തൊടുപുഴ: കേരളത്തിന്റെ കണ്ണീരായി നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം ആഞ്ഞടിച്ചപ്പോള്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും പുറമേ തകര്‍ന്നത് കേരള ജനതയുടെ മനസ്സു കൂടിയാണ്. എല്ലാം നഷ്ടപ്പെട്ട ഒരു ജനതയ്ക്ക് ഇനി ഒന്നില്‍ നിന്ന് ജീവിതം ആരംഭിക്കണം. എങ്കിലും ജാതിയുടെയും മതത്തിന്റെയും വന്‍ കോട്ടകളും ഈ പ്രളയത്തിനു മുന്നില്‍ തകരുന്ന നന്മ നിറഞ്ഞ കാഴ്ചകളും ഇതിനിടെ കാണാനായി. അന്യ മതസ്ഥര്‍ക്കും ജാതിക്കാര്‍ക്കും പ്രവേശനം നിഷേധിക്കപ്പെട്ടയിടങ്ങളില്‍ ആയിരക്കണക്കിനു പേര്‍ ജാതി-മത വ്യത്യാസങ്ങളില്ലാതെ കഴിയുന്നു. ഇതിനെല്ലാം പുറമേ ഹിന്ദു സഹോദരന് പള്ളി സെമിത്തേരിയില്‍ അന്ത്യവിശ്രമം ഒരുക്കിയ കാഴ്ച.
ദുരിതാശ്വാസ ക്യാംപില്‍ മരിച്ച ചിത്തിരപുരം രണ്ടാം മൈലില്‍ വട്ടത്തേരില്‍ സുബ്രഹ്മണ്യന്റെ (65) മൃതദേഹമാണ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചത്. വിജയപുരം രൂപതയുടെ കീഴിലുള്ള പള്ളിവാസല്‍ സെന്റ് ആന്‍സ് ദേവാലയത്തിലായിരുന്നു സംസ്‌കാരം.
മൃതദേഹം സംസ്‌കരിക്കാന്‍ ആറടി മണ്ണു തേടി അലഞ്ഞവര്‍ക്ക്, രൂപത വികാരി ജനറല്‍ ഫാ.ഡോ. ജസ്റ്റിന്‍ മഠത്തിപ്പറമ്പില്‍ അനുമതി നല്‍കിയതോടെയാണു സംസ്‌കാരം നടന്നത്. മഴക്കെടുതിയെ തുടര്‍ന്നു വീടുകളില്‍ നിന്നു മാറ്റിപ്പാര്‍പ്പിച്ചവരെ ചിത്തിരപുരം ഗവ. എച്ച്എസ്എസിലാണു പാര്‍പ്പിച്ചിരിക്കുന്നത്.
ശനിയാഴ്ച രാവിലെ പത്തോടെ, സെന്റ് ആന്‍സ് ദേവാലയത്തിലെ വികാരി ഫാ. ഷിന്റോ വെള്ളീപ്പറമ്പില്‍ ക്യാംപ് സന്ദര്‍ശിച്ചപ്പോഴാണു സുബ്രഹ്മണ്യന്‍ മരിച്ച വിവരം അറിയാനിടയായത്. വെള്ളപ്പൊക്കമായതിനാല്‍ സംസ്‌കരിക്കാന്‍ സ്ഥലമില്ലെന്നു സുബ്രഹ്മണ്യന്റെ മകന്‍ സുരേഷും മരുമകന്‍ മണിയും വൈദികനോടു പറഞ്ഞു.
ഈ വിവരം ഫാ. ഷിന്റോ, വിജയപുരം രൂപത വികാരി ജനറലിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും, സുബ്രഹ്മണ്യന്റെ മൃതദേഹം സംസ്‌കരിക്കാന്‍ അനുമതി നല്‍കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. വികാരി ജനറല്‍ അനുമതിയും നല്‍കിയതോടെ, ഫാ. ഷിന്റോ ഈ വിവരം ബന്ധുക്കളെ അറിയിച്ചു. ശനിയാഴ്ച വൈകിട്ട് മൂന്നേ മുക്കാലോടെ സുബ്രഹ്മണ്യന്റെ മൃതദേഹം പള്ളി മുറ്റത്തെത്തിച്ചു. തുടര്‍ന്ന് സംസ്‌കാരം നടത്തുകയായിരുന്നു.
from mangalam.com https://ift.tt/2Pl1Udi
via IFTTT
No comments:
Post a Comment