മുംബൈ: ഭാഗ്യം മീൻപിടുത്ത വലയിലും കുരുങ്ങും. സമുദ്രത്തിൽ വച്ച് ലോട്ടറിയടിച്ച അനുഭവമാണ് ഒരു സഹോദരന്മാർക്ക് പറയാനുള്ളത്. കാരണം അവർ പിടിച്ച ഒരൊറ്റ മീനിന് കിട്ടിയ വിലയാണ് 5.5 ലക്ഷം. മഹാരാഷ്ട്രയിലെ പാൽഘർ തീരത്തെ മത്സ്യബന്ധനത്തൊഴിലാളികളായ മഹേഷ്-ഭരത് സഹോദരങ്ങളുടെ വലയിൽ ഞായറാഴ്ച കുരുങ്ങിയത് അപൂർവ്വയിമനം മീനുകളിലൊന്നാണ്. സ്വർണ ഹൃദയമുള്ള മത്സ്യം എന്ന് വിളിക്കപ്പെടുന്ന ഘോൾ മത്സ്യമാണ് ഇവരുടെ വലയിൽ കുടുങ്ങിയത്. ചെറുതല്ല 30 കിലോഗ്രം ഭാരമുള്ള ഘോൾ മീനാണ് വലയിൽ കുടുങ്ങിയത്. കൈയിൽ കിട്ടിയത് ഘോൾ മീനാണെന്ന് അറിഞ്ഞതോടെ ബോട്ട് കരയിലെത്തുന്നതിന് മുന്നെ വാങ്ങാൻ കരയിൽ വ്യാപാരികൾ കാവലായിരുന്നു. 20 മിനിറ്റ് നീണ്ട ലേലത്തിൽ മീൻ വിറ്റുപോയപ്പോൾ ആ സഹോദരന്മാരുടെ കീശയിലായത് അഞ്ചര ലക്ഷം രൂപ. photo credit: times of india മഹേഷ് മെഹറും സഹോദരൻ ഭരതും അവരുടെ ചെറിയ ബോട്ടിൽ വെള്ളിയാഴ്ചയാണ് മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. വീശിയ വലയിൽ മറ്റ് മീനുകളോടൊപ്പം കുടുങ്ങിയതാണ് ഭാഗ്യം കൊണ്ടു വന്ന ഘോൾ മത്സ്യവും. സ്വർണഹൃദയമുള്ള മത്സ്യം എന്നറിയപ്പെടുന്ന ഈ വിശിഷ്ട മത്സ്യത്തിന്റെ ചർമ്മത്തിലുള്ള ഉന്നതഗുണമുള്ള കൊളാജൻ പോഷകാഹാരം, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയുടെ നിർമാണത്തിനുപയോഗിക്കുന്നു. ഔഷധനിർമാണത്തിനും ഈ മത്സ്യം ഉപയോഗിക്കുന്നു. ആഗോള തലത്തിൽ തന്നെ ഈ മത്സ്യത്തിന് ആവശ്യക്കാരേറെയാണ്.ഈ ഇനത്തിലുള്ള മീൻ സിംഗപ്പൂർ, മലേഷ്യ, ഇൻഡോനേഷ്യ, ഹോങ്കോങ്, ജപ്പാൻ എന്നിവടങ്ങളിലേക്കാണ് കയറ്റുമതി ചെയ്യാറുള്ളത്. ഇരുപത് കൊല്ലമായി മത്സ്യബന്ധനം നടത്തുന്ന മഹേഷിനും ഭരതിനും ലോട്ടറിയടിച്ച ആഹ്ളാദമാണ് ഇപ്പോൾ. സാമ്പത്തിക ബാധ്യതകൾ തീർക്കാനും ബോട്ടിന്റേയും വലയുടേയും അറ്റകുറ്റപ്പണികൾ തീർക്കാനും ഈ പണം ഉപയോഗിക്കുമെന്ന് അവർ പറഞ്ഞു. ഇന്ത്യൻ മഹാസമുദ്രത്തിലും പസഫിക് സമുദ്രത്തിലും കാണപ്പെടുന്ന ഇനം മീനാണ് ഘോൾ.
from mathrubhumi.latestnews.rssfeed https://ift.tt/2ngmChP
via
IFTTT
No comments:
Post a Comment