തൃശ്ശൂർ: തൃശ്ശൂർ എട്ടുമുന കൂവപ്പുഴക്കടുത്തെ തട്ടാരത്ത് രാജീവിന്റെയും കുടുംബത്തിന്റെയും ജീവിതമാർഗ്ഗമായിരുന്നു വീടിനോടുചേർന്നുള്ള പന്നിഫാം. ബാങ്കിൽ നിന്ന് കടമെടുത്ത് ആരംഭിച്ച ഫാം പൂർണ്ണമായും വെള്ളപ്പൊക്കത്തിൽ മുങ്ങി. കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് വിൽപന നടത്തുന്ന ഫാമിലെ ആകെയുണ്ടായിരുന്ന 150 പന്നികളിൽ 12 എണ്ണം ഒഴികെ എല്ലാം ചത്തു. പ്രസവം അടുക്കാറായ 60 പന്നികളും, ഇണചേർക്കുവാനുള്ള മികച്ച അത്യുൽപാദന ശേഷിയുള്ള 10 ആൺ പന്നികളും, രണ്ട് മാസം പ്രായമുള്ള 50 കുട്ടികളും, പൂർണ്ണ വളർച്ചയെത്തിയ 30 പന്നികളും ഫാമിലുണ്ടായിരുന്നു. രക്ഷിച്ച 12 പന്നികളെ താൽക്കാലിക സംവിധാനം ഒരുക്കി മാറ്റിപാർപ്പിച്ചിരിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ ഭൂരിഭാഗം പന്നികളും ഒഴുകിപ്പോയിരുന്നു. 45 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് രാജീവന് ഉണ്ടായിരിക്കുന്നത്. ചേർപ്പ് ഗ്രാമ പഞ്ചായത്തിന്റെയും, ആരോഗ്യ വകുപ്പിന്റെയും, മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ലൈസൻസുള്ള ജില്ലയിലെ വിരലിലെണ്ണാവുന്ന ഫാമുകളിലൊന്നാണ് രാജീവിന്റെത്. ഫാം നശിച്ചതോടെ കർഷകനും കുടുംബവും ആകെ പ്രതിസന്ധിയിലായിരിക്കുകയാണ്. പുഴയിൽ ഒഴുകിനടന്നിരുന്ന പന്നികളെ വ്യാഴാഴ്ച കരയ്ക്കുകയറ്റി സംസ്കരിച്ചു. പതിമൂന്ന് വർഷമായി രാജീവും കുടുംബവും കൂവപ്പുഴയിലെ കുഞ്ഞു വീട്ടിലാണ് താമസം, ആഗസ്ത് 15ന് പുലർച്ചെ ചെറിയ തോതിൽ വെള്ളം കയറിയതിനെ തുടർന്നാണ് വീട്ടിൽ നിന്ന് മാറിയത്. എന്നാൽ തൊട്ടടുത്ത ദിവസം എട്ടുമുന ബണ്ട് തകർന്ന് വലിയ തോതിൽ പരിസരത്ത് വെള്ളം കയറി. മണിക്കൂറുകൾക്കകം പ്രദേശം മുഴുവൻ വെള്ളത്തിനടിയിലായി. പന്നികൾക്കു പുറമേ ഒരു പശുവും വെള്ളപ്പൊക്കത്തിൽ ചത്തു. ക രുവന്നൂർ പുഴയിലുള്ള ഇല്ലിക്കൽ ഡാമിനടുത്ത് എട്ടുമുനയിൽ ബണ്ട് തകർന്നതിനെ തുടർന്നാണ് കൂവപ്പുഴ മേഖലയും പൂർണ്ണമായും വെള്ളത്തിനടിയിലായത്. വീട്ടിൽ വെള്ളം കയറാറുണ്ടെങ്കിലും ആദ്യമായാണ് നാശനഷ്ടം ഉണ്ടാകുന്നത്. രണ്ടുമക്കളും, ഭാര്യയുമൊത്ത് ഫാമിനോട് ചേർന്നുള്ള കൊച്ചു വീട്ടിലാണ് താമസിച്ചിരുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2Ndnjnl
via
IFTTT
No comments:
Post a Comment