ചെറുതോണി: മഴ കുറഞ്ഞതും കെ.എസ്.ഇ.ബി.യുടെ നഷ്ടസാധ്യതയും പരിഗണിച്ച് തത്കാലത്തേക്ക് ഇടുക്കി സംഭരണി തുറക്കേണ്ടതില്ലെന്ന് ജില്ലാ കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗം വിലയിരുത്തി. ജലനിരപ്പ് 2398 അടി എത്തിയാൽ മാത്രം മുന്നറിയിപ്പു നൽകി ട്രയൽ റൺ നടത്താൻ മന്ത്രി എം.എം. മണിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി. ട്രയൽ റൺ നടത്തിയാൽ മണിക്കൂറിൽ 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുമെന്ന് കെ.എസ്.ഇ.ബി. ചെയർമാൻ എൻ.എസ്. പിള്ള യോഗത്തിൽ പറഞ്ഞു. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാൽ ഇത്രയും വെള്ളം ഉയരാൻ ദിവസങ്ങളെടുക്കുമെന്നും വ്യക്തമാക്കി. വ്യാഴാഴ്ച രാത്രി ഒമ്പതിന് 2396.18 അടിയാണ് ജലനിരപ്പ്. ബുധനാഴ്ച രാത്രി 2396 അടിയായിരുന്നു. ഒരു ദിവസംകൊണ്ട് 0.18 അടി വെള്ളം മാത്രമാണ് കൂടിയത്. ഈ രീതിയിൽ ഒരടി വെള്ളം കൂടണമെങ്കിൽ ആറുദിവസം വേണമെന്നാണ് കണക്കാക്കുന്നത്. ഇതിനുള്ളിൽ മഴ കൂടിയാൽ മാത്രമേ സാഹചര്യത്തിൽ വ്യത്യാസമുണ്ടാകൂ. ട്രയൽ റൺ എന്തിന്? ചെറുതോണി അണക്കെട്ടിലെ അഞ്ചുഷട്ടറുകളിൽ ഒരെണ്ണം മാത്രമാണ് ട്രയൽ റണ്ണിനായി തുറക്കുക. 10 മിനിറ്റുകൊണ്ട് 50 സെന്റിമീറ്റർ ഷട്ടർ ഉയർത്തും. നാലു മണിക്കൂർ വെള്ളം തുറന്നുവിടും. കാലവർഷത്തിൽ നിറഞ്ഞില്ലെങ്കിലും തുലാവർഷത്തിൽ സംഭരണി നിറയാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ജലമൊഴുകുന്ന വഴിയും നഷ്ടങ്ങളും നേരത്തേ കണക്കാക്കുന്നതിനാണ് ട്രയൽ റണ്ണിനെക്കുറിച്ച് ആലോചിക്കുന്നത്. 1981, 1992 വർഷങ്ങളിൽ തുലാവർഷത്തിലാണ് അണക്കെട്ടു തുറക്കേണ്ടി വന്നത്. മൂലമറ്റത്ത് വ്യാഴാഴ്ച 15.078 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. മുല്ലപ്പെരിയാറിൽ ജലനിരപ്പു താഴ്ന്നതും ആശങ്ക കുറച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് 135 അടിയാണ് ജലനിരപ്പ്. വെള്ളം ഒരടിപോലും താഴില്ല ചെറുതോണിയിൽ നാലു മണിക്കൂർ വെള്ളം തുറന്നാലും സംഭരണിയിലെ ജലനിരപ്പ് ഒരടിപോലും താഴില്ലെന്ന് കെ.എസ്.ഇ.ബി. ചെയർമാൻ എൻ.എസ്. പിള്ള. മുല്ലപ്പെരിയാറിൽനിന്ന് വെള്ളമെത്താനുള്ള സാധ്യത പരിഗണിച്ച് അഞ്ചരയടി കുറച്ചാണ് 2403 എന്ന ശേഷി നിർണയിച്ചിരിക്കുന്നത്. വെള്ളപ്പൊക്കം ഉണ്ടായാൽ പോലും അതിനെ പ്രതിരോധിക്കാൻ ഇടുക്കിക്കാകുമെന്നും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറയുന്നു. ട്രയൽ റണ്ണിനായി സംഭരണി നാലു മണിക്കൂർ തുറന്നാൽ വൈദ്യുതി വകുപ്പിന് 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. സെക്കൻഡിൽ 50 ക്യുബിക് മീറ്റർ ജലമാണ് പുറത്തേക്കൊഴുകുക. ഇങ്ങനെ 7.2 ലക്ഷം ക്യുബിക് മീറ്റർ വെള്ളം നഷ്ടമാകും. ലോവർപെരിയാറിന്റെ സംഭരണശേഷിയായ 45.5 ലക്ഷം ക്യുബിക് മീറ്റർ വെള്ളത്തിന്റെ ആറിൽ ഒരംശത്തോളം മാത്രമാണിത്.
from mathrubhumi.latestnews.rssfeed https://ift.tt/2LYeXm7
via
IFTTT
No comments:
Post a Comment