മഹാത്മാഗാന്ധിയില്‍നിന്ന് കിട്ടിയ ആദര്‍ശമാണ് മാതൃഭൂമിയെ നയിക്കുന്നത്- എം.പി വീരേന്ദ്ര കുമാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 3, 2018

മഹാത്മാഗാന്ധിയില്‍നിന്ന് കിട്ടിയ ആദര്‍ശമാണ് മാതൃഭൂമിയെ നയിക്കുന്നത്- എം.പി വീരേന്ദ്ര കുമാര്‍

മഹാത്മാഗാന്ധിയിൽനിന്ന് കിട്ടിയ ആദർശമാണ് മാതൃഭൂമിയുടെ വളർച്ചയ്ക്ക് കാരണമെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി വീരേന്ദ്ര കുമാർ എം.പി. പത്രത്തെ തകർക്കാൻ നീക്കമോ? എന്ന വിഷയത്തിൽ മാതൃഭൂമി ന്യൂസിന്റെ സൂപ്പർ പ്രൈംടൈം ചർച്ചയ്ക്ക് മുന്നോടിയായി മാതൃഭൂമി എന്ന പ്രസ്ഥാനം ദേശീയ സമരത്തിലും കേരള നവോത്ഥാനത്തിലും വഹിച്ച പങ്കിനെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ മാതൃഭൂമിയുടെ ശതാബ്ദി ആഘോഷിക്കാൻ അഞ്ചു വർഷത്തിൽ കുറഞ്ഞ സമയമേയുള്ളൂ. ദീർഘമായ ഒരു ചരിത്രം ഈ പത്രത്തിനും സ്ഥാപനത്തിനുമുണ്ട്. മഹാത്മാ ഗാന്ധി കേരളത്തിൽ മൂന്നു പ്രാവശ്യം വന്നിരുന്നു. അതിൽ ഒരിക്കൽ വന്നത് മാതൃഭൂമിയുടെ സ്ഥാപകനായ മാധവൻ നായരുടെ ഛായാപടം കോഴിക്കോട് ടൗൺഹാളിൽ അനാച്ഛാദനം ചെയ്യാനായിരുന്നു. ഇന്ത്യൻ പത്രങ്ങളുടെ ചരിത്രത്തിൽത്തന്നെ ഏതെങ്കിലും ഒരു പത്രാധിപരുടെ ചിത്രം മഹാത്മാഗാന്ധി അനാച്ഛാദനം ചെയ്തിട്ടുണ്ടാവില്ല. ആ മഹാത്മാവിൽനിന്നു കിട്ടിയ ആദർശമാണ് ഈ സ്ഥാപനത്തിന്റെ വളർച്ചയ്ക്കു കാരണം. ഞങ്ങളൊക്കെ ഗാന്ധിജി കയറിയ പടവുകളാണെന്ന ഓർമയോടു കൂടിയേ മാതൃഭൂമിയുടെ പടവുകൾ കയറാറുള്ളൂ; ഇറങ്ങുമ്പോഴും അങ്ങനെതന്നെ. ആ പടികൾ കയറുമ്പോൾ നമ്മൾ കയറുന്നത് ചരിത്രത്തിന്റെ പടികളാണ്. എന്തും ചെയ്യാം, തോന്നിയതൊക്കെ പ്രവർത്തിക്കാം എന്ന തോന്നലൊന്നും മനസ്സിലുണ്ടാകാറില്ല. ഗാന്ധിജിയെ ഗോഡ്സേ വെടിവെച്ചുകൊന്ന സമയത്ത് അവിടെനിന്ന് ശേഖരിച്ച അദ്ദേഹത്തിന്റെ ചോര കലർന്ന മണൽ മാതൃഭൂമിയിലുണ്ട്. കേരളത്തിലെ ഏതു സ്ഥാപനത്തിന് അങ്ങനെയൊന്ന് അവകാശപ്പെടാൻ സാധിക്കും? മാതൃഭൂമിയുടെ സാരഥികളൊക്കെ വെറും പത്രപ്രവർത്തനം മാത്രം നടത്തിയവരല്ല. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ മാത്രം ഭാഗമായിരുന്നവരുമല്ല. അവർ സമൂഹത്തിന്റെ നവോത്ഥാനത്തിന്റെ ഭാഗംകൂടിയായിരുന്നു. ഒരുകാലത്ത് മാതൃഭൂമിയുടെ തലപ്പത്തിരുന്നവരൊക്കെ ജയിലിൽ പോയവരായിരുന്നു. മുഖപ്രസംഗം എഴുതുമ്പോഴാണ് ദാമോദര മേനോനെ അറസ്റ്റ് ചെയ്തത്. ഐക്യകേരളം എന്ന മുദ്രാവാക്യം ആദ്യം മുഴക്കിയത് മാതൃഭൂമിയാണ്. പ്ലാച്ചിമടയിലെ ജല പ്രശ്നം ലോകത്തെ അറിയിച്ചത് ഈ പ്രസ്ഥാനമാണ്. മദിരാശിയിൽ വലിയ വെള്ളപ്പൊക്കമുണ്ടായപ്പോൾ ഇവിടെ മാതൃഭൂമി ചെയ്ത ദൗത്യം ആരും മറക്കില്ല. ഇപ്പോൾ കുട്ടനാട്ടിലും മാതൃഭൂമിയുണ്ട്, അത് ആരും പറയേണ്ട കാര്യമില്ല. അത് പേരിനും പ്രശസ്തിക്കും വേണ്ടിയുള്ളതും അല്ല. ഇപ്പോൾ ചിലരൊക്കെ മാതൃഭൂമിയെ ബഹിഷ്കരിക്കണം എന്നു പറയുന്നുണ്ട്, ആയ്ക്കോട്ടെ. മാതൃഭൂമി ബഹിഷ്കരിക്കണം എന്നു പറയുന്നവർ മറ്റൊരു പത്രം വാങ്ങണം എന്നെന്തിനാണ് പറയുന്നത്? കുറച്ച് ആളുകൾ വന്ന് ഭീഷണിപ്പെടുത്തി, പത്രം കത്തിച്ച്, സ്ഥാപം പൂട്ടണമെന്ന് ശബ്ദമുണ്ടാക്കിയതുകൊണ്ട് ഈ സ്ഥാപനം പൂട്ടില്ല. ഗോഡ്സേ മഹാത്മാഗാന്ധിയെ കൊന്നത് അദ്ദേഹത്തെ ഇല്ലാതാക്കാനായിരുന്നു. എന്നാൽ ഇന്നും ഇന്ത്യ മഹാത്മജിയെ മറന്നിട്ടില്ല. പലതും മാതൃഭൂമിയെപ്പറ്റി പറയാം. പക്ഷെ മാതൃഭൂമിയെ കേരള ചരിത്രം മറക്കില്ല. സമൂഹത്തെക്കുറിച്ച് ചിന്തിക്കുന്നവർ മറക്കില്ല. നവോത്ഥാനത്തെക്കുറിച്ച് ഓർക്കുന്ന ആളുകൾ മറക്കില്ല. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന് അർഥമുണ്ട് എന്ന് വിശ്വസിക്കുന്നവർ മറക്കില്ല. അവരുടെയൊക്കെ സ്വത്താണ് മാതൃഭൂമി.


from mathrubhumi.latestnews.rssfeed https://ift.tt/2LW7swg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages