ന്യൂഡൽഹി: കേരളത്തിലെ പ്രളയദുരന്തം നേരിടാൻ വിദേശസഹായം ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിക്കുന്നതിനിടെ, 700 കോടി രൂപ തങ്ങൾ ഔദ്യോഗികമായി വാഗ്ദാനം ചെയ്തിട്ടില്ലെന്ന വിശദീകരണവുമായി യു.എ.ഇ. രംഗത്തെത്തി. ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിനു നല്കിയ അഭിമുഖത്തിൽ യു.എ.ഇ. സ്ഥാനപതി അഹമ്മദ് അൽബന്നയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, ഇക്കാര്യത്തിൽ അവ്യക്തതയില്ലെന്നും യു.എ.ഇ. സാമ്പത്തികസഹായവാഗ്ദാനം നല്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ ആവർത്തിച്ചു. ചൊവ്വാഴ്ച മുഖ്യമന്ത്രിയാണ് യു.എ.ഇ.യുടെ സഹായവാഗ്ദാനം പത്രസമ്മേളനത്തിൽ അറിയിച്ചത്. ഫണ്ട് വിവാദത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ വിദേശകാര്യമന്ത്രാലയം വെള്ളിയാഴ്ച തയ്യാറായില്ല. സ്ഥാനപതിയുടെ വെളിപ്പെടുത്തലോടെ രാഷ്ട്രീയ ചേരിപ്പോര് രൂക്ഷമായി. യു.എ.ഇ. സഹായം നിഷേധിക്കുന്ന നിലപാടിന്റെ പേരിൽ സംസ്ഥാനത്ത് പ്രതിരോധത്തിലായിരുന്ന ബി.ജെ.പി. സംസ്ഥാനസർക്കാരിനും സി.പി.എമ്മിനുമെതിരേ രംഗത്തെത്തി. കേന്ദ്രസർക്കാരിനെ അപമാനിക്കാനുള്ള ഗൂഢാലോചനയാണിതെന്ന് ബി.ജെ.പി. വക്താവ് സുധാംശു ത്രിവേദി ആരോപിച്ചു. വ്യാജവാർത്ത പരത്തിയതാരെന്ന് അന്വേഷിക്കണമെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും ആവശ്യപ്പെട്ടു. ഇത്തരം വ്യാജ കണക്ക് പ്രചരിപ്പിച്ചവർക്കുനേരേ രാജ്യസുരക്ഷാചട്ടം പ്രകാരം നടപടിയെടുക്കണമെന്ന് മന്ത്രി പറഞ്ഞു. സഹായം സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞദിവസം മന്ത്രി കേന്ദ്രമന്ത്രിമാരെ കണ്ടിരുന്നു. 700 കോടി രൂപയുടെ കണക്ക് എവിടെനിന്നു വന്നെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളും അദ്ഭുതം പ്രകടിപ്പിച്ചു. കേരളത്തിന് ദുരിതാശ്വാസ സഹായമായി എത്രതുക എന്നതുസംബന്ധിച്ച് യു.എ.ഇ. തീരുമാനമെടുത്തിട്ടില്ലെന്നാണ് സ്ഥാനപതി പറഞ്ഞത്. വെള്ളപ്പൊക്കവും അതിനുശേഷമുള്ള പ്രശ്നങ്ങളും നേരിടുന്നതിനുവേണ്ട സഹായമെത്രയായിരിക്കണം എന്നതിനെക്കുറിച്ച് പരിശോധനയും വിലയിരുത്തലും നടക്കുന്നതേയുള്ളൂ. അത്തരം ഘട്ടത്തിൽ തുക പ്രഖ്യാപിക്കുന്നത് അന്തിമമാണെന്നു കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 700 കോടി രൂപ നൽകുമെന്ന് യു.എ.ഇ. പ്രഖ്യാപിച്ചിട്ടില്ലായെന്നാണോ ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് ''അതെ, അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ല, തീരുമാനം പ്രഖ്യാപിച്ചിട്ടില്ല'' എന്നായിരുന്നു സ്ഥാനപതിയുടെ മറുപടി. “കേരളത്തിലെ വെള്ളപ്പൊക്കം നേരിടുന്നതിന് ദുരിതാശ്വാസത്തിനായി ഒരു ദേശീയ അടിയന്തര സമിതിക്കു രൂപം കൊടുത്തിരുന്നു. വെള്ളപ്പൊക്കക്കെടുതിയിൽപ്പെട്ട കേരളീയർക്ക് ദുരിതാശ്വാസമായി ഫണ്ട്, സഹായ സാധനങ്ങൾ, മരുന്നുകൾ തുടങ്ങിയവ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. സഹായധനം സംബന്ധിച്ച് ഇന്ത്യയുടെ നിയമങ്ങളറിവുള്ളതിനാൽ ഫെഡറൽ( കേന്ദ്രസർക്കാർ) അധികാരികളുമായി ഏകോപിച്ചു കൊണ്ടാണ് സമിതി പ്രവർത്തിക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ അടിയന്തര സഹായത്തിന് സംസ്ഥാനാധികൃതരുമായും ഏകോപനുമുണ്ട്.” -സ്ഥാനപതി പറഞ്ഞു. യു.എ.ഇ. സഹായം വാഗ്ദാനം ചെയ്തു എന്നതിനപ്പുറം പണത്തെക്കുറിച്ച് ഇതുവരെ കേന്ദ്രസർക്കാരോ യു.എ.ഇ. യോ ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് ഔദ്യോഗികവൃത്തങ്ങളും ഡൽഹിയിൽ പറഞ്ഞു. ഈ കണക്കിനെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ട്. 2016-ൽ ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോർട്ടിൽ, ആവശ്യമെങ്കിൽ സഹായം വാങ്ങാമെന്ന് പറയുന്നത് ആശയക്കുഴപ്പം ഉണ്ടാക്കേണ്ട കാര്യമില്ലെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞദിവസം വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയാണ് സർക്കാരിന്റെ നിലപാടെന്നും അവർ വിശദീകരിച്ചു. പ്രധാനമന്ത്രിയുടെ നേപ്പാൾ സന്ദർശനത്തെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച ചോദ്യങ്ങൾ ഉയർന്നപ്പോൾ, കഴിഞ്ഞദിവസം പുറത്തിറക്കിയ പ്രസ്താവനയാണ് പ്രതികരണമെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ മറുപടി. *** “യു.എ.ഇ. 700 കോടി രൂപ വാഗ്ദാനം നൽകിയെന്ന വ്യാജ അറിയിപ്പ് എവിടെ നിന്നു വന്നുവെന്ന് അന്വേഷിക്കണം. സത്യമാണോ എന്നറിയാതെ മാധ്യമങ്ങൾ അതേറ്റെടുത്തത് ശരിയല്ല. ഈ വ്യാജ സന്ദേശം നൽകിയവർക്കെതിരേ ദേശീയ സുരക്ഷാചട്ടം അനുസരിച്ച് നടപടിയെടുക്കണം”- അൽഫോൻസ് കണ്ണന്താനം, കേന്ദ്രമന്ത്രി ***“യു.എ.ഇ.സർക്കാർ 700 കോടി വാഗ്ദാനം ചെയ്ത കാര്യം എം.എ. യൂസഫലിയാണ് എന്നെ അറിയിച്ചത്. ബക്രീദ് ആശംസ അറിയിക്കാൻ രാജാവിനെ സന്ദർശിച്ച വേളയിൽ അവർ യൂസഫലിയോട് സഹായവാഗ്ദാന വിവരം അറിയിക്കുകയായിരുന്നു. ഇതു ജനങ്ങളോട് പറയാമോ എന്ന് യുസഫലിയോട് ആരാഞ്ഞിരുന്നു. അദ്ദേഹം ഉറപ്പിച്ചുപറയുകയും ചെയ്തു. അതനുസരിച്ചാണ് മാധ്യമങ്ങളോട് പറഞ്ഞത്. പ്രധാനമന്ത്രിയുടെ ട്വീറ്റ് നിങ്ങൾ കണ്ടതാണല്ലോ” - പിണറായി വിജയൻ, മുഖ്യമന്ത്രി
from mathrubhumi.latestnews.rssfeed https://ift.tt/2MPDbQ0
via
IFTTT
No comments:
Post a Comment