തിരുവനന്തപുരം: പ്രളയക്കെടുതിയിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി സൈനിക വിഭാഗങ്ങളിൽനിന്നുള്ള 350 പേരെ സംസ്ഥാനത്ത് വിന്യസിച്ചു. ദുരന്തപ്രതികരണ സേനയുടെ 14 സംഘങ്ങളും രംഗത്തുണ്ട്. ഉന്നതോദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിൽ പ്രവർത്തിക്കുന്ന പ്രത്യേക സെല്ലാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കൂടുതൽ സൈനികസഹായം കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്. പാലക്കാട് ജില്ലയിൽ പ്രവർത്തിച്ചിരുന്ന ദുരന്തപ്രതികരണസേനാ സംഘത്തെ തൃശ്ശൂരിലേക്ക് മാറ്റി. ആലുവ, ചെറുതോണി, വാത്തിക്കുടി എന്നിവിടങ്ങളിൽ ഓരോ സംഘത്തെവീതം നിയോഗിച്ചു. കോഴിക്കോട്ടുനിന്ന് മറ്റൊരു സംഘവും തൃശ്ശൂരിലേക്ക് പോയി. കോഴിക്കോട്, മലപ്പുറം, വയനാട്, ആലപ്പുഴ എന്നിവിടങ്ങളിലാണ് മറ്റു സംഘങ്ങൾ. ആർക്കോണത്തുനിന്നുള്ള 90 അംഗ സംഘവും ഗുണ്ടൂരിൽനിന്നുള്ള 15 അംഗ സംഘവും കൊച്ചി നാവികത്താവളത്തിലെത്തി. നാവികസേനയുടെ 15 മുങ്ങൽവിദഗ്ധർ ഉൾപ്പെടെയുള്ള സംഘം മലപ്പുറത്തുണ്ട്. അഞ്ച് മുങ്ങൽവിദഗ്ധർ അടങ്ങുന്ന 36 അംഗ സംഘത്തെ വയനാട്ടിൽ വിന്യസിച്ചു. നാവികസേനയുടെ ഹെലികോപ്റ്ററും ബോട്ടും രക്ഷാപ്രവർത്തനത്തിനുണ്ട്. പെരിയാറിൽ നിരീക്ഷണവുമായി വ്യോമസേനയും രംഗത്തുണ്ട്. വ്യോമസേനയുടെ എം.ഐ. 17, എ.എൽ.എച്ച്. ഹെലികോപ്റ്ററുകൾ സൂലൂർ വ്യോമസേനാ കേന്ദ്രത്തിൽനിന്നാണ് എത്തിയത്. തമിഴ്‌നാട്ടിലെ ആർക്കോണത്തുനിന്ന് ദേശീയ ദുരന്തപ്രതികരണ സേനാംഗങ്ങളെ എ.എൻ.-32 വിമാനത്തിൽ കോഴിക്കോട്ട് എത്തിച്ചു. എറണാകുളത്തെ താഴ്ന്നപ്രദേശങ്ങളിൽ കോസ്റ്റ് ഗാർഡിന്റെ സേവനം വിനിയോഗിക്കുന്നുണ്ട്. മൂന്ന് എ.എൽ.എച്ച്. ഹെലികോപ്റ്ററുകളും രണ്ട് എം.ഐ. 17 വി ഹെലികോപ്റ്ററുകളും നാല് എ.എൻ. 32 വിമാനങ്ങളും ദുരിതാശ്വാസപ്രവർത്തനത്തിലുണ്ട്. കരസേനയുടെ എട്ടുസംഘമാണ് വിവിധ ജില്ലകളിലുള്ളത്. ഒരുസംഘത്തിൽ മേധാവിയടക്കം 31 പേരുണ്ടാവും. നിലന്പൂരിലെ ചുങ്കത്തറയിലും ഇടുക്കിയിലെ ദേവികുളത്തും സംഘമുണ്ട്. ഡിഫൻസ് സെക്യൂരിറ്റി കോപ്‌സിന്റെ ഒരുസംഘം ഇടുക്കിയിലുണ്ട്. ഇരിട്ടി, താമരശ്ശേരി, വയനാട്, മലപ്പുറം എന്നിവിടങ്ങളിലും സൈനികരെ വിന്യസിച്ചു. കണ്ണൂരിൽനിന്ന് താമരശ്ശേരിയിലെത്തിയ സൈനികർ ചുരത്തിലെ ഗതാഗതം സുഗമമാക്കുന്ന പ്രവർത്തനങ്ങൾ നിർവഹിക്കുന്നു. ബെംഗളൂരുവിൽനിന്ന് മിലിറ്ററി എൻജിനീയറിങ് ഗ്രൂപ്പിന്റെ 37 അംഗസംഘം മലപ്പുറത്തും ഹൈദരാബാദിൽനിന്നുള്ള 32 ഓഫീസർമാരുടെ സംഘം ആലുവയിലുമുണ്ട്. ടെറിട്ടോറിയൽ ആർമിയുടെ 60 അംഗ സംഘവും ഇവിടെയുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2Mh3qyp
via
IFTTT
No comments:
Post a Comment