കൊച്ചി : 'മുന്നിലെത്തിയവരുടെ വേദനയായിരുന്നു എനിക്ക് പ്രധാനം. അവർക്ക് വേണ്ട പരിചരണം നല്ല രീതിയിൽ നൽകുക എന്നത് എന്റെ ചുമതലയാണ്. അവിടെ വ്യക്തിപരമായ ബുദ്ധിമുട്ടുകൾ ഒരു പ്രശ്നമായേ തോന്നിയില്ല' - നിറവയറുമായി വിശ്രമമില്ലാതെ രോഗികൾക്കൊപ്പം നിന്ന രമ്യ പറഞ്ഞു. വർഷങ്ങളായി ഇടപ്പള്ളി അമൃത ആശുപത്രിയിലെ നഴ്സാണ് കോട്ടയം മണിമല പൂവത്തോളിൽ ജെയ്റ്റ്ലി ജോയിയുടെ ഭാര്യ എ.ആർ. രമ്യ. പ്രളയത്തെ തുടർന്ന് ആശുപത്രിയിൽ ജീവനക്കാർ കുറഞ്ഞപ്പോൾ തന്റെ ബുദ്ധിമുട്ടുകളെല്ലാം മാറ്റിവച്ച് ജോലിക്ക് ഇറങ്ങിയതാണ് രമ്യ. പൂർണഗർഭിണിയായിട്ടുകൂടി ലീവ് എടുത്ത് മാറിനിൽക്കാൻ തയ്യാറായില്ല. വെള്ളപ്പൊക്കത്തെ തുടർന്ന് മറ്റ് ആശുപത്രികളിൽ നിന്ന് അമൃതയിലേക്ക് രോഗികളെ മാറ്റിയിരുന്നു. ഇതോടെ ആശുപത്രിയിൽ ജീവനക്കാരുടെ സേവനം അത്യാവശ്യമായിരുന്നു. എന്നാൽ, പലരും ക്യാമ്പുകളിലും മറ്റുമായതിനാൽ എത്തിച്ചേരാൻ സാധിച്ചില്ല. അങ്ങനെയാണ് ലീവെടുക്കാതെ ജോലി ചെയ്യാമെന്ന് രമ്യ തീരുമാനിച്ചത്. വീട്ടുകാർക്കെല്ലാം ആശങ്കയുണ്ടായിരുന്നെങ്കിലും ആശുപത്രിയിൽ തന്നെ ആണല്ലോ എന്ന ചിന്തയിൽ ജോലി തുടരുകയായിരുന്നു. 17-ന് 12 മണിക്കൂർ തുടർച്ചയായി രണ്ട് ഷിഫ്റ്റിലാണ് രമ്യ ജോലി ചെയ്തത്. സഹപ്രവർത്തകർ ലീവെടുക്കാമെന്ന് നിർദേശിച്ചെങ്കിലും സമ്മതിച്ചില്ല. 18-ന് രാവിലെ പത്ത് മണിക്ക് ജോലിക്കിടെയാണ് വേദന അനുഭവപ്പെട്ടത്. കൂടെയുണ്ടായ ഇൻ-ചാർജ് ലിജി ജി. ജോർജിനോട് കാര്യം പറഞ്ഞു. ഉടനെ അവിടെയുള്ള ഡോക്ടറെ കാണുകയായിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ പ്രസവമുണ്ടാകുമെന്നാണ് ഡോക്ടർ പറഞ്ഞത്. ഉടൻ ജെയ്റ്റ്ലിയെ അറിയിച്ചെങ്കിലും വെള്ളപ്പൊക്കവും റോഡുകളുടെ മോശാവസ്ഥയും കാരണം തൊടുപുഴയിൽ നിന്ന് എത്താനായത് രാത്രി 7.30-ഒാടുകൂടി മാത്രമാണ്. അതുവരെ അമ്മ മാത്രമാണ് കൂടെയുണ്ടായിരുന്നത്. സഹപ്രവർത്തകർ ഈ സമയത്ത് നൽകിയ പിന്തുണ വളരെ വലുതാണ് - രമ്യ പറഞ്ഞു. 19-ന് രാവിലെ 2.45ന് പ്രസവവേദന കനത്തതോടെ ലേബർ റൂമിലേക്ക് മാറ്റി. 7.20ന് രമ്യ ആൺകുഞ്ഞിന് ജന്മം നൽകി. മറ്റ് സങ്കീർണതകളൊന്നുമില്ലാത്തതിനാൽ സുഖപ്രസവം ആയിരുന്നു. 21-ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി. 'ഇനി ആറു മാസം കുഞ്ഞിനൊപ്പം തന്നെ' - രമ്യ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2LGQbTi
via
IFTTT
No comments:
Post a Comment