ബറേലി: കന്നുകാലിയുടെ പേരില്‍ രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ടക്കൊല. ഉത്തര്‍പ്രദേശില്‍ പോത്തിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മുസ്ലീം യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. ചൊവ്വാഴ്ച രാത്രി ബറേലിയിലെ ഭോലപുര്‍ ഹിന്ദോലിയയിലാണ് സംഭവം. 22കാരനായ ഷാരൂഖ് ഖാന്‍ ആണ് കൊല്ലപ്പെട്ടത്. ഖാനും മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് പോത്തിനെ മോഷ്ടിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണം.
അതേസമയം, ലഹരിമരുന്ന് അമിതമായി ഉപയോഗിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക ഭാഷ്യം. പതിവായി ലഹരിമരുന്ന് ഉപയോഗിക്കുന്ന ആളായിരുന്നുവെന്നും മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയവേ മരണത്തിന് ഇടയാക്കിയത് ഇതാണെന്നും ബറേലി പോലീസ് പറയുന്നു. എന്നാല്‍ മരണകാരണം ആന്തരിക അവയവങ്ങള്‍ക്കുണ്ടായ പരുക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ലഹരിമരുന്ന് അമിതമായി ഉപയോഗിച്ചതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലില്ലെന്നും പോലീസ് പിന്നീട് പറഞ്ഞു.
ദുബായില്‍ ഒരു എംബ്രോയിഡറി യൂണിറ്റില്‍ ജീവനക്കാരനായ ഖാന്‍ കഴിഞ്ഞമാസമാണ് നാട്ടിലെത്തിയത്. സുഹൃത്തുക്കള്‍ വിളിച്ചിട്ടാണ് വീട്ടില്‍ നിന്നും പോയതെന്നും പിന്നീട് തിരിച്ചുവന്നിട്ടില്ലെന്നും സഹോദരന്‍ പറയുന്നു. പിറ്റേന്ന് രാവിലെ പോലീസ് വിളിച്ചറിയിച്ചത് അനുസരിച്ചാണ് താന്‍ ആശുപത്രിയില്‍ എത്തിയത്. മൃതപ്രായനായ അവസ്ഥയിലായിരുന്നു ഖാന്‍ എന്നും സഹോദരന്‍ വ്യക്തമാക്കി.
സംഭവത്തില്‍ ബറേലി പോലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആള്‍ക്കൂട്ടക്കൊലയില്‍ നാട്ടുകാരായ 25 പേര്‍ക്കെതിരെയും പോത്തിനെ മോഷ്ടിച്ചതിന് ഖാന്റെ സുഹൃത്തുക്കളെ പ്രതിയാക്കിയുമാണ് കേസ്. ഇതുവരെയും ആരേയും അറസ്റ്റു ചെയ്തിട്ടില്ല.
from mangalam.com https://ift.tt/2MXyTpZ
via IFTTT
No comments:
Post a Comment