ആഗ്ര: ഹിന്ദു വോട്ടുകൾ കൂടുതൽ സമാഹരിക്കുന്നതിന്റെ ഭാഗമായി ഉത്തർപ്രദേശിലെ ഹിന്ദു ക്ഷേത്രങ്ങൾ, സന്യാസ ആശ്രമങ്ങൾ, മഠങ്ങൾ തുടങ്ങിയവയുടെ കണക്കെടുപ്പ് നടത്താനൊരുങ്ങി ബിജെപി. ബൂത്ത് തലംമുതൽ കണക്കെടുപ്പ് നടത്താനാണ് ഉത്തർപ്രദേശിലെ ബിജെപിയുടെ തീരുമാനം. ഇതോടൊപ്പം പിന്നാക്ക വിഭാഗങ്ങളെപ്പറ്റിയുള്ള വിവരങ്ങളും ഇത്തരത്തിൽ സമാഹരിക്കാനാണ് ബിജെപി നീക്കം. 2019 ൽ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബിജെപിയുടെ നടപടികൾ. വിവര ശേഖരണത്തിനുള്ള ഫോറങ്ങൾ ഉത്തർപ്രദേശിലെ 1.4 ലക്ഷത്തോളം വരുന്ന ബിജെപി ബൂത്ത് ഏജന്റ്മാർക്ക് സംസ്ഥാന നേതൃത്വം അയച്ചുകഴിഞ്ഞു. ഇതിൽ മതസ്ഥാപനം ഏത്, അത് സ്ഥിതി ചെയ്യുന്ന സ്ഥലം, അവിടുത്തെ മുഖ്യ പുരോഹിതൻ അല്ലെങ്കിൽ മഠാധിപതിയുടെ പേര്, അദ്ദേഹത്തിന്റെ ഫോൺ നമ്പർ തുടങ്ങിയവ ശേഖരിക്കാനുള്ള ഭാഗങ്ങളുണ്ട്. മധാധിപതികൾ അല്ലെങ്കിൽ പുരോഹിതർ എന്നിവരിലൂടെ ഭക്തരിലേക്ക് എളുപ്പത്തിൽ എത്താനാണ് ബിജെപി തീരുമാനം. ഇതിന് പുറമെയാണ് പിന്നാക്ക വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള തന്ത്രങ്ങളും മെനയുന്നത്. എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളിൽ പെട്ടവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം എല്ലാ ബൂത്തുകമ്മിറ്റികളിലും പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവരെ ഉൾപ്പെടുത്തണമെന്ന കർശന നിർദ്ദേശവും ബിജെപി നൽകിയിട്ടുണ്ട്. പിന്നാക്ക വിഭാഗങ്ങളിൽ നിന്ന് ബുത്ത്കമ്മിറ്റി ഭാരവാഹികളാക്കുന്നവരിൽ രണ്ടുപേർ സ്ത്രീകളായിരിക്കണമെന്നും നിർദ്ദേശമുണ്ട്. പ്രദേശവാസികളിൽ സ്വാധീനമുള്ള പ്രാദേശിക നേതാക്കൾ, മറ്റ് പൗരപ്രമുഖർ എന്നിവരുടെ വിവരങ്ങളും ബിജെപി ശേഖരിക്കുന്നുണ്ട്. 1.6 ലക്ഷം പോളിങ് ബൂത്തുകളാണ് ഉത്തർപ്രദേശിലുള്ളത്. ഇവിടങ്ങളിൽ ഭൂരിഭാഗത്തും ബിജെപിക്ക് സംഘടനാ സംവിധാനം ശക്തമാണ്. ഇത് കൂടുതൽ ബലപ്പെടുത്തുകയാണ് പാർട്ടിയുടെ ലക്ഷ്യം, ഇതിനായി 21 അംഗ കമ്മിറ്റികളെയാണ് ഓരോ ബൂത്തിലും തിരഞ്ഞെടുക്കുക. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിയിൽ നിന്ന് 71 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. കേന്ദ്രത്തിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാൻ ബിജെപിയെ സഹായിച്ചതും യു.പിയായിരുന്നു. ഇത്തവണ പ്രതിപക്ഷ കക്ഷികൾ കൈകോർക്കുന്നത് മുന്നിൽകണ്ടാണ് ബിജെപി നീക്കം.
from mathrubhumi.latestnews.rssfeed https://ift.tt/2KunGYL
via
IFTTT
No comments:
Post a Comment