ലിബീഷ് തൊടുപുഴ: വണ്ണപ്പുറത്ത് കൊല്ലപ്പെട്ടവരിൽ അമ്മയെയും മകളെയും മാനഭംഗപ്പെടുത്തിയതായി, അറസ്റ്റിലായ പ്രതി ലിബീഷിന്റെ മൊഴി. ഇതേത്തുടർന്ന്, പ്രതികളുടെപേരിൽ കൊലപാതകത്തിനുപുറമേ മാനഭംഗത്തിനും കേസെടുത്തു. തിങ്കളാഴ്ച അറസ്റ്റുചെയ്ത പ്രതി ലിബീഷിനെ അഞ്ചുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ചൊവ്വാഴ്ച ഉച്ചയോടെ തൊടുപുഴ മുട്ടം ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ പോലീസിന്റെ ആവശ്യപ്രകാരമാണ് കൂടുതൽ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വിട്ടത്. കമ്പകക്കാനത്തെ വീട്ടിലെത്തിച്ചും തെളിവെടുത്തു. കമ്പകക്കാനം കാനാട്ട് കൃഷ്ണൻ, ഭാര്യ സുശീല, മക്കളായ ആർഷ, അർജുൻ എന്നിവരാണ് ജൂലായ് 29-ന് അർധരാത്രിയിൽ കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേങ്ങൾ ഓഗസ്റ്റ് ഒന്നിനാണ് വീടിനുപിന്നിൽ ഒരുകുഴിയിൽ മണ്ണിട്ടുമൂടിയ നിലയിൽ കണ്ടെത്തിയത്. വിശദീകരണം വിശ്വസിക്കാതെ ബന്ധുക്കൾ പോലീസ് പറയുന്നത് അവിശ്വസനീയമായ കാര്യങ്ങളെന്ന് കൊല്ലപ്പെട്ട സുശീലയുടെ ബന്ധുക്കൾ. അറസ്റ്റിലായ ലിബീഷും ഒളിവിൽക്കഴിയുന്ന അനീഷും മാത്രമാണു പ്രതികളെന്ന രീതിയിലാണ് കേസ് പോകുന്നത്. ഇതു മറ്റാരെയോ രക്ഷിക്കാൻവേണ്ടിയാണോയെന്നു സംശയിക്കുന്നു. കളരിയും അഭ്യാസമുറകളും വശമാക്കിയിട്ടുള്ള കൃഷ്ണന് നൂറ്റിയിരുപതു കിലോയോളം തൂക്കമുണ്ട്. ഒന്നോ രണ്ടോ ആളുകൾ കൂടി അടിച്ചാലൊന്നും വീഴില്ല. നൂറുകിലോ തൂക്കമുള്ള ഭാര്യ സുശീലയ്ക്കും അസുഖങ്ങളൊന്നുമില്ല. കൃഷ്ണന്റെ ശരീരം പൊക്കിയെടുത്ത് ഒന്നരയാൾ ഉയരത്തിലുള്ള വീടിനകത്തെത്തിക്കാൻ പറ്റുമോയെന്നതു സംശയമാണ്. മരിച്ച് മണിക്കൂറുകൾക്കുള്ളിൽത്തന്നെ ശരീരം മരവിച്ചുതുടങ്ങും. ഇവ ഒരാൾക്കുപോലും നീണ്ടുനിവർന്നു കിടക്കാനാവാത്ത കുഴിയിൽ കൈയും കാലും മടക്കിയശേഷം രണ്ടാംദിവസം അടുക്കിവെച്ചു മണ്ണിട്ടെന്നാണു പറയുന്നത്. ഇതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ലെന്നും കൊല്ലപ്പെട്ട സുശീലയുടെ ബന്ധുക്കൾ പറയുന്നു. രണ്ടുപേരിൽക്കൂടുതൽ കൃത്യത്തിൽ പങ്കെടുത്തതായാണു സംശയമെന്ന് കൃഷ്ണന്റെ ബന്ധുക്കളും പറഞ്ഞു. ആരോപണം നിഷേധിച്ച് പോലീസ് പിടികൂടിയ ലിബീഷും ഒളിവിൽപ്പോയ അനീഷും തന്നെയാണ് കൊലനടത്തിയതെന്ന് പോലീസ് പറഞ്ഞു. കൃഷ്ണന്റെ വീട്ടിൽനിന്നു നഷ്ടപ്പെട്ട സ്വർണം ലിബീഷിന്റെ വീട്ടിൽനിന്നു കണ്ടെടുത്തു. ശവശരീരം ഏതാനും മണിക്കൂറുകൾ മാത്രമാണ് മരവിച്ച അവസ്ഥയിൽ തുടരുക. ബന്ധുക്കൾക്കുണ്ടായിരിക്കുന്നത് സ്വാഭാവികസംശയംമാത്രമാണെന്നും ഉന്നത പോലീസ് കേന്ദ്രങ്ങൾ കൂട്ടിച്ചേർത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2voLmc8
via
IFTTT
No comments:
Post a Comment