ന്യൂഡൽഹി: ഇന്ത്യൻ കറൻസി അച്ചടിക്കുന്നതിന് ചൈനീസ് കമ്പനിക്ക് കരാർ നൽകിയതായുള്ള വാർത്ത നിഷേധിച്ച് കേന്ദ്രസർക്കാർ. ഈ വാർത്ത പൂർണമായും അടിസ്ഥാന രഹിതമാണെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുൾപ്പെടെയുള്ള നിരവധി ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കറൻസി അച്ചടിക്കുന്നതിനുള്ള കരാർ ചൈനയുടെ ബാങ്ക്നോട്ട് പ്രിന്റിങ് ആൻഡ് മൈനിങ് കോർപറേഷന് ലഭിച്ചതായി ചൈനീസ് മാധ്യമത്തെ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിക്കാൻ ചൈനയിലെ പ്രിന്റിങ് കോർപറേഷന് കരാർ നൽകിയതായുള്ള വാർത്ത അടിസ്ഥാനരഹിതമാണ്. ഇന്ത്യയുടെ കറൻസി നോട്ടുകൾ അച്ചടിക്കുന്നത് റിസർവ് ബാങ്കിന്റെയും സർക്കാരിന്റെയും അച്ചടിശാലകളിലാണ്. ഇനി തുടർന്നും അങ്ങനെയായിരിക്കും അച്ചടിക്കുന്നത്-ധനവകുപ്പ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് വാർത്താ ഏജൻസിയോട് പറഞ്ഞു. ഈയടുത്ത കാലം വരെ ചൈന വിദേശരാജ്യങ്ങളുടെ നോട്ടുകൾ അച്ചടിച്ചിരുന്നില്ല. എന്നാൽ 2013ഓടെ ദക്ഷിണേഷ്യ, മധ്യേഷ്യ, ഗൾഫ് മേഖല, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളുമായി കരമാർഗവും കടൽമാർഗവും ബന്ധം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ചൈന ബെൽറ്റ് ആൻഡ് റോഡ് പദ്ധതി ആവിഷ്കരിച്ചിരുന്നു. അതിനു ശേഷമാണ് നോട്ടുകൾ അച്ചടിക്കാനുള്ള കരാറുകൾ ലഭിച്ചതെന്ന് ചൈനാ ബാങ്ക് നോട്ട് പ്രിന്റ്ങ് ആൻഡ് മൈനിങ് കോർപറേഷൻ പ്രസിഡന്റ് ലിയു ഗുയ്ഷെങ്ങിനെ ഉദ്ധരിച്ച് വാർത്ത പുറത്തുവന്നിരുന്നു. ഇന്ത്യ, തായ്ലൻഡ്, ബംഗ്ലാദേശ്, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളുടെയും ബ്രസീൽ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളുടെയും നോട്ടുകൾ അച്ചടിക്കാൻ ചൈനയ്ക്ക് കരാർ ലഭിച്ചതായുംറിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. വാർത്ത പുറത്തെത്തിയതോടെ വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ രംഗത്തെത്തിയിരുന്നു. വാർത്ത സത്യമാണെങ്കിൽ ഇത് ദേശസുരക്ഷയ്ക്ക് ഭീഷണിയാണെന്നും പാകിസ്താന് കള്ളനോട്ട് അടിക്കുന്നത് ഇത് എളുപ്പമാക്കുമെന്നും തരൂർ പറഞ്ഞു. ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യൻ കറൻസി ചൈനയിൽ അച്ചടിക്കുന്നതായുള്ള വാർത്ത സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് കേന്ദ്രത്തോട് ആം ആദ്മി പാർട്ടിയും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക പരമാധികാരത്തിനും കടുത്ത ഭീഷണിയാണിതെന്നും എഎപി വക്താവ് രാഘവ് ഛദ്ദ ആരോപിച്ചിരുന്നു. Content Highlights:India's plan to print currency in China, Central government, china
from mathrubhumi.latestnews.rssfeed https://ift.tt/2KRfAt6
via
IFTTT
No comments:
Post a Comment