കൊച്ചി: കേരളത്തെ പ്രളയക്കെടുതിയിലാക്കി ദിവസങ്ങളായി തുടരുന്ന മഴയ്ക്ക് ഞായറാഴ്ച മുതല്‍ കാര്യമായ ശമനം ഉണ്ടാകുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍. ഇന്നുമുതല്‍ മഴയ്ക്ക് നേരിയ ശമനമുണ്ടാകുമെന്നും ഞായറാഴ്ചയ്ക്ക് ശേഷം മഴയില്‍ കാര്യമായ കുറവ് വരുമെന്നുമാണ് സൂചനകള്‍. ഇന്ന് ഇടുക്കി, കോട്ടയം ജില്ലകളില്‍ രാവിലെ നേരിയ തെളിച്ചം ഉണ്ടായശേഷം വീണ്ടും മഴയെത്തിയെങ്കിലൂം കഴിഞ്ഞ ദിവസങ്ങളിലേത് പോലെയുള്ള വ്യാപക മഴ ഉണ്ടായിട്ടില്ല. ഇടുക്കി, വയനാട് ഉൾപ്പെടെയുള്ള ജില്ലകളിൽ മഴ മാറി നിൽക്കുകയാണ്. എറണാകുളം ജില്ലയിലും മഴ കുറഞ്ഞിട്ടുണ്ട്.
അതേസമയം ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്. മഴയുടെ ശക്തി കുറഞ്ഞേക്കുമെങ്കിലും 13 ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇപ്പോഴും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ പെയ്ത മഴ വളരെ കൂടുതലായതിനാൽ നിലവിൽ ചെറിയ മഴ പോലും പ്രശ്നം ഉണ്ടാക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് കടുത്ത ജാഗ്രത തുടരുന്നത്.
പത്തനംതിട്ടയിലെ റാന്നി, കോഴഞ്ചേരി ഭാഗങ്ങളിൽ നിന്ന് വെള്ളം ഇറങ്ങുന്നുണ്ട്. എന്നാൽ ചെങ്ങന്നൂർ, തിരുവല്ല എന്നിവിടങ്ങളിൽ ഒഴുക്ക് ശക്തമാണ്. പെരിയാറിലും ചാലക്കുടിയിലും ജലനിരപ്പ് ഉയർന്ന് തന്നെ നിൽക്കുന്നത് ആശങ്കയായി തന്നെ നിൽക്കുകയാണ്. മഴയുടെ ശക്തി ഇന്ന് കുറഞ്ഞു നില്‍ക്കുന്നത് രക്ഷാപ്രവർത്തനം കൂടുതൽ ഫലപ്രദമായി നടത്താനും സഹായിക്കും. ഉച്ചയ്ക്ക് ശേഷം പല മേഖലകളിലും കാലാവസ്ഥയിൽ മാറ്റം ഉണ്ടാകാനുള്ള സാധ്യത വിദഗ്ധർ പ്രവചിക്കുന്നുണ്ട്.
അതേ സമയം അടുത്ത 24 മണിക്കൂർ നേരത്തേക്ക് വടക്കൻ കേരളം, കർണാടകം, ലക്ഷദ്വീപ് സമുദ്രമേഖലയിൽ മണിക്കൂറിൽ 35 മുതൽ 45 മൈൽ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വന്നിട്ടുണ്ട്. കാറ്റിന്റെ വേഗത അറുപത് മൈൽ വരെ ഉയരാനും സാധ്യതയുണ്ട്. തെക്കൻ കേരളത്തിലും മണിക്കൂറിൽ 55 മൈൽ വരെ വേഗയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും പ്രവചനം ഉണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ഒഡീഷ മേഖലയിൽ നിന്നിരുന്ന ന്യൂനമർദ്ദം മധ്യപ്രദേശിലേക്ക് നീങ്ങി ശക്തികുറഞ്ഞിട്ടുണ്ട്. ഇതിന്റെ ഫലമായി കൊങ്കൺ, ഗോവ, രാജസ്ഥാൻ, മധ്യപ്രദേശ് മേഖലകളിൽ അടുത്ത 24 മണിക്കൂർ മഴയ്ക്ക് സാധ്യതയുണ്ട്.
from mangalam.com https://ift.tt/2BryeZs
via IFTTT
No comments:
Post a Comment