തിരുവനന്തപുരം: ജീവനും സ്വത്തിനും സംരക്ഷണം നൽകുകയെന്ന പോലീസിന്റെ ചുമതല അക്ഷരാർഥത്തിൽ നിറവേറ്റിയ നാളുകളായിരുന്നു ഈ പ്രളയകാലം. പ്രളയജലത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ മുൻഗണന നൽകുകയായിരുന്നു ആദ്യഘട്ടം. പുനരധിവാസത്തിന് മുൻനിരയിൽ നിൽക്കുന്നതായിരുന്നു രണ്ടാംഘട്ടം. വലിയൊരു ദുരന്തത്തെ മറികടക്കുന്നതിന് ഒരുമയോടെ പ്രവർത്തിക്കാൻ പോലീസിനായി. 53,000 പേരെയാണ് പോലീസ് സേനാംഗങ്ങൾ നേരിട്ട് രക്ഷിച്ചത്. ഒരുലക്ഷത്തിലധികം പേരെ രക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാനും വഴിയൊരുക്കി. രക്ഷാപ്രവർത്തകർക്ക് പോകുന്നതിനുള്ള വഴിയൊരുക്കുകയും പലയിടത്തും ഗതാഗതം നിയന്ത്രിക്കുന്നതിനും അവർ രാപകലില്ലാതെ നിലയുറപ്പിച്ചു. അണക്കെട്ടുകൾതുറക്കും മുമ്പ് താമസക്കാരെ മാറ്റുന്നതിനും പോലീസ് ഇറങ്ങി. ദൗത്യം ഇങ്ങനെ * സായുധസേനാ വിഭാഗങ്ങൾ, വനിതാ കമാൻഡോകൾ, ആർ.ആർ.ആർ.എഫ്, ലോക്കൽ പോലീസ്, പോലീസ് ട്രെയിനിങ് കോളേജിലെയും കേരള പോലീസ് അക്കാദമിയിലെയും ട്രെയിനികൾ ഉൾപ്പടെയുള്ളവർ ദൗത്യത്തിൽ പങ്കെടുത്തു. മേൽനോട്ടംവഹിച്ചത് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ * തുടക്കത്തിൽ 35,000 പോലീസുകാരെ നിയമിച്ചു. പിന്നീട് 5000 ഉദ്യോഗസ്ഥരെക്കൂടി ചുമതലെപ്പെടുത്തി. * ഏകോപനം ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ. ദുരിതം ബാധിച്ച മിക്ക ജില്ലകളിലും ഉയർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം * എല്ലാ ജില്ലകളിലും പോലീസ് കൺട്രോൾ റൂമുകൾ ഒരുക്കി. ജില്ലാ കേന്ദ്രങ്ങൾക്ക് പുറമേ പത്തനംതിട്ട, ചെങ്ങന്നൂർ, തിരുവല്ല, റാന്നി, ആലുവ, ചാലക്കുടി എന്നിവിടങ്ങളിൽ പ്രത്യേകം കൺട്രോൾ റൂമുകൾ. * പലയിടത്തും ടെലിഫോൺ സൗകര്യങ്ങൾ നഷ്ടമായതോടെ പോലീസ് ഉപയോഗിച്ചത് വയർലെസ് സംവിധാനങ്ങൾ * തീരദേശ പോലീസിന്റെ 258 ബോട്ടുകളും സ്വകാര്യ ബോട്ടുകളും ഉൾപ്പെടെ നാനൂറോളം ബോട്ടുകൾ രക്ഷാപ്രവർത്തനത്തിന് എത്തിച്ചു. പോലീസിന്റെ 2276 വാഹനങ്ങളും ഉപയോഗിച്ചു. ഒന്നര ലക്ഷത്തിലധികം കോളുകൾ പ്രളയം രൂക്ഷമായതോടെ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനായുള്ള ഫോൺവിളികൾ വർധിച്ചു. ഇതേത്തുടർന്ന് ജില്ലകളിൽ രൂപവത്കരിച്ച കൺട്രോൾ റൂമുകൾക്ക് പുറമേ പോലീസ് ആസ്ഥാനത്തും 10 ലൈനുകളുള്ള കൺടോൾ റൂം തുറന്നു. രക്ഷപ്പെടുത്തണമെന്ന ആവശ്യവുമായി എത്തിയത് ഒന്നര ലക്ഷത്തിലധികം ഫോൺ കോളുകളാണ്. ഇവ രക്ഷാപ്രവർത്തകർക്ക് കൈമാറുന്നതിനൊപ്പം, വിളിച്ചവരെ ആശ്വസിപ്പിക്കാനും പോലീസ് മറന്നില്ല. കുടുങ്ങിക്കിടന്നവരിൽ ഫോണിൽ കിട്ടാവുന്നവരെ വിളിച്ച് പോലീസ് ധൈര്യം പകരുകയും ചെയ്തു. ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടായിരുന്നവർക്ക് സുരക്ഷയൊരുക്കാൻ 30,000 പോലീസ് ഉൾപ്പെടെയുള്ളവരുടെ സുരക്ഷാ പദ്ധതിയൊരുക്കുകയും ചെയ്തു. 3300 ക്യാമ്പുകളിലായിരുന്നു പോലീസ് സുരക്ഷയൊരുക്കിയത്. ഇതോടൊപ്പംതന്നെ ദുതിതാശ്വാസത്തിനായി സാധനസാമഗ്രികൾ പോലീസ് സ്റ്റേഷനുകളിൽ സ്വീകരിച്ച് പ്രധാന കളക്ഷൻ സെന്ററുകളിലേക്ക് കൈമാറി. പ്രളയാനന്തരം വീടുകൾ വൃത്തിയാക്കുന്നതിനും പുനരധിവാസ പ്രവർത്തനങ്ങൾക്കും പോലീസ് മുന്നിലുണ്ട്. വെള്ളമിറങ്ങിക്കഴിഞ്ഞ് വീട്ടിലേക്കെത്തുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങളെക്കുറിച്ച് കോട്ടയം പോലീസ് അഞ്ചുമിനിട്ട് വീഡിയോയും ഇറക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2C0n9yL
via
IFTTT
No comments:
Post a Comment