 ല്‍ ഞാറയ്ക്കലില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് സിപിഎമ്മിലെ എംകെ പുരുഷോത്തമനോട് തോല്‍ക്കുകയും ചെയ്തു. കോണ്‍ഗ്രസില്‍ ഐ വിഭാഗക്കാരനായിരുന്ന ശ്രീനിജന്‍ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ എ വിഭാഗവുമായി അടുത്തതോടെ ഐ വിഭാഗം കൈവിട്ടിരുന്നു.
2011 ലെ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് ശ്രീനിജന്‍ ഇടതുപക്ഷത്തേക്ക് ചെരിഞ്ഞത്. 2016 ലെ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വിജയത്തിനായി പരസ്യമായി രംഗത്തിറങ്ങുകയും ചെയ്തു. അതിന് ശേഷം സിപിഎമ്മിനോട് അനുഭാവം കാട്ടിയ അദ്ദേഹം പിന്നീട് പാര്‍ട്ടിയില്‍ ചേരുകയായിരുന്നു. കുന്നത്തുനാട്ടു നിന്നും മത്സരിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട വിവാദത്തില്‍ പെടുകയും സ്ഥാനാര്‍ത്ഥി പദവിയിലേക്ക് വി.പി. സജീന്ദ്രനെ കോണ്‍ഗ്രസ് നിയോഗിക്കുകയുമായിരുന്നു.
from mangalam.com https://ift.tt/2vDtaed
via IFTTT
No comments:
Post a Comment