ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ കൂടി വിദ്വേഷം ജനിപ്പിക്കുന്നതും തെറ്റിധരിപ്പിക്കുന്നതുമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ കർശന നടപടികൾക്ക് കേന്ദ്രസർക്കാർ. ഇത്തരം സന്ദേശങ്ങൾ പ്രചരിക്കുന്നത് തടയാൻ നടപടികളെടുക്കുന്നില്ലെങ്കിൽ സമൂഹ മാധ്യമങ്ങളുടെ ഇന്ത്യയിലെ മേധാവികൾക്കെതിരെ നിയമ നടപടിയുണ്ടാവുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. ഫെയ്സ്ബുക്ക്, വാട്ട്സാപ്പ് തുടങ്ങിയ മാധ്യമങ്ങൾക്കെതിരെയാകും ഉടൻ നടപടിയുണ്ടാവുകയെന്നാണ് വിവരം. ഇരുമാധ്യമങ്ങളും വഴി വിദ്വേഷ സന്ദേശങ്ങളും തെറ്റിധരിപ്പിക്കുന്ന സന്ദേശങ്ങളും പ്രചരിക്കുന്നത് കാരണം രാജ്യത്ത് ആൾകൂട്ട കൊലപാതകങ്ങൾ വ്യാപകമാകുന്നുണ്ട്.ട്വിറ്റർ വഴിയും ഇത്തരം സന്ദേശങ്ങൾ പ്രചരിക്കുന്നു.ലൈംഗിക പീഡനം ഉൾപ്പെടെയുള്ള ഭീഷണികൾ സ്ത്രീകൾക്കെതിരെ വ്യാപകമായി വരുന്നു. മോശം പ്രവണത കാരണം പലരും സമൂഹ മാധ്യമങ്ങൾ ഉപേക്ഷിക്കുന്നതായും അധികൃതർ വ്യക്തമാക്കുന്നു. വാട്സ് ആപ്പിനെയാണ് സർക്കാർ പ്രധാനമായും ലക്ഷ്യമിടുന്നതെന്നാണ് സൂചന. നേരത്തെ സന്ദേശങ്ങൾ ആദ്യം അയച്ച ആളിനെ കണ്ടെത്താൻ സഹായിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം വാട്സ് ആപ്പ് തള്ളിക്കളഞ്ഞിരുന്നു. ഇതിന് ശേഷം ഇന്ത്യയിൽ പരാതികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യമുന്നയിച്ച് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജിയും നിലനിൽക്കുന്നുണ്ട്. വിദ്വേഷ സന്ദേശങ്ങൾ തടയുന്നതിനായാണ് സമൂഹമാധ്യമങ്ങൾക്ക് ഇന്ത്യയിൽ പ്രതിനിധികൾ വേണമെന്ന് സർക്കാർ നിർദ്ദേശിക്കുന്നത്. ഇക്കാര്യം നിർബന്ധമാക്കിയേക്കും. ഇത്തരം സന്ദേശങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ ഇന്ത്യയിലെ പ്രതിനിധികൾക്കെതിരെ നടപടിയുണ്ടാകുമെന്നും ഉന്നത സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആൾകൂട്ട കൊലപാതകങ്ങൾ വർധിച്ചതിനെ തുടർന്ന് ഇവ തടയാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ നിർദ്ദേശങ്ങളിലൊന്നാണ് ഇന്ത്യയിൽ പ്രത്യേകം ഉദ്യോഗസ്ഥനെ സമൂഹമാധ്യമങ്ങൾ നിയമിക്കണമെന്നത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ട് ആഭ്യന്തര മന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. ഇതിൻമേൽ വിശദ പഠനം നടത്തിയതിന് ശേഷം പ്രധാനമന്ത്രിയുടെ അംഗീകാരത്തിനായി അയയ്ക്കും. സമൂഹ മാധ്യമങ്ങളിൽ അസുഖകരങ്ങളായ സന്ദേശങ്ങൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ അത് എടുത്തുമാറ്റാനോ, തടയാനോ സർക്കാരിന് ഉത്തരവ് നൽകാൻ സാധിക്കും വിധമുള്ള ചട്ടക്കൂടിന് രൂപം നൽകാനാണ് കമ്മിറ്റി ശ്രമിക്കുന്നത്. കമ്മിറ്റിയുടെ നിർദ്ദേശത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് പ്രധാനമന്ത്രിയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2C28vqI
via
IFTTT
No comments:
Post a Comment