ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ വാദങ്ങളെ തള്ളി സുപ്രീം കോടതിയിൽ തമിഴ്നാടിന്റെ എതിർ സത്യവാങ്മൂലം. ഇടുക്കി, ഇടമലയാർ അണക്കെട്ടുകളിലെ ജലത്തിന്റെ അളവിനോട് താരതമ്യം ചെയ്യുമ്പോൾ മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് തുറന്നുവിട്ട ജലത്തിന്റെ അളവ് വളരെ കുറവാണെന്നും പ്രളയത്തിനിടയാക്കിയത് കേരളത്തിലെ തന്നെ ഡാമുകളിലെ ജലമാണെന്നും തമിഴ്നാടിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. കേരളത്തിൽ പെയ്തത് അപ്രതീക്ഷിതമായ മഴയാണ്. കേരളത്തിലെ ഡാമുകളിൽ വലിയ അളവിൽ വെള്ളം ശേഖരിക്കപ്പെട്ടു. ഇടുക്കി, ഇടമലയാർ ഡാമുകളിൽനിന്നടക്കം തുറന്നുവിട്ട വെള്ളമാണ് കേരളത്തിൽ വെള്ളപ്പൊക്കത്തിനിടയാക്കിയത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ മുല്ലപ്പെരിയാറിൽനിന്ന് ഇടുക്കി ഡാമിലേക്കെത്തിയ വെള്ളം വളരെ കുറവാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ജലനിരപ്പ് 152 അടിയാക്കി നിലനിർത്തുന്നതിന് അണക്കെട്ട് ബലപ്പെടുത്തുന്നതിനായി തമിഴ്നാട് നടത്തിവന്ന ജോലികൾ കേരളം തടസ്സപ്പെടുത്തിയതായും തമിഴ്നാട് സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. രണ്ടു സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്നമായിട്ടല്ല, മനുഷ്യ ജീവിതവും പ്രകൃതി ദുരന്തവും തമ്മിലുള്ള പ്രശ്നമായിട്ടാണ് ഈ വിഷയത്തെ കാണുന്നതെന്ന് കോടതി വ്യക്തമാക്കി. തുടർ വാദം കേൾക്കുന്നതന് സെപ്റ്റംബർ ആറിലേക്ക് കേസ് മാറ്റി. മുല്ലപ്പെരിയാർ അണക്കെട്ടിലെ 13 ഷട്ടറുകളും അടിയന്തരമായി ഒരുമിച്ചു തുറക്കേണ്ടി വന്നതാണ് കേരളത്തിലുണ്ടായ മഹാപ്രളയത്തിന് പ്രധാന കാരണമെന്ന് കേരളം സുപ്രീംകോടതിയിൽ കഴിഞ്ഞ ദിവസം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. ജലനിരപ്പ് 142ൽ എത്തുന്നതിന് മുൻപ് തന്നെ വെള്ളം തുറന്നു വിടണമെന്ന ആവശ്യം തമിഴ്നാട് അംഗീകരിച്ചില്ലെന്നും കേരളം പറഞ്ഞിരുന്നു. സംസ്ഥാന സർക്കാരും സുപ്രീം കോടതി നിയമിച്ച സമിതിയും ആവശ്യപ്പെട്ടിട്ടും തമിഴ്നാട് അനുകൂലമായി പ്രതികരിച്ചില്ല. ഇത് കാരണമാണ് അടിയന്തരമായി ഷട്ടറുകൾ തുറക്കേണ്ടി വന്നത്. ഭാവിയിൽ ഇതാവർത്തിക്കപ്പെടാതിരിക്കാൻ പ്രത്യേക കമ്മിറ്റികൾക്ക് രൂപം നൽകണമെന്നും കേരളം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. Content Highlights:Mullaperiyar, Kerala Floods, Tamil Nadu Counter Affidavit, Supreme court
from mathrubhumi.latestnews.rssfeed https://ift.tt/2P9iTyF
via
IFTTT
No comments:
Post a Comment