കൊച്ചി:ദിലീപിനെ സസ്പെൻഡ് ചെയ്യുന്നതിനെക്കുറിച്ച് തീരുമാനിക്കാൻ നടീനടന്മാരുടെ സംഘടനയായ 'അമ്മ' പ്രത്യേക ജനറൽബോഡി വിളിച്ച് രഹസ്യവോട്ടെടുപ്പ് നടത്തും. വനിതാ അംഗങ്ങളുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാനം. ചൊവ്വാഴ്ച രേവതി, പത്മപ്രിയ, പാർവതി തിരുവോത്ത് എന്നിവരുമായി 'അമ്മ' നേതൃത്വം ചർച്ച നടത്തിയിരുന്നു. ദിലീപിനെ സസ്പെൻഡ് ചെയ്യണമെന്ന് ഇവർ ആവശ്യപ്പെട്ടു. പുറത്താക്കിയെന്ന് പറയുന്നുണ്ടെങ്കിലും ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഇതിനുള്ള തീരുമാനം മരവിപ്പിച്ചുവെന്ന് കഴിഞ്ഞ വാർഷിക ജനറൽബോഡിയുടെ റിപ്പോർട്ടിലും പറയുന്നു. ദിലീപ് കുറ്റാരോപിതൻ മാത്രമാണെന്നായിരുന്നു മുകേഷിന്റെ വാദം. ഇതിനെ പത്മപ്രിയ അതിശക്തമായി എതിർത്തു. ദിലീപ് പ്രതിയാണെന്ന് അവർ തറപ്പിച്ചുപറഞ്ഞു. കേസിൽ ജയിലിൽ കിടന്നയാളുമാണ്. നിയമവിദഗ്ധരുമായി നടത്തിയ ചർച്ചകളുടെ വിശദാംശങ്ങളും ഇക്കാര്യത്തിലെ നിയമവശങ്ങളും പത്മപ്രിയ ഒന്നിനുപിറകേ ഒന്നായി അവതരിപ്പിച്ചു. തുടർന്നാണ് വോട്ടെടുപ്പ് എന്ന നിർദേശമുയർന്നത്. അടുത്ത ജനറൽബോഡിയിൽ പരസ്യവോട്ടെടുപ്പ് ആകാമെന്ന് പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു. പക്ഷേ, ജോയ് മാത്യു ഇതിനെ എതിർത്തു. പരസ്യവോട്ടെടുപ്പ് സത്യസന്ധമാകില്ലെന്നും പലതരത്തിലുള്ള ഭീഷണികൾക്ക് സാധ്യതയുണ്ടെന്നും അംഗങ്ങൾ വോട്ട് ചെയ്യാൻ മടിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഒടുവിൽ മോഹൻലാൽ രഹസ്യവോട്ടെടുപ്പ് എന്ന നിർദേശംവെച്ചു. 'മാതൃഭൂമി' വാർത്തയും ചർച്ചയായി : നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് 'അമ്മ' സർക്കാരിന് നല്കിയ കത്ത് പൂഴ്ത്തിയതുമുതൽ മോഹൻലാലിന്റെ രാജിഭീഷണിവരെ നീണ്ടെന്നുള്ള 'മാതൃഭൂമി' വാർത്തയും അമ്മ എക്സിക്യുട്ടീവ് കമ്മിറ്റിയോഗത്തിൽ ചർച്ചയായി. ഇത് എങ്ങനെയാണ് പുറത്തായതെന്ന് മോഹൻലാൽ ചോദിച്ചു. സംഘടനയ്ക്കുവേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെന്നും അതിനെ എതിർക്കാനോ ഭിന്നിപ്പുണ്ടാക്കാനോ ആണ് ശ്രമിക്കുന്നതെങ്കിൽ താൻ രാജിവയ്ക്കുമെന്നുമുള്ള നിലപാട് യോഗത്തിൽ അദ്ദേഹം ആവർത്തിച്ചു. പക്ഷേ, വാർത്ത സത്യമാണെന്ന് സമ്മതിക്കാൻ 'അമ്മ' തയ്യാറായില്ല. രാത്രി വൈകി പത്രക്കുറിപ്പിറക്കിയ അവർ എക്സിക്യുട്ടീവ് കമ്മിറ്റിയോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തിലും ഈ വാർത്ത നിഷേധിച്ചു. വീണ്ടും മാധ്യമവിലക്കിന് ശ്രമം എക്സിക്യുട്ടീവ് കമ്മിറ്റിയോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കേണ്ടെന്ന നിലപാടിലായിരുന്നു ഒരു വിഭാഗം. ജോയന്റ് സെക്രട്ടറി സിദ്ദിഖും വൈസ് പ്രസിഡന്റ് മുകേഷുമാണ് ഇക്കാര്യത്തിൽ നിർബന്ധം പിടിച്ചത്. പക്ഷേ, മോഹൻലാൽ ഇതിനെ അനുകൂലിച്ചില്ല. 'നമുക്ക് മാധ്യമങ്ങളിൽനിന്ന് ഒളിക്കാൻ ഒന്നുമില്ലല്ലോ' എന്നാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ വാർഷിക ജനറൽബോഡി യോഗത്തിൽ മാധ്യമങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരുന്നു. അതിനുമുൻവർഷത്തെ ജനറൽബോഡിക്ക് ശേഷമുള്ള വാർത്താസമ്മേളനം ഏറെ വിവാദമാകുകയും ചെയ്തു.
from mathrubhumi.latestnews.rssfeed https://ift.tt/2M7EZV9
via
IFTTT
No comments:
Post a Comment