ആലപ്പി രംഗനാഥ് വിടവാങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 16, 2022

ആലപ്പി രംഗനാഥ് വിടവാങ്ങി

കോട്ടയം: സംഗീതസംവിധായകനും ഗായകനുമായ ആലപ്പി രംഗനാഥ് (73) അന്തരിച്ചു. കോവിഡ് ബാധിതനായിരുന്നു. ഭക്തഹൃദയങ്ങളിൽ ഇടംനേടിയ ഒട്ടേറെ അയ്യപ്പഭക്തിഗാനങ്ങൾ രചിക്കുകയും സംഗീതം പകരുകയുംചെയ്ത അദ്ദേഹത്തിന് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ, ഹരിവരാസനം പുരസ്കാരം സമർപ്പിച്ചിരുന്നു. ഇത് സ്വീകരിക്കാൻ ശബരിമലയിലെത്തി. അവിടെ വീരമണി രാജുവുമായിചേർന്ന് ഭക്തിഗാനമേള നടത്തി. ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞ് ഭാഗവതരുടെയും ഗാനഭൂഷണം എം.ജി.ദേവമ്മാളുടെയും മകനാണ്. കാഞ്ഞിരപ്പള്ളി പീപ്പിൾസ് ആർട്സ് ക്ലബ്ബിന്റെ നാടകത്തിന് പാട്ടെഴുതി സംഗീതം നൽകുമ്പോൾ 19 വയസ്സ്. 1982-ൽ പുറത്തിറങ്ങിയ സ്വാമിസംഗീതം കാസറ്റിലെ വൃശ്ചികപ്പൂമ്പുലരി, എന്മനം പൊന്നമ്പലം, സ്വാമി സംഗീതമാലപിക്കും, ശബരീ ഗിരിനാഥാ, 83-ൽ തരംഗിണിയ്ക്കുവേണ്ടി ഒ.എൻ.വി.യുടെ രചനയിൽ ഇറങ്ങിയ നാലുമണിപ്പൂവേ തുടങ്ങിയ ഗാനങ്ങളെല്ലാം ഹിറ്റായിരുന്നു. 42 നാടകങ്ങളും 25 നൃത്തനാടകങ്ങളും എഴുതി സംവിധാനംചെയ്തു. 20 സിനിമകൾക്കും സംഗീതസംവിധാനം നിർവഹിച്ചു. ഭാര്യ: അധ്യാപികയും നർത്തകിയുമായ ബി.രാജശ്രീ. മക്കൾ: നടനും സംവിധായകനുമായ ജയപ്രമോദ് രംഗനാഥ്, പ്രതിഭ, പ്രസീദ. മരുമക്കൾ: മായ, പ്രദീപ്, നാരായണൻ കുട്ടി. സംസ്കാരം തിങ്കളാഴ്ച രണ്ടിന്. രാഗങ്ങളിൽ അഭിരമിച്ച ജീവിതസായാഹ്നം ഹരി ആർ.പിഷാരടി ആലപ്പി രംഗനാഥ് | Photo - Mathrubhumi archives കോട്ടയം: കനകാംഗിമുതൽ രസികപ്രിയവരെയുള്ള 72 മേളകർത്താരാഗങ്ങൾ. ഈ രാഗങ്ങളിലൂടെ ഭാരതീയപൈതൃകത്തിന് അഭിമാനമായ 72 മഹാപ്രതിഭകളെക്കുറിച്ചുള്ള 72 കീർത്തനങ്ങൾ. ശാസ്ത്രീയസംഗീതത്തിലും സാഹിത്യ, ആത്മീയ രംഗങ്ങളിലും അമൂല്യങ്ങളായ സംഭാവന നൽകിയ മഹാരഥന്മാർക്ക് 72 രാഗങ്ങൾ കോർത്തിണക്കി ഒരു സംഗീതാർച്ചന. അന്തരിച്ച സംഗീതസംവിധായകൻ ആലപ്പി രംഗനാഥ് തന്റെ സംഗീതജീവിതത്തിന്റെ സായന്തനകാലത്ത് ഈ ഉദ്യമത്തിലായിരുന്നു. അപൂർവമായ ഈ സംഗീതസപര്യക്കായി സ്വയം സമർപ്പിച്ച നാളുകളിലാണ് ഈ വേർപാട്. ഓരോ മഹാവ്യക്തിയെക്കുറിച്ചും ഓരോ രാഗത്തിലാണ് കീർത്തനം. അതായിരുന്നു ലക്ഷ്യം. രചനയും സംഗീതവും അദ്ദേഹംതന്നെയായിരുന്നു. 72 മേളകർത്താരാഗങ്ങളാണ് കർണാടകസംഗീതത്തിന്റെ അടിത്തറ. ഈ രാഗങ്ങളെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു കീർത്തനം ചിട്ടപ്പെടുത്തുകയായിരുന്നു അദ്ദേഹം. വേദവ്യാസൻ, വാല്മീകി, ശങ്കരാചാര്യർ, മേൽപത്തൂർ, എഴുത്തച്ഛൻ, കാളിദാസൻ, ശ്രീനാരായണഗുരുദേവൻ, ശ്രീരാമകൃഷ്ണപരമഹംസർ, രമണമഹർഷി, സ്വാമി വിവേകാനന്ദൻ, ശാരദാദേവി, പൂന്താനം തുടങ്ങിയ ആത്മീയ, സാഹിത്യ രംഗങ്ങളിലെ ഗുരുക്കന്മാരെക്കുറിച്ചും ത്യാഗരാജസ്വാമികൾ, മുത്തുസ്വാമി ദീക്ഷിതർ, സ്വാതിതിരുനാൾ, ശ്യാമശാസ്ത്രികൾ, പുരന്ദരദാസൻ തുടങ്ങിയ സംഗീതരംഗത്തെ കുലപതികളെക്കുറിച്ചുമായിരുന്നു കീർത്തനസമാഹാരം. ശാസ്ത്രീയസംഗീതരംഗത്ത്ഒരു ഗവേഷണമാണ് എന്റെ ഈ പരിശ്രമം. ഒപ്പം ഭാരതീയപൈതൃകത്തിന് സംഗീതാർച്ചനയും. കർണാടകസംഗീതത്തിലെ എല്ലാ രാഗങ്ങളും കോർത്തിണക്കി ഒരു കീർത്തനമെന്നത് മോഹമായിരുന്നു. വരുംതലമുറയിലെ സംഗീതവിദ്യാർഥികൾക്ക്് രാഗങ്ങൾ പരിചയപ്പെടാൻ ഇതൊരു മുതൽക്കൂട്ടാകണമെന്നാണ് ആഗ്രഹം.-തന്റെ പരിശ്രമത്തെക്കുറിച്ച് രംഗൻമാഷിന്റെ വാക്കുകൾ ഇതായിരുന്നു. കോട്ടയത്തെ സ്വാമിയാർമഠത്തിലാണ് കീർത്തനങ്ങൾ ചിട്ടപ്പെടുത്തിയിരുന്നത്. ചിറ്റൂർ സംഗീതകോളേജിൽനിന്ന് സംഗീതത്തിൽ എം.എ. നേടിയ ചേർത്തല സ്വദേശി കെ.എസ്.ബിനു ആനന്ദാണ് മാഷിന്റെ സന്തതസഹചാരിയായും ശിഷ്യനായും ഈ സംഗീതസപര്യയുടെ ഭാഗമായി ഒപ്പമുണ്ടായിരുന്നത്. കീർത്തനസമാഹാരം പിന്നീട് സംസ്ഥാനസർക്കാരിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗുരുരത്നപഞ്ചകം എന്ന ദക്ഷിണ ത്യാഗരാജസ്വാമികളുടെ പാത പിന്തുടർന്ന് കഴിഞ്ഞവർഷമാദ്യം മലയാളത്തിൽ പഞ്ചരത്നകൃതികൾ ചിട്ടപ്പെടുത്തി അവതരിപ്പിച്ചതായിരുന്നു മറ്റൊരു പരീക്ഷണം. ഗുരുരത്നപഞ്ചകം എന്ന ഈ കൃതി കർണാടകസംഗീതത്തിലെ അഞ്ച് ഗുരുക്കന്മാരായ പുരന്ദരദാസൻ, ത്യാഗരാജസ്വാമികൾ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമശാസ്ത്രികൾ, സ്വാതിതിരുനാൾ എന്നിവരെക്കുറിച്ചായിരുന്നു. ഗുരുവന്ദനമാണ് നമ്മുടെ സംഗീതസംസ്കാരത്തിന്റെ അടിത്തറ. കർണാടകസംഗീതത്തിലെ മഹാത്മാക്കളുടെ കൃതികൾ സംഗീതവേദികളിൽ നാം വർഷങ്ങളായി പാടുന്നു; ആസ്വദിക്കുന്നു. എന്നാൽ ഈ ഗുരുക്കന്മാരെ ആരാധിച്ചുെകാണ്ട് ഒരു കീർത്തനം ഇതുവരെ ആരും ചെയ്തിട്ടില്ല. ഈ കുറവ് നികത്താനാണ് അഞ്ച് മഹാവ്യക്തികളുടെ ജീവിതത്തിന്റെ രത്നച്ചുരുക്കം പഞ്ചരത്നകൃതികളുടെ രൂപത്തിൽ ചിട്ടപ്പെടുത്തിയത്.-രംഗൻമാഷ് അന്ന് പറഞ്ഞിരുന്നു. യേശുദാസ് ഉൾപ്പെടെയുള്ള സംഗീതരംഗത്തെ പ്രമുഖരെല്ലാം ഗുരുരത്നപഞ്ചകത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് പങ്കുവെച്ചത്. 72 മേളകർത്താരാഗങ്ങളിൽ കീർത്തനങ്ങൾ ചിട്ടപ്പെടുത്താനുള്ള ഉദ്യമത്തിന് ആത്മവിശ്വാസമായതും ഇതുതന്നെയായിരുന്നു. സംഗീതവഴികളിൽ സമർപ്പിതജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ആരാന്റെ മുല്ല കൊച്ചുമുല്ല, പപ്പൻ പ്രിയപ്പെട്ട പപ്പൻ തുടങ്ങി ആറ് ചിത്രങ്ങൾക്കും അദ്ദേഹം സംഗീതം നൽകി. അമ്പാടി തന്നിലൊരുണ്ണി എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. കാട്ടിൽ കൊടുംകാട്ടിൽ (ആരാന്റെ മുല്ല കൊച്ചുമുല്ല ), ശാലീനസൗന്ദര്യമേ (ആരാന്റെ മുല്ല കൊച്ചുമുല്ല ), ഉത്രാടക്കിളിയേ (മടക്കയാത്ര ) തുടങ്ങിയവയാണ് ഹിറ്റ് ഗാനങ്ങൾ. ത്യാഗരാജസ്വാമികളെപ്പറ്റി ദൂരദർശനിൽ 17 എപ്പിസോഡുള്ള പരമ്പരയും, അറിയാതെ എന്നൊരു ടെലിഫിലിമും സംവിധാനം ചെയ്തിട്ടുണ്ട്. എം.ജി. സർവകലാശാല സയൻസ് ഓഫ് മെലഡി ആൻഡ് ഹാർമണി വിഭാഗത്തിൽ അതിഥി അധ്യാപകനായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/33nUJNu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages