കൊച്ചി: കൊച്ചി മെട്രോയുടെ തൂണിൽ നിന്ന് കോൺക്രീറ്റ് കഷ്ണം അടർന്ന് ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിൽ വീണു. നോർത്ത് സ്റ്റേഷന് സമീപത്തെ 612-ാം നമ്പർ തൂണിൽ നിന്നാണ് കോൺക്രീറ്റ് കഷ്ണം അടർന്നുവീണത്. വീഴ്ചയുടെ ആഘാതത്തിൽ ഓട്ടോയ്ക്ക് കേടുപാടുകളുണ്ടായി. ഡ്രൈവറും മൂന്ന് യാത്രക്കാരും ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റില്ല. അടിമാലി പത്താംമൈൽ സ്വദേശിയായ ജോയിയുടെ ഓട്ടോയ്ക്ക് മുകളിലാണ് തൂണിൽ നിന്നും കഷ്ണം അടർന്നുവീണത്. എസ്.ആർ.എം. റോഡിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് പോകാനായി യു-ടേൺ എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വീഴ്ചയുടെ ശബ്ദം കേട്ട് വാഹനത്തിലുണ്ടായിരുന്ന മൂന്ന് ഇതരസംസ്ഥാനക്കാരും ഇറങ്ങിയോടുകയായിരുന്നു. ഹൈവേയിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ ചെറിയൊരു കഷ്ണം താഴേക്ക് വീഴുന്നതായി കണ്ടെന്നും ഇതേത്തുടർന്ന് വാഹനത്തിന്റെ വേഗത വർധിപ്പിച്ചതാണ് വലിയ അപകടം ഒഴിവാക്കിയതെന്നും ജോയി പറഞ്ഞു. ഓട്ടോയുടെ ചില്ലിലോ മധ്യത്തിലോ ആണ് അത്രയും ഉയരത്തിൽ നിന്നും കോൺക്രീറ്റ് പീസ് പതിച്ചിരുന്നതെങ്കിൽ വലിയ അപകടമുണ്ടാകുമായിരുന്നു. അങ്ങനെയെങ്കിൽ എനിക്കോ യാത്രക്കാർക്കോ വലിയ പരിക്കേറ്റേനെ. ജീവഹാനി തന്നെ സംഭവിക്കാനും സാധ്യതയുണ്ടായിരുന്നു. ഓട്ടോയ്ക്ക് പകരം ബൈക്ക് യാത്രികരുടെ ആരുടെയെങ്കിലും ദേഹത്താണ് വീണിരുന്നതെങ്കിൽ അപകടത്തിന്റെ ആഘാതം പിന്നെയും വർധിച്ചേനെ -ജോയി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. സംഭവത്തിൽ ഡിഎംആർസിയോട് വിശദീകരണം ചോദിച്ചിട്ടുണ്ട് കൊച്ചി മെട്രോ അധികൃതർ അറിയിച്ചു. കൊച്ചി മെട്രോ നിർമിച്ചത് ഡിഎംആർസിയാണ്. എന്തുകൊണ്ടാണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് -ഐംആർഎൽ വിശദീകരണക്കുറിപ്പിൽ പറയുന്നു. എക്സ്പാൻഷൻ ലൈനിൽ നിന്നാണ് കോൺക്രീറ്റ് കഷ്ണം അടർന്നിരിക്കുന്നതെന്ന് കൊച്ചി മെട്രോ പബ്ലിക് റിലേഷൻസ് ഓഫീസർ സി.ആർ.രശ്മി വ്യക്തമാക്കി. സാധാരണ എക്സ്പാൻഷൻ ലൈനുകൾക്കിടയിൽ തെർമോകോളാണ് വെക്കാറ്. എന്നാൽ, എന്തോ പ്രത്യേക കാരണം കൊണ്ട് അവിടെ കോൺക്രീറ്റ് ഉപയോഗിക്കുകയായിരുന്നു. അതെന്താണെന്ന് ഡിഎംആർസിയുടെ വിശദീകരണം ലഭിച്ചാലേ പറയാനാകൂവെന്ന് രശ്മി മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2P9KUXk
via
IFTTT
No comments:
Post a Comment