തിരുവനന്തപുരം: ഗവേഷണരംഗത്തെ കോപ്പിയടിക്ക് ശിക്ഷ കർശനമാക്കി യു.ജി.സി. നിർദേശങ്ങൾ പുറപ്പെടുവിച്ചു. 60 ശതമാനത്തിലധികമാണ് കോപ്പിയടിയെങ്കിൽ വിദ്യാർഥിയുടെ രജിസ്ട്രേഷൻ തന്നെ റദ്ദാക്കും. 40 മുതൽ 60 ശതമാനം വരെയാണ് കോപ്പിയടിയെങ്കിൽ ഒരു വർഷത്തേക്ക് വിലക്കും. തുടർന്ന് പുതിയ പ്രബന്ധം നൽകണം. 10 മുതൽ 40 ശതമാനംവരെ പകർത്തിയെഴുതിയതെങ്കിൽ ആറുമാസത്തിനകം പുതിയ പ്രബന്ധം സമർപ്പിക്കണം. പിഎച്ച്.ഡി., എം.ഫിൽ. തുടങ്ങിയ ഗവേഷണ പ്രബന്ധങ്ങളിലും ഗവേഷണ റിപ്പോർട്ടുകളിലും കോപ്പിയടി വ്യാപകമെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. ബിരുദംനേടിയ ശേഷമാണ് കോപ്പിയടി പിടിക്കപ്പെടുന്നതെങ്കിലും നടപടിയുണ്ടാകും. കോപ്പിയടി ആവർത്തിച്ചാൽ സർവീസിൽനിന്ന് പിരിച്ചുവിടാനും വ്യവസ്ഥയുണ്ട്. ഗവേഷണരംഗത്തെ കോപ്പിയടി കൈകാര്യംചെയ്യാൻ വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും സർവകലാശാലയുടെയും തലത്തിൽ രണ്ടുസംവിധാനങ്ങൾ ഉണ്ടാകണം. പരാതി ആദ്യം നൽകേണ്ടത് ഡിപ്പാർട്ട്മെന്റൽ അക്കാദമിക് ഇന്റഗ്രിറ്റി പാനലിനാണ്. പരാതി പരിശോധിച്ച് 45 ദിവസത്തിനകം റിപ്പോർട്ട് സഹിതം ഇത് ഇൻസ്റ്റിറ്റ്യൂഷണൽ അക്കാദമിക് ഇന്റഗ്രിറ്റി പാനലിന് നൽകണം. ഈ സമിതിയും 45 ദിവസത്തിനകം സ്ഥാപനമേധാവിക്ക് റിപ്പോർട്ട് നൽകണം. വകുപ്പ് തലവനും വകുപ്പിന് പുറമേനിന്നുള്ള മുതിർന്ന അക്കാദമിക് വിദഗ്ധനും കോപ്പിയടി കണ്ടെത്തുന്നതിനുള്ള സാങ്കേതികവിദ്യയെക്കുറിച്ച് അറിയാവുന്ന മറ്റൊരാളും ഉൾപ്പെട്ടതാകണം വകുപ്പുതല സമിതി. കോപ്പിയടിച്ചാൽ നടപടിയിങ്ങനെ 60 ശതമാനം പ്രബന്ധം പിൻവലിക്കും. ജോലിയുള്ളവരാണെങ്കിൽ രണ്ട് ഇൻക്രിമെന്റ് തടയും. മൂന്നുവർഷത്തേക്ക് ഗവേഷണത്തിന് മേൽനോട്ടം വഹിക്കാനും വിലക്ക്. 40 ശതമാനം പ്രബന്ധം പിൻവലിക്കും. ഒരു ഇൻക്രിമെന്റ് തടയും. രണ്ടുവർഷം ഗവേഷണ മേഖലയിൽ മേൽനോട്ടച്ചുമതല വഹിക്കുന്നതിനും വിലക്ക് 40 ശതമാനത്തിൽ താഴെ പ്രബന്ധം പിൻവലിക്കും. സോഫ്റ്റ്വേർ സ്ഥാപിക്കണം എല്ലാ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലും ഗവേഷണപ്രബന്ധങ്ങൾ, തീസിസ്, പ്രസിദ്ധീകരണങ്ങൾ എന്നിവയിൽ കോപ്പിയടിയില്ലെന്ന് ഉറപ്പാക്കാൻ കഴിയുന്ന സോഫ്റ്റ്വേർ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. പ്രബന്ധം സമർപ്പിക്കുന്നവർ ഇത് തന്റെ മൗലിക രചനയും കണ്ടെത്തലുമാണെന്ന സത്യവാങ്മൂലം നൽകണം. ഗവേഷണത്തിന് മേൽനോട്ടം വഹിക്കുന്നയാളും ഗവേഷകൻ നൽകിയ പ്രബന്ധത്തിൽ കോപ്പിയടിയില്ലെന്നും അദ്ദേഹത്തിന്റെ കണ്ടെത്തലും മറ്റുമാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും സാക്ഷ്യപ്പെടുത്തണം. സർവകലാശാലകൾ പി.ജി., ഗവേഷണബിരുദങ്ങൾ നൽകിയ ശേഷം ഒരു മാസത്തിനകം ബന്ധപ്പെട്ട ഗവേഷണപ്പേപ്പറുകൾ യു.ജി.സി.യുടെ ഇൻഫ്ളിബ്നെറ്റ് എന്ന സൈറ്റിലേക്ക് നൽകണം. ഇത് ഗവേഷണപ്പേപ്പറുകളുടെ ശേഖരണ സംവിധാനമായ ശോധ് ഗംഗ എന്ന വിവരശേഖരണ സംവിധാനത്തിൽ ഉൾപ്പെടുത്തും.
from mathrubhumi.latestnews.rssfeed https://ift.tt/2MgbGvq
via
IFTTT
No comments:
Post a Comment