ന്യൂഡൽഹി: ഗൂഗിളിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ഉയർത്തിക്കാട്ടി ആധാറിന്റെ സുരക്ഷയെപ്പറ്റി ആശങ്ക സൃഷ്ടിക്കുന്നതിന് പിന്നിൽ സ്ഥാപിത താത്പര്യങ്ങളാണെന്ന് യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ). മൊബൈൽ ഫോണിന്റെ കോൺടാക്ട് ലിസ്റ്റിൽ സേവ് ചെയ്തിട്ടുള്ള നമ്പർ ഉപയോഗിച്ച് വിവരങ്ങൾ ചോർത്താൻ കഴിയില്ലെന്നും യു.ഐ.ഡി.എ.ഐ വ്യക്തമാക്കി. ആശങ്കപ്പെടാതെ ഫോണിലുള്ള പഴയ ഹെൽപ്പ് ലൈൻ നമ്പർ ഡിലീറ്റുചെയ്ത് പുതിയ നമ്പർ സേവ് ചെയ്താൽ മാത്രംമതി. കാലഹരണപ്പെട്ട ഒരു ഹൈൽപ്പ് ലൈൻ നമ്പർ സേവ് ചെയ്തിരുന്നതുകൊണ്ട് ഒരു ദോഷവും സംഭവിക്കാനില്ല. ആധാർ വിവരങ്ങൾ സുരക്ഷിതമാണെന്നും ഇതുസംബന്ധിച്ച അഭ്യൂഹങ്ങൾ തള്ളിക്കളയണമെന്നും യു.ഐ.ഡി.എ.ഐ ട്വീറ്റുകളിലൂടെ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അടിസ്ഥാന രഹിതമായ അഭ്യൂഹങ്ങൾ പ്രചരിപ്പിച്ച് സമയവും പണവുംകളയരുതെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ആധാർ ഉള്ളവരും ഇല്ലാത്തവരുമായ നിരവധി പേരുടെ ഫോണുകളിൽ ആധാർ ഹെൽപ്പ് ലൈൻ നമ്പർ സേവ് ചെയ്യപ്പെട്ടതായ വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ആധാർ ഹെൽപ്പ് ലൈൻ നമ്പറുകൾ ഫോണുകളിൽ ഉൾപ്പെടുത്താൻ ഫോൺ നിർമാതാക്കൾ അടക്കം ആരോടും നിർദ്ദേശിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. നമ്പറുകൾ ഫോണിൽനിന്ന് നീക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിരുന്നു. ഇതിനുപിന്നാലെ മൊബൈൽ ഫോണിലെ കോൺടാക്ട് ലിസ്റ്റിൽ ആധാർ ഹെൽപ്പ് ലൈൻ നമ്പർ കടന്നുകൂടിയതിൽ ക്ഷമ ചോദിച്ച് ഗൂഗിൾ രംഗത്തെത്തിയിരുന്നു. ആൻഡ്രോയ്ഡ് ഫോണുകളിൽ നമ്പർ അബദ്ധത്തിൽ കടന്നുകൂടിയതാണെന്ന് ആയിരുന്നു ഗൂഗിളിന്റെ വിശദീകരണം.
from mathrubhumi.latestnews.rssfeed https://ift.tt/2MlJgQO
via
IFTTT
No comments:
Post a Comment