യാങ്കോൺ: മ്യാൻമാറിൽ ഡാം തകർന്ന് 85 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ബാഗോ പ്രവിശ്യയിലെ യെദാഷെ നഗരത്തിലുള്ള സ്വാർ ചൗങ് ഡാമിന്റെ ഒരു ഭാഗമാണ് ബുധനാഴ്ച പുലർച്ചെ 5.30-ഓടെ തകർന്നത്. കനത്ത ജലപ്രവാഹത്തെത്തുടർന്ന് പ്രധാന റോഡുകളും സ്വാർ, യെദാഷെ നഗരങ്ങളും വെള്ളത്തിനടിയിലായി. 63,000-ത്തോളം ആളുകൾ വീടുവിട്ട് ഉയർന്ന പ്രദേശങ്ങളിൽ അഭയം തേടി. രണ്ടുപേരെ ഒഴുക്കിൽ കാണാതായിട്ടുണ്ട്. അഗ്നിശമനസേനയും സൈന്യവുമടക്കം മേഖലയിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.വെള്ളത്തിന്റെ ഒഴുക്കിൽ ഒരു പാലവും തകർന്നു. പാലംതകർന്നതോടെ തലസ്ഥാനമായ നയ്‌പെയ്തോ, മറ്റു പ്രധാനനഗരങ്ങളായ യാങ്കോൺ, മണ്ടാലയ് എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച രാവിലെയോടെ വെള്ളം പിൻവാങ്ങിയിട്ടുണ്ടെന്നും ഉയർന്ന മേഖലയിലെ ഗ്രാമങ്ങളിലുള്ളവർ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചുപോവാൻ തയ്യാറെടുക്കുകയാണെന്നും യെദാഷെ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ മിൻ തു പറഞ്ഞു.തിങ്കളാഴ്ച ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതോടെ പ്രദേശവാസികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും പേടിക്കാനൊന്നുമില്ലെന്നും ഡാം സുരക്ഷിതമാണെന്നുമായിരുന്നു അധികൃതരുടെ മറുപടി. ഡാമിന്റെ തകർന്ന ഭാഗങ്ങൾ പുനർനിർമിക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണെന്ന് ജലവിതരണവിഭാഗം ഉദ്യോഗസ്ഥൻ ക്വാങ് മിയാത് തെയ്ൻ പറഞ്ഞു. ഡാം തകർന്നതിന്റെ കാരണം അന്വേഷിക്കും. ദിനംപ്രതി ഡാം പരിശോധിക്കാറുണ്ടായിരുന്നു. അപകട ഭീഷണിയുള്ളതായി കണ്ടെത്താൻ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലാവോസിൽ കഴിഞ്ഞമാസം ജലവൈദ്യുത ഡാം തകർന്നുണ്ടായ അപകടത്തിൽ 27 പേർ മരിക്കുകയും ആയിരക്കണക്കിനാളുകൾക്ക് വീട് നഷ്ടമാവുകയും ചെയ്തിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2N6dtqy
via
IFTTT
No comments:
Post a Comment