ന്യൂഡൽഹി: ആസന്നമായ രാജ്യസഭാ ഉപാധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ എൻ.സി.പി നേതാവ് വന്ദന ചവാൻ പ്രതിപക്ഷ സ്ഥാനാർത്ഥി ആവും. പൂനെ മുൻ മേയർ കൂടിയാണ് വന്ദന. ശിവസേന ഉൾപ്പടെയുള്ള പാർട്ടികളുടെ പിന്തുണ ലക്ഷ്യംവെച്ചു കൊണ്ടാണ് പ്രതിപക്ഷം ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നാണ് സൂചന. ബീഹാറിൽ നിന്നുള്ള ജെ.ഡി.യു നേതാവ് ഹരിവംശ് നാരായൺ സിങിനെ എൻ.ഡി.എ തങ്ങളുടെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചതായി വാർത്തകൾ ഉണ്ടായിരുന്നു. വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ്. സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമായതോടെ പ്രതിപക്ഷത്തും ഭരണപക്ഷത്തും തിരക്കിട്ട കൂടിയാലോചനകൾ നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്നാഥ് സിങും അമിത് ഷായും ചൊവ്വാഴ്ച രാവിലെ കൂടിയാലോചന നടത്തി. അകാലി ദളിന്റെയും ശിവസേനയുടെയും പിന്തുണ സർക്കാർ ഉറപ്പാക്കിയതായാണ് വിവരം. എ.ഐ.എ.ഡി.എം.കെ യുടെയും ചന്ദ്രശേഖര റാവുവിന്റെ ടി.ആർ.എസ് ന്റെയും പിന്തുണ ബി.ജെ.പി പ്രതീക്ഷിക്കുന്നുണ്ട്. ഈ കണക്കുകൂട്ടലുകൾ ശരിയായാൽ ഭരണപക്ഷത്തിന് 125 വോട്ടുകൾ ലഭിക്കും. 245 അംഗങ്ങളുള്ള രാജ്യസഭയിൽ ഒരു സ്ഥാനാർത്ഥിക്ക് വിജയിക്കാൻ വേണ്ടത് 123 വോട്ടാണ്. അകാലി ദൾ (3 സീറ്റ്), ശിവ സേന (3 സീറ്റ്), ബിജു ജനതാ ദൾ (9 സീറ്റ്) എന്നിവരിൽ ആരെങ്കിലും പാലം വലിച്ചാൽ എൻ.ഡി.എയുടെ സ്ഥിതി പരുങ്ങലിലാവും. 119 സീറ്റാണ് പ്രതിപക്ഷത്തിനുള്ളത്. ടി.ഡി.പി, വൈ.എസ്.ആർ കോൺഗ്രസ് എന്നിവരുൾപ്പടെയാണ് ഈ കണക്ക്. കെജ്രിവാളിന്റ എ.എ.പിയും മെഹബൂബ മുഫ്തിയുടെ പി.ഡി.പിയും പ്രതിപക്ഷ സ്ഥാനാർത്ഥിയെ പിന്തുണക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എൻ.ഡി.എയുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ അകാലി ദളിൽ പ്രതിഷേധം പുകയുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. സീറ്റ് പ്രതീക്ഷിച്ചിരുന്ന അകാലികൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനുള്ള സാധ്യതയും നിരീക്ഷകർ തള്ളിക്കളയുന്നില്ല. സ്ഥാനാർത്ഥി നിർണയത്തിൽ തങ്ങളോട് കൂടിയാലോചനകൾ നടത്താത്തതിൽ ശിവസേനയും അസ്വസ്ഥരാണ്. എന്നാൽ ശിവസേനയുടെ പിണക്കം മാറ്റാനായി ഉദ്ദവ് താക്കറെയെ അമിത് ഷാ ഫോണിൽ വിളിച്ചിരുന്നു. ഇത് മഞ്ഞുരുകാൻ കാരണമാവുമെന്നാണ് എൻ.ഡി.എയുടെ കണക്കുകൂട്ടൽ. എൻ.സി.പിക്ക് സീറ്റ് വിട്ടു നൽകിയതിലൂടെ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് എതിരായ വിശാല സഖ്യം യാഥാർത്ഥ്യമാവാൻ തങ്ങൾ എന്തുവിട്ടുവീഴ്ച്ചക്കും തയ്യാറാവുമെന്ന സൂചന നൽകിയിരിക്കയാണ് കോൺഗ്രസ്. എന്തായാലും രാജ്യസഭാ ഉപാദ്ധ്യക്ഷന്റെ തെരഞ്ഞെടുപ്പ് ഇരുപക്ഷത്തിനും എളുപ്പമാവില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. content highlights: Opposition Picks Vandana Chavan For Rajya Sabha No 2 Post
from mathrubhumi.latestnews.rssfeed https://ift.tt/2vL9rJL
via
IFTTT
No comments:
Post a Comment