ആലുവ: ചെറുതോണി, ഭൂതത്താൻകെട്ട്, ഇടമലയാർ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നതോടെ എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ആലുവയിലും പരിസരത്തും ജലനിരപ്പുയരുകയാണ്. ആലുവയിലെ ഏലൂർ, കുറ്റിക്കാട്ടുകര എന്നിവിടങ്ങളിൽ റോഡിലും വീടുകളിലും വെള്ളം കയറി. ഇവിടങ്ങളിൽ നിന്നും ആൾക്കാരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെങ്കിലും വീട്ടുപകരണങ്ങളും മറ്റും വെള്ളം കയറി നശിച്ചു.ആലുവയിൽ ആയിരത്തിലധികം വീടുകളിലാണ് വെള്ളം കയറിയത്. ഏലൂർ, കുറ്റിക്കാട്ടുകര പ്രദേശങ്ങളിൽ നിന്നെല്ലാം ജനങ്ങളെ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്. ശിവരാത്രി മണപ്പുറം പൂർണമായും വെള്ളത്തിനടിയിലായതോടെ ബലിതർപ്പണത്തെ ബാധിക്കാൻ സാധ്യത. മണപ്പുറത്ത് നടത്തിവരാറുള്ള ബലിതർപ്പണം ഉയർന്ന പ്രദേശത്തേക്ക് മാറ്റേണ്ടി വന്നേക്കും. ശനിയാഴ്ച പുലർച്ചെ നാലുമണി മുതൽ ഉച്ചവരെയാണ് വാവുബലി തർപ്പണം. ശിവരാത്രി കഴിഞ്ഞാൽ കൂടുതൽ പേർ ബലിതർപ്പണത്തിനായി എത്തുന്നത് കർക്കടക വാവിലാണ്. പതിനായിരക്കണക്കിനു പേരാണ് പെരിയാറിനു തീരത്തുള്ള മണപ്പുറത്ത് ബലിതർപ്പണം നടത്തി മടങ്ങുന്നത്. പുഴയോരത്ത് 121 ബലിത്തറകൾ ഒരുക്കാൻ ഇത്തവണ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. എന്നാൽ ഇടമലയാറിനു പിന്നാലെ ഇടുക്കി അണക്കെട്ടും തുറന്നുവിട്ടതോടെ മണപ്പുറത്തെ ജലനിരപ്പ് ശനിയാഴ്ചയോടെ താഴാൻ ഇടയില്ലെന്നാണ് കരുതുന്നത്. ഇതോടെ ഉയർന്ന പ്രദേശത്തു വച്ച് ബലിതർപ്പണം നടത്തേണ്ടി വരും. 2013-ൽ ഇടമലയാർ അണക്കെട്ട് തുറന്നപ്പോൾ സമാന സാഹചര്യമാണ് ഉണ്ടായിരുന്നത്. അന്ന് മണപ്പുറം റോഡിൽ വച്ചാണ് ബലിതർപ്പണം നടത്തിയത്. ഇന്നലെ 12.30 യോടെയാണ് ഇടുക്കി ഡാമിലെ ആദ്യ ഷട്ടർ തുറന്നത്. ആദ്യത്തെ ഷട്ടർ തുറന്ന് മണിക്കൂറുകൾ പിന്നിട്ടപ്പോൾ തന്നെ പെരിയാറിന്റെ തീരത്തുള്ള താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായിരുന്നു. ഇന്ന് രാവിലെ രണ്ടു ഷട്ടറുകൾ കൂടി തുറന്നതോടെ ഡാമിന് തൊട്ടടുത്ത പ്രദേശമായ ചെറുതോണിയിൽ വെള്ളത്തിലായി. നേരത്തേ തന്നെ സുരക്ഷാ നടപടികൾ എടുത്തിരുന്നതിനാൽ ആൾക്കാരെ വീടുകളിൽ നിന്നും ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2vX5uBL
via
IFTTT
No comments:
Post a Comment