കൊച്ചി:ലോക നിയമചരിത്രത്തിൽ സ്ഥാനം പിടിച്ച മലയാളിയായ രാജേന്ദ്രമേനോൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി വ്യാഴാഴ്ച ചുമതലയേറ്റു. മധ്യപ്രദേശ് ഹൈക്കോടതി ജസ്റ്റിസായിരിക്കേ ഭോപാൽ വാതക ദുരന്തത്തിന് ഇരയായവർക്ക് 2,000 കോടി രൂപ നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിട്ടത് അദ്ദേഹമാണ്. വാതക ദുരന്ത നഷ്ടപരിഹാരകമ്മിഷന്റെ ചെയർമാനായി അദ്ദേഹം അഞ്ചുവർഷം സേവനം അനുഷ്ഠിച്ചിരുന്നു. ഇത്രയും സംഖ്യ നഷ്ടപരിഹാരമായി ഒരു ഉത്തരവിലൂടെ നൽകിയത് ലോക നിയമചരിത്രത്തിൽ അത്യപൂർവ സംഭവമായിരുന്നു. 2010 മുതൽ അഞ്ച് വർഷം കമ്മിഷൻ ചെയർമാനായിരുന്നു. 'ഓരോ കേസും സൂക്ഷ്മമായി പരിശോധിച്ച് വിധിയെഴുതുക ഭഗീരഥ പ്രയത്നമായിരുന്നു. അതിനായി അഞ്ച് വർഷം പൂർണമായി സമർപ്പിച്ചു. തിരിഞ്ഞുനോക്കുമ്പോൾ തികഞ്ഞ ചാരിതാർഥ്യം. കാരണം നീതിയെ കാരുണ്യത്തോടിണക്കിക്കൊണ്ട് എഴുതിയ വിധികൾ'- അദ്ദേഹം മാതൃഭൂമിയോട് പറഞ്ഞു. മോട്ടോർ വാഹനാപകടക്കേസുകളിലെ നഷ്ടപരിഹാരത്തുക നിർണയിക്കുന്ന രീതിയിലുള്ളതായിരുന്നു വിധി. ഡോക്ടർമാരുടെ തെളിവുകളായിരുന്നു ഏറ്റവും വിലപ്പെട്ടത് - അദ്ദേഹം പറഞ്ഞു. 1984 ഡിസംബർ മൂന്നിന് രാത്രിയായിരുന്നു വാതകദുരന്തം. 3700 പേർ മരിച്ചെന്നാണ് സർക്കാർ കണക്ക്. എന്നാൽ രണ്ടുലക്ഷത്തിലധികം പേർ മരിച്ചുവീണെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. അഞ്ചുലക്ഷം പേർക്ക് ദുരന്തത്തിൽ പരിേക്കറ്റിട്ടുണ്ട്. അമേരിക്കയിലെ യൂണിയൻ കാർബൈഡ് കമ്പനിയുടേതായിരുന്നു കീടനാശിനി ഫാക്ടറി. 10 ലക്ഷം പേർക്ക് ഇതുവരെ കമ്മിഷൻ ചെയർമാന്മാരായി സേവനം അനുഷ്ഠിച്ച ജഡ്ജിമാർ നഷ്ടപരിഹാരത്തുക വിധിച്ചിട്ടുണ്ട്. ഇതിൽ രണ്ടുലക്ഷം പേർക്കെങ്കിലും നഷ്ടപരിഷാരത്തുക നൽകാൻ വിധിച്ചത് രാജേന്ദ്രമേനോനാണ്. പാലക്കാട് സ്വദേശിയായ രാജേന്ദ്ര മേനോൻ ജബൽപ്പുരിൽ ജനിച്ചുവളർന്നു. അഭിഭാഷകനായി അവിടെത്തന്നെ പ്രാക്ടീസ് തുടങ്ങി. 2002-ൽ മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായി. 2017-ൽ ബിഹാർ ചീഫ് ജസ്റ്റിസായി നിയമിതനായി. അന്ന് അദ്ദേഹത്തിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത ബിഹാർ ഗവർണർ രാംനാഥ് കോവിന്ദ് ഇപ്പോൾ രാഷ്ട്രപതിയാണ്. ഡൽഹി ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യത്തെ മലയാളി കൂടിയാണ് അദ്ദേഹം. വ്യാഴാഴ്ച നടന്ന ചടങ്ങിൽ ലെഫ്. ഗവർണർ അനിൽ ബൈജാൽ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി കെജ്രിവാൾ പങ്കെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2vSWei4
via
IFTTT
No comments:
Post a Comment