ചെന്നൈ: അഗതിമന്ദിരത്തിലെ വാർഡനും ജീവനക്കാരും ഉൾപ്പെടെയുള്ളവർ ലൈംഗികമായി ചൂഷണം ചെയ്തെന്ന പെൺകുട്ടികളുടെ പരാതിയിൽ പോലീസ് വിശദമായ അന്വേഷണം നടത്തുന്നു. അഗതിമന്ദിരത്തിലെ കൂടുതൽ അന്തേവാസികൾ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഇതിന്റെഭാഗമായി ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ 26 പേരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനാഫലം വന്നാൽ മാത്രമേ കൂടുതൽപേർ ഇരയായിട്ടുണ്ടോ എന്ന് വ്യക്തമാകുകയുള്ളുവെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. തിരുവള്ളൂരിന് സമീപത്തെ ഒരു സ്വകാര്യ അഗതിമന്ദിരത്തിലെ അന്തേവാസികളായ നാല് പെൺകുട്ടികളാണ് തങ്ങൾ ലൈംഗിക ചൂഷണത്തിന് ഇരയായതായി ദിവസങ്ങൾക്ക് മുമ്പ് വെളിപ്പെടുത്തിയത്. സ്കൂളിൽ സംഘടിപ്പിച്ച നിയമബോധവത്കരണ ക്ലാസിനിടെയായിരുന്നു പെൺകുട്ടികളുടെ വെളിപ്പെടുത്തൽ. തുടർന്ന് നാലുപേരും അഗതിമന്ദിരത്തിന്റെ നടത്തിപ്പുകാർക്കെതിരെ പരാതി നൽകി. ഇവരുടെ പരാതിയിൽ പോലീസ് അഗതിമന്ദിരത്തിൽ റെയ്ഡ് നടത്തുകയും, അഗതിമന്ദിരത്തിന്റെ ട്രസ്റ്റികളായ ജേക്കബ്(64), ഇയാളുടെ ഭാര്യ വിമല ജേക്കബ്(59), ജീവനക്കാരായ ഭാസ്കർ(39), ആർ. മുത്തു(27) എന്നിവരെ പിടികൂടുകയും ചെയ്തു. എന്നാൽ വാർഡനായ ബാബു സാമുവൽ ഒളിവിൽപോയിരിക്കുകയാണ്. ഇയാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ ആകെ 48 പേരാണ് ഈ അഗതിമന്ദിരത്തിൽ അന്തേവാസികളായുള്ളത്. പെൺകുട്ടികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഇവരിൽ കൂടുതൽപേർ പീഡനത്തിനിരയായിട്ടുണ്ടോ എന്നാണ് പോലീസിന്റെ സംശയം. ഇക്കാര്യം പരിശോധിക്കാനാണ് 26 കുട്ടികളെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയത്.
from mathrubhumi.latestnews.rssfeed https://ift.tt/2BOqG2W
via
IFTTT
No comments:
Post a Comment