മഹാപ്രളയം നശിപ്പിച്ചത് 6000 കണ്ണാടികള്‍, വള്ളസദ്യയും വള്ളംകളിയുമെല്ലാം മുക്കി ; ഗ്രാമത്തിലെ 22 വീടുകളും വര്‍ക്ക്‌ഷോപ്പുകളും വെള്ളത്തിലായി ; ആറന്മുള കണ്ണാടിയെയും പ്രളയം വിഴുങ്ങി...!! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 28, 2018

മഹാപ്രളയം നശിപ്പിച്ചത് 6000 കണ്ണാടികള്‍, വള്ളസദ്യയും വള്ളംകളിയുമെല്ലാം മുക്കി ; ഗ്രാമത്തിലെ 22 വീടുകളും വര്‍ക്ക്‌ഷോപ്പുകളും വെള്ളത്തിലായി ; ആറന്മുള കണ്ണാടിയെയും പ്രളയം വിഴുങ്ങി...!!

ആറന്മുള: മലയാള കലാചാരുതയുടെ പ്രതിബിംബമായി ലോകത്തിന് മുന്നില്‍ തിളങ്ങി നിന്നിരുന്ന ആറന്മുള കണ്ണാടിയ്ക്കും കേരളത്തെ വിഴുങ്ങിയ ജലപ്രളയത്തില്‍ ഉടച്ചില്‍. യുനെസ്‌കോ പൈതൃക സമ്പത്തിന്റെ പട്ടികയില്‍ പ്രഖ്യാപിച്ചിട്ടുള്ള പമ്പാ നദീതീരത്തെ ആറന്മുള ക്ഷേത്രത്തിന് സമീപം കണ്ണാടിയുടെ നിര്‍മ്മിതയുമായി ബന്ധപ്പെട്ടിരുന്ന 22 കുടുംബങ്ങള്‍ താമസിക്കുന്ന ഗ്രാമം പ്രളയത്തില്‍ മുങ്ങിപ്പോയത്.

വീടുകളിലും കടകളിലുമായി സൂക്ഷിച്ചിരുന്ന കണ്ണാടികളും അത് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്ന സാധന സാമഗ്രികളും ഒലിച്ചു പോയപ്പോള്‍ വെള്ളപ്പൊക്കത്തിന്റെ അവശിഷ്ടമായ മണ്ണും ചെളിയും അടിഞ്ഞ നിലയിലാണ് വീടുകളും കെട്ടിടങ്ങളും. ഏകദേശം 6000 കണ്ണാടികള്‍ നശിച്ചതായിട്ടാണ് കണക്കാക്കപ്പെടുന്നത്. കണ്ണാടി നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്ന അസംസ്‌കൃത വസ്തുക്കള്‍ കൂടി നശിച്ചപ്പോള്‍ നഷ്ടം കണക്കാക്കിയിരിക്കുന്നത് 1.5 കോടിയുടേതാണ്.

കനത്ത മഴയില്‍ മനുഷ്യരുടെ കഴുത്തറ്റം ഉയര്‍ന്ന ജലനിരപ്പോടെ പമ്പ രൗദ്രഭാവം കൈവരിച്ചപ്പോള്‍ തടി ഫ്രെയിമില്‍ നിര്‍മ്മിക്കപ്പെട്ട കണ്ണാടികള്‍ ഒഴുകിപ്പോകുകയായിരുന്നു. സാധാരണ ഒഴുകുന്ന എടശ്ശേരിക്കടവില്‍ നിന്നും സംസ്ഥാന ഹൈവേയിലേക്ക് വെള്ളം കയറിയപ്പോള്‍ കണ്ണാടികള്‍ വിറ്റിരുന്ന പല കടകള്‍ക്കും ഷട്ടറിടേണ്ടി വരികയും ചെയ്തു. ആഴ്ചകള്‍ എടുത്താണ് ഓരോ കണ്ണാടികളും നിര്‍മ്മിച്ചിരുന്നത്.

വെള്ളപ്പൊക്കം ബാധിച്ചതോടെ വന്‍ പ്രതിസന്ധിയിലായ ആറന്മുള കണ്ണാടിയുമായി ബന്ധപ്പെട്ട നിര്‍മ്മാണവും വില്‍പ്പനയും തൊഴിലാളികളെയും ബാധിച്ചിരിക്കുകയാണ്. ഉപകരണങ്ങളും അസംസ്‌കൃത വസ്തുക്കളും നശിച്ചതോടെ വീണ്ടും ഉല്‍പ്പാദനം തുടങ്ങാന്‍ ആറു മാസമെങ്കിലൂം വേണ്ടി വരുമെന്നാണ് കരുതുന്നത്. വീട്, കട, വര്‍ക്ക്‌ഷോപ്പ് എന്ന രീതിയിലാണ് നിര്‍മ്മാതാക്കള്‍ ഇവിടെ കഴിയുന്നത്. 22 ഷോപ്പുകളിലും വെള്ളം കയറിയതോടെ ഇതിനെ ആശ്രയിച്ചു ജീവിക്കുന്നവരും പ്രതിസന്ധിയിലായി. പലയിടത്തും മൂന്ന്, അഞ്ച്, എട്ട് എന്ന ക്രമത്തിലാണ് തൊഴിലാളികളുള്ളത്. ഗ്രൈന്റര്‍ ഉള്‍പ്പെടെ ഇവരുടെ നിര്‍മ്മാണ സാമഗ്രികളെല്ലാം നശിച്ചു.

വെള്ളപ്പൊക്കത്തിന് ശേഷം ഇതുവരെ കണ്ണാടി നിര്‍മ്മാണം തുടങ്ങാന്‍ കഴിഞ്ഞില്ല. 2000 രൂപയുടെ കണ്ണാടിക്ക് വൈദഗ്ദ്ധ്യം അനുസരിച്ച് 1,100 മുതല്‍ 1500 രൂപ വരെയാണ് കൂലി നല്‍കാറുള്ളതെന്ന് നിര്‍മ്മാണ സൊസൈറ്റി നേതാക്കള്‍ പറയുന്നു. വിദേശത്ത് നിന്നുള്ള ഓര്‍ഡറുകളുടെ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കപ്പെട്ടവയാണ് പലര്‍ക്കും നഷ്ടമായത്. വെള്ളം കയറിയതോടെ നിര്‍മ്മിച്ചു വെച്ചിരുന്ന 300-500 വരെ കണ്ണാടികളും പുതിയതായി നിര്‍മ്മിക്കാന്‍ വെച്ചിരുന്ന അസംസ്‌കൃത വസ്തുക്കളും നശിച്ചതിനാല്‍ പുതിയതായി പണി തുടങ്ങാനുള്ള മൂലധനം എങ്ങിനെ കണ്ടെത്തുമെന്ന ആശങ്കയും ഇവരെ അലട്ടുന്നുണ്ട്.

ആറന്മുള വള്ളംകളിക്കായി എത്തുന്ന വിദേശികളെ ലക്ഷ്യമിട്ട് വന്‍തോതില്‍ കണ്ണാടി നിര്‍മ്മിക്കപ്പെടുകയും ചെയ്തിരുന്നു. വര്‍ഷങ്ങളായി ആറന്മുളയുടെയും കേരളത്തിന്റെയും അന്തസ്സിന്റെ സൂചകമായിരുന്നു ആറന്മുളകണ്ണാടി. അമേരിക്കന്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള വിദേശ പ്രമുഖര്‍ക്കും വിദേശത്ത് നിന്നുള്ള കലാ-കായിക താരങ്ങള്‍ക്കും മറ്റും സമ്മാനമായി പോലും ഇവ നല്‍കപ്പെട്ടിട്ടുണ്ട്. കണ്ണാടി വില്‍പ്പന ശാലകളില്‍ മാത്രമല്ല നിര്‍മ്മാതാക്കളുടെ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. പല വീടുകളും ചെളി കയറിയ നിലയിലാണ്. ചെളി മൂടിയതിനാല്‍ വീട്ടിലേക്ക് കയറാന്‍ കഴിയുന്നില്ല. കണ്ണാടി നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്ന അസംസ്‌കൃത വസ്തുക്കളും ഉപകരണങ്ങളുമെല്ലാം ഒഴുക്കില്‍ പെട്ടു നഷ്ടമായി.

അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കം ആറന്മുളയുടെ പാരമ്പര്യങ്ങളെ മൊത്തം വെള്ളത്തിലാക്കിക്കളഞ്ഞു. ഓണവുമായി ബന്ധപ്പെട്ട് പ്രസിദ്ധമായ ആറന്മുള്ള വള്ളംകളി, വള്ളസദ്യ, എന്നിവയെല്ലാം നടന്നിരുന്ന പ്രദേശങ്ങളില്‍ ഇപ്പോള്‍ ആള്‍ക്കാര്‍ക്ക് തൊണ്ട നനയ്ക്കാന്‍ കുടിവെള്ളം പോലുമില്ല. ഇത്തവണ തങ്ങള്‍ക്ക് ആറന്മുള വള്ളസദ്യയോ വള്ളം കളിയോ കാണാനാകില്ല. കണ്ണാടിപോലെ തന്നെ ആറന്മുളയുടെ ഉടഞ്ഞുപോയ ആറന്മുളയുടെ മുഖം തന്നെ വെടിപ്പാക്കാന്‍ വലിയ പ്രയത്‌നം വേണ്ടി വരുമെന്നാണ് പ്രദേശ വാസികള്‍ പറയുന്നത്.



from mangalam.com https://ift.tt/2oikt5S
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages