ജക്കാർത്ത: 18-ാമത് ഏഷ്യൻ ഗെയിംസിന്റെ ഏഴാം ദിനത്തിൽ സ്വർണ നേട്ടം ഏഴാക്കി ഇന്ത്യ. ഷോട്ട്പുട്ടിൽ തേജീന്ദർപാൽ സിങ് ഗെയിംസ് റെക്കോർഡോടെ സ്വർണം കരസ്ഥമാക്കി. 20.75 മീറ്റർ എറിഞ്ഞാണ് 23-കാരനായ തേജീന്ദർ ഗെയിംസ് റെക്കോർഡും ദേശീയ റെക്കോർഡും സ്വന്തം പേരിലാക്കിയത്. തേജീന്ദറിന്റെ കന്നി ഗെയിംസ് മെഡൽ കൂടിയാണിത്. ചൈനീസ് താരത്തെയും കസാഖ്സ്താൻ താരത്തെയും പിന്തള്ളിയാണ് തേജീന്ദറിന്റെ മെഡൽനേട്ടം. 20 മീറ്ററിനു മുകളിൽ എറിഞ്ഞ ഏക താരവും തേജീന്ദറായിരുന്നു. ഓം പ്രകാശ് കരാനയുടെ പേരിലുള്ള 20.69 മീറ്ററിന്റെ ദേശീയ റെക്കോർഡും ഇതോടെ തേജീന്ദർ സ്വന്തം പേരിലാക്കി. കഴിഞ്ഞ വർഷം ഭുവനേശ്വറിൽ നടന്ന ഏഷ്യൻ ചാംപ്യൻഷിപ്പിൽ തേജീന്ദർ വെള്ളി മെഡൽ നേടിയിരുന്നു. സീസണിലെ ഏറ്റവും മികച്ച ദൂരമായ 20.24 മീറ്റർ എറിഞ്ഞാണ് തേജീന്ദർ ഗെയിംസ് യോഗ്യത നേടിയത്. ഇക്കരണത്താൽ തന്നെ അദ്ദേഹത്തിന് മെഡൽസാധ്യതയും ഉണ്ടായിരുന്നു. ആദ്യ ശ്രമത്തിൽ 19.96 മീറ്റർ കുറിച്ച തേജീന്ദർ അഞ്ചാമത്തെ ശ്രമത്തിലാണ് സ്വർണമെഡലുമുറപ്പാക്കിയ പ്രകടനം നടത്തിയത്. ചൈനയുടെ ലിയു യിങ് (19.52 മീ) വെള്ളിയും കസാഖ്സ്താന്റെ ഇവാൻ ഇവാനോവ് (19.40 മീ) വെങ്കലവും നേടി. അതേസമയം വനിതകളുടെ സ്ക്വാഷ് സിംഗിൾസിൽ ദീപിക പള്ളിക്കലിനും ജോഷ്ന ചിന്നപ്പയ്ക്കും വെങ്കലം ലഭിച്ചു. പുരുഷന്മാരുടെ സ്ക്വാഷ് സിംഗിൾസിൽ സൗരവ് ഘോഷാൽ വെങ്കലം നേടി.ഇതിനിടെ വനിതകളുടെ 400 മീറ്ററിൽ ഹിമാദാസും നിർമല ഷിറേയിനും ഫൈനലിൽ കടന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2NkluVF
via
IFTTT
No comments:
Post a Comment