ആലുവ: രാത്രി മുഴുവന്‍ പ്രളയബാധിത പ്രദേശങ്ങളില്‍ പോലീസിനൊപ്പം നൈറ്റ് ഡ്യൂട്ടി. പകല്‍ ദുരിതബാധിതരുടെ വീടുകളില്‍ ചെളി നീക്കി വൃത്തിയാക്കല്‍. ദുരന്ത ബാധിതര്‍ക്ക് സമാധാനമായി ഉറങ്ങാനാകും വരെ തനിക്കും ഉറക്കം വേണ്ടെന്ന നിലപാടിലാണ് സബ് ഇന്‍സ്‌പെക്ടര്‍ എസ് ജി ബിജുമോന്‍. ഏതാനും ദിവസമായി നൈറ്റ് ഡ്യൂട്ടിയില്‍ ആയിരിക്കുന്ന ബിജുമോന്‍ ആലുവയിലെ തോട്ടയ്ക്കാട്ടുകരയില്‍ പ്രളയത്തെ തുടര്‍ന്ന് ചെളിയടിഞ്ഞ വീടുകള്‍ വൃത്തിയാക്കുന്ന തിരക്കിലാണ്.
പ്രളയം വിതച്ച കെടുതിയില്‍ വീടുകള്‍ മാലിന്യം കയറി നാശമായ സ്ഥിതിയിലാണ്. പലര്‍ക്കും വീട് വാസയോഗ്യമാക്കാന്‍ ദിവസങ്ങളോളം പണിയെടുക്കേണ്ടി വരുമെന്ന ഘട്ടത്തിലാണ് സാക്ഷാല്‍ എസ്‌ഐ തന്നെ ഔദ്യോഗിക കര്‍ത്തവ്യത്തിന് പുറമേ ജനസേവനം കൂടി ഏറ്റെടുത്തിരിക്കുന്നത്. നാലഞ്ചു ദിവസമായി പകല്‍ സേവനവും ഹൈക്കോര്‍ട്ട് ജസ്റ്റീസ് കെ ഹരിലാലിന്റെ പിഎസ്ഒ ആയുള്ള നൈറ്റ് ഡ്യൂട്ടിയുമായി വീട്ടില്‍ പോകാതെ കഴിയുകയാണ് ബിജുമോന്‍ ഇപ്പോള്‍.
വെള്ളം കയറിയിറങ്ങിപ്പോയപ്പോള്‍ ആലുവയിലെ വീടുകള്‍ മുഴുവനും ചെളി നിറഞ്ഞു കഴിഞ്ഞ സ്ഥിതിയാണ്. വൃത്തിയാക്കണമെങ്കില്‍ ദിവസങ്ങളോളം വേണ്ടി വരും. മുട്ടോളം താഴുന്ന ചെളി നീക്കാന്‍ ഒരാളെക്കൊണ്ടു പറ്റുകയില്ല. മാത്രമല്ല ആവശ്യമായ വെള്ളം പമ്പു ചെയ്യാന്‍ ജനറേറ്ററോ ക്‌ളീനിംഗ് ഉപകരണങ്ങളോ ഇല്ല. പണിക്കായി ആളെയും കിട്ടാത്ത അവസ്ഥയാണ്. ഈ സമയത്താണ് വെറുതേ പോകുന്ന പകല്‍ സമയം ജനനന്മയ്ക്ക് വേണ്ടി കൂടി ചെലവാക്കാന്‍ ബിജു തീരുമാനിച്ചത്. വീടുകളിലേക്ക് ഇറങ്ങിച്ചെന്ന ബിജു കൂട്ടിനായി കോട്ടയം പെരുവയിലെ വീട്ടില്‍ നിന്നും ഭാര്യ മിനിയേയും വിളിച്ചു വരുത്തി.
ഏറ്റുമാനൂര്‍ എസ്എഫ്എസ് സ്‌കൂളില്‍ അദ്ധ്യാപികയായ മിനി അവധിക്കാലമായതിനാല്‍ കൂട്ടുകാരിയും സ്‌കൂളിലെ ലൈബ്രേറിയനുമായ റെജിയേയും കൂട്ടി. തൂമ്പയെടുത്ത് കൈലിമുണ്ടും തലയില്‍ കെട്ടുമൊക്കെയായി ചെളി വെട്ടിമാറ്റുന്ന ജോലിയിലാണ് ബിജുമോന്‍. സന്ധ്യയാകും വരെ ഈ ജനസേവനം നടത്തിയ ശേഷമാണ് വൈകിട്ട് നൈറ്റ് ഡ്യൂട്ടിക്ക് കയറുന്നത്. ഇതും ഉത്തരവാദിത്വത്തില്‍ പെടുന്ന കാര്യമാണെന്നാണ് ബിജുവിന്റെ നിലപാട്.
from mangalam.com https://ift.tt/2wkNXmW
via IFTTT
No comments:
Post a Comment