കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എട്ടാം വാർഡിൽ ആരുടെയും മനസ്സാക്ഷിയെ ഞെട്ടിക്കുന്നൊരു കാഴ്ചയുണ്ട്. തുരുമ്പെടുത്തുതുടങ്ങിയ കട്ടിലിൽ, കിടക്കയിൽ ഒരു വിരിപോലുമില്ലാതെ കൈകാലുകൾ കട്ടിൽക്കാലുകളോടുചേർത്ത് കെട്ടിയ ഒരു മനുഷ്യൻ. ക്ഷീണിച്ച് അസ്ഥികളെല്ലാം തെളിഞ്ഞുകാണാം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അജ്ഞാതനായ ഈ കിടപ്പുരോഗിയെത്തിയിട്ട് മൂന്നു ദിവസമായി. ശ്രീകാന്ത് എന്നാണ് അമ്പതു വയസ്സുതോന്നിക്കുന്ന രോഗിയുടേതായി രേഖകളിൽ ചേർത്തിരിക്കുന്ന പേര്. പനിബാധിതനായി പോലീസ് ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുവന്നത്. ഏതോ ആശുപത്രിയിൽനിന്ന് റഫർ ചെയ്തതായാണ് രേഖകളിലുള്ളത്. രോഗിക്കൊപ്പം ബന്ധുക്കളോ കൂട്ടിരിപ്പുകാരോ ഇല്ല. ആദ്യദിവസം കൈകാലുകൾ കൂട്ടിക്കെട്ടി നിലത്താണ് കിടത്തിയിരുന്നത്. മാനസികാസ്വാസ്ഥ്യമുള്ളപോലെ പെരുമാറുന്ന അദ്ദേഹം മറുനാട്ടുകാരനാണെന്നാണ് കരുതുന്നത്. ഇടയ്ക്കിടെ പിച്ചുംപേയും പറയുന്നുണ്ട്. അടുത്തുള്ള മറ്റുരോഗികൾ നല്കുന്ന ബിസ്കറ്റും വെള്ളവും മാത്രമാണ് ആശ്രയം. ജനറൽ മെഡിസിൻ രണ്ടാംയൂണിറ്റിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗിക്ക് അണുബാധയുള്ളതായി സംശയിക്കുന്നു. ഡോ. ജയേഷ് കുമാറിന്റെ മേൽനോട്ടത്തിലാണ് മെഡിസിൻ രണ്ടാം യൂണിറ്റ്. 24 മണിക്കൂർ നിരീക്ഷണത്തിലാണെന്നും സ്കാനിങ്ങിന് നിർദേശിച്ചിട്ടുണ്ടെന്നും ഈ രോഗിയെ ചികിത്സിക്കുന്ന ഡോ. ജയേഷ് കുമാർ പറഞ്ഞു. വാർഡിലെ മറ്റുരോഗികൾക്ക് ശല്യമാകാതിരിക്കാനാണ് കെട്ടിയിട്ടിരിക്കുന്നതെന്ന് ആശുപത്രി അറ്റൻഡർമാരും ശുചീകരണവിഭാഗം ജീവനക്കാരും പറഞ്ഞു. ബാൻഡേജും ബാൻഡ് എയ്ഡ് റോളുകളും ചേർത്തു ചുറ്റിയാണ് കെട്ടിയിരിക്കുന്നത്. തീരെ അവശനായ രോഗി മലമൂത്ര വിസർജനം നടത്തുന്നതും ഈ കിടപ്പിലാണ്. അസ്വസ്ഥത മൂലം കെട്ട് കടിച്ചുപൊട്ടിക്കാൻ ശ്രമിക്കുമ്പോൾ ആശുപത്രി ജീവനക്കാർ കൂടുതൽ വലിയ കെട്ടുകളിടുന്നുണ്ടായിരുന്നു. രാത്രിയിൽ ഭയപ്പാടോടെയാണ് കഴിയുന്നതെന്ന് വാർഡിലെ മറ്റുരോഗികൾ പറഞ്ഞു. ഈ രോഗിയെ എത്തിച്ചപ്പോൾ മെഡിക്കൽ കോളേജ് പോലീസ്, എയ്ഡ് പോസ്റ്റിൽ അറിയിച്ചിരുന്നില്ല. സാധാരണ എയ്ഡ്പോസ്റ്റിൽ അറിയിച്ച ശേഷമാണ് പോലീസ് കൊണ്ടുവരുന്ന രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാറെന്ന് എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ആത്മഹത്യശ്രമം, അപകടം, പ്രതികളായ രോഗികൾ എന്നിവരെ പ്രവേശിപ്പിക്കുമ്പോൾ മാത്രമേ ഇങ്ങനെ അറിയിക്കണമെന്ന് നിർബന്ധമുള്ളൂ. രോഗിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കയക്കും രോഗി അക്രമാസക്തനാവുന്നില്ലെങ്കിൽ മെഡിക്കൽകോളേജ് ആശുപത്രിയിൽത്തന്നെ ചികിത്സിക്കും. അല്ലെങ്കിൽ മജിസ്ട്രേറ്റിന്റെ അനുമതിയോടെ പോലീസ് സഹായത്താൽ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് അയക്കും. പോലീസ് കൊണ്ടുവന്ന രോഗിയായതിനാൽ നടപടിക്രമങ്ങളുണ്ട്. മെഡിക്കൽ കോളേജിലെ മനോരോഗ ചികിത്സാ വിഭാഗത്തിൽ ചികിത്സ നല്കുന്നതും ആലോചിക്കുന്നുണ്ട്. രോഗിയെ ശുശ്രൂഷിക്കുന്നതിൽ ജീവനക്കാർക്ക് വീഴ്ച വന്നിട്ടുണ്ടോ എന്ന് പരിശോധിക്കും -ഡോ. കെ.ജി. സജിത് കുമാർ, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട്, കോഴിക്കോട് തുടർ ചികിത്സ നിശ്ചയിക്കേണ്ടത് ഇപ്പോഴത്തെ ഡോക്ടർ രോഗിയുടെ തുടർ ചികിത്സ നിശ്ചയിക്കേണ്ടത് ഇപ്പോൾ ചികിത്സിക്കുന്ന ഡോക്ടറാണ്. മാനസികാസ്വാസ്ഥ്യമാണെങ്കിൽത്തന്നെ കെട്ടിയിട്ടു ചികിത്സിക്കുന്നത് അശാസ്ത്രീയവും മനുഷ്യത്വരഹിതവുമാണ്. പകരുന്ന രോഗമല്ലെങ്കിൽ മെഡിക്കൽ കോളേജ് മനോരോഗവിഭാഗത്തിലോ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലോ തുടർ ചികിത്സ നല്കാം. - ഡോ. കെ.സി. രമേശൻ, സൂപ്രണ്ട്, കുതിരവട്ടം സർക്കാർ മാനസികാരോഗ്യ കേന്ദ്രം
from mathrubhumi.latestnews.rssfeed https://ift.tt/2C3nMYf
via
IFTTT
No comments:
Post a Comment