ഒരേസമയം മൂന്ന് വനിതാ ജഡ്ജിമാർ എന്ന അപൂർവ്വതയിലൂടെ ചരിത്രം തിരുത്തിക്കുറിക്കുകയാണ് സുപ്രീംകോടതി. ജസ്റ്റിസ് ഇന്ദിരാ ബാനർജിയുടെ നിയമനത്തോടെയാണ് 68 വർഷത്തെ ചരിത്രം തിരുത്തപ്പെട്ടത്. മദ്രാസ് ഹൈക്കോടതി ജസ്റ്റിസായിരുന്ന ഇന്ദിരാ ബാനർജിയെ വെള്ളിയാഴ്ച്ചയാണ് സുപ്രീംകോടതി ജസ്റ്റിസായി നിയമിച്ചത്. ആർ.ഭാനുമതി, ഇന്ദു മൽഹോത്ര എന്നിവരാണ് നിലവിൽ സുപ്രീംകോടതി ജസ്റ്റിസുമാരായി സേവനം അനുഷ്ഠിക്കുന്ന സ്ത്രീകൾ. സുപ്രീംകോടതിയിലേക്ക് നിയമിതയാവുന്ന എട്ടാമത്തെ വനിതാ ജസ്റ്റിസാണ് ഇന്ദിരാ ബാനർജി. ഫാത്തിമാ ബീവി മുതൽ ഇന്ദിരാ ബാനർജി വരെ 1989ലാണ് സുപ്രീംകോടതിയ്ക്ക് ആദ്യമായി വനിതാ ജസ്റ്റിസിനെ ലഭിക്കുന്നത്, ജസ്റ്റിസ് എം.ഫാത്തിമാ ബീവി. ഇന്ത്യയുടെ ന്യായാധിപസ്ഥാനങ്ങളിൽ പരമോന്നത പദവിയിലെത്തുന്ന ആദ്യത്തെ മുസ്ലീംവനിത എന്ന ബഹുമതിയും ഫാത്തിമാ ബീവിക്ക് തന്നെയാണ്. 1989 ഒക്ടോബർ 6ന് സുപ്രീംകോടതി ജസ്റ്റിസായി നിയമിതയായ അവർ 1992 ഏപ്രിൽ 29ന് വിരമിച്ചു. തമിഴ്നാട് ഗവർണറായും മനുഷ്യാവകാശക്കമ്മീഷനംഗമായും പ്രവർത്തിച്ചിട്ടുള്ള ഫാത്തിമാ ബീവി പത്തനംതിട്ട സ്വദേശിനിയാണ്. ജസ്റ്റിസ് സുജാത മനോഹർ ആയിരുന്നു രണ്ടാമൂഴക്കാരി. 1994 നവംബർ 8നാണ് സുജാത മനോഹർ സുപ്രീംകോടതി ജസ്റ്റിസായി നിയമിതയായത്. അവർ 1999 ഓഗസ്റ്റ്27ന് വിരമിച്ചു. 2000 ജനുവരി 28ന് സുപ്രീംകോടതി ജസ്റ്റിസായി നിയമിതയായ രുമാ പാൽ ആണ് ആ പദവിയിലെത്തുന്ന മൂന്നാമത്തെ വനിത. 2006 ജൂൺ 2 വരെ അവർ ആ സ്ഥാനത്ത് തുടർന്നു. 2010 ഏപ്രിൽ 30നാണ് ജസ്റ്റിസ് ഗ്യാൻ സുധ മിശ്ര സുപ്രീംകോടതി ജസ്റ്റിസായത്. 2014 ഏപ്രിൽ 24ന് അവർ തല്സ്ഥാനത്ത് നിന്ന് വിരമിച്ചു. 2011 സെപ്റ്റംബർ 13ന് ജസ്റ്റിസ് രഞ്ജനാ ദേശായി സുപ്രീംകോടതി ജസ്റ്റിസായി. 2014 ഒക്ടോബർ 29 വരെയായിരുന്നു കാലാവധി. ജസ്റ്റിസുമാരായ ആർ.ഭാനുമതി, ഇന്ദു മൽഹോത്ര എന്നിവരാണ് നിലവിൽ സുപ്രീംകോടതി ജസ്റ്റിസ് പദവിയിലുള്ള സ്ത്രീകൾ. 2014 ഓഗസ്റ്റ് 13നാണ് സുപ്രീംകോടതിയിലെ ജസ്റ്റിസ് പദവിയിലെത്തുന്ന ആറാമത്തെ വനിതയായി ആർ.ഭാനുമതി ചുമതലയേറ്റത്.ഈ വർഷം ഏപ്രിൽ 27നാണ് ഇന്ദു മൽഹോത്ര സുപ്രീംകോടതി ജസ്റ്റിസായത്. ഇവർക്ക് പിന്നാലെയാണ് സുപ്രീംകോടതിയിലെ എട്ടാമത്തെ വനിതാ ജസ്റ്റിസായുള്ള ഇന്ദിരാ ബാനർജിയുടെ നിയമനം. ഇന്ദിരാ ബാനർജി 1957 സെപ്റ്റംബർ 24ന് ജനനം. പ്രസിഡൻസി കോളേജ്, കൊൽക്കത്ത സർവ്വകലാശാല എന്നിവിടങ്ങളിൽ നിയമപഠനം 1985 ജൂലൈയിൽ കൊൽക്കത്ത ഹൈക്കോടതിയിൽ അഭിഭാഷക ജീവിതം ആരംഭിച്ചു 2002 ഫെബ്രുവരി 5ന് കൊൽക്കത്ത ഹൈക്കോടതി ജസ്റ്റിസ് ആയി 2016 ഓഗസ്റ്റിൽ ഡൽഹി ഹൈക്കോടതിയിലേക്ക് 2017 ഏപ്രിൽ മുതൽ മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ആയി 2018 ജൂലൈ 16ന് സുപ്രീംകോടതി ജസ്റ്റിസ് ആയി കൊളിജീയം നാമനിർദേശം ചെയ്തു. 2018 ഓഗസ്റ്റ് 3ന് സുപ്രീംകോടതി ജസ്റ്റിസ് ആയി നിയമനം ലഭിച്ചു. ചരിത്രം തിരുത്തപ്പെടുന്നു കഴിഞ്ഞുപോയ 68 വർഷങ്ങളിലും വനിത ജസ്റ്റിസുമാർ സുപ്രീം കോടതിയിൽ അധികമുണ്ടായിരുന്നില്ല. നിയമിതരായ വനിതാ ന്യായാധിപരാകട്ടെ കോടതിമുറികളിലെ അങ്ങനെയുള്ള ഏകസാന്നിധ്യങ്ങളുമായി. 2011 വരെയും സുപ്രീം കോടതിയിലെത്തിയ വനിതാ ന്യായാധിപർക്ക് കൂട്ടിന് മറ്റൊരു വനിത ന്യായാധിപ ഉണ്ടായിരുന്നില്ല. ജസ്റ്റിസ് രഞ്ജനാ ദേശായി സുപ്രീം കോടതി ജസ്റ്റിസായി ഉയർത്തപ്പെട്ടപ്പോഴാണ് ഈ അവസ്ഥയ്ക്ക് മാറ്റം വന്നത്. ജസ്റ്റിസ് ഗ്യാൻ സുധ മിശ്രയ്ക്കൊപ്പം മറ്റൊരു വനിത കൂടി അങ്ങനെ സുപ്രീം കോടതിയിലെത്തി. ഒരേ സമയം രണ്ട് വനിതാ ജസ്റ്റിസുമാർ എന്ന സ്ഥിതിഗതിയുണ്ടായി. ഇപ്പോൾ ജസ്റ്റിസ് ഇന്ദിരാ ബാനർജിയുടെ സ്ഥാനക്കയറ്റത്തോടെ അത് ഒരു പടി കൂടി കടന്ന് അടുത്ത ഘട്ടത്തിലേക്കെത്തിയിരിക്കുകയാണ്. രണ്ട് വനിതാ ജസ്റ്റിസുമാർ സുപ്രീം കോടതിയിൽ ഒരുമിച്ചിരിക്കാൻ സ്വതന്ത്ര ഭാരതത്തിൽ 60 വർഷം എടുത്തെങ്കിൽ മൂന്ന് വനിതകൾ വരാൻ അതിനു ശേഷം ഏഴു വർഷമേ എടുത്തുള്ളൂ എന്നത് ശുഭസൂചനയാണ്. രാജ്യത്തെ പരമോന്നത നീതിപീഠത്തിൽ വനിതാ ജസ്റ്റിസുമാരുടെ എണ്ണം കൂടാൻ പോവുന്നതിന്റെ ശുഭകരമായ ഭാവിയിലേക്ക് കൂടിയാണ് ഇത് വിരൽചൂണ്ടുന്നത്. image courtesy: Bar&Bench content highlights:SC To Have Three Woman JudgesFor the First Time In 68 Years, Supreme Court, Justice Indira Banerjee,Justice Fathima Beevi,JusticeSujatha Manohar,Ruma Pal, Gyan Sudha Misra, Ranjana Prakash Desai, R Banumathi,Indu Malhotra
from mathrubhumi.latestnews.rssfeed https://ift.tt/2LZ9VWG
via
IFTTT
No comments:
Post a Comment