അരുണാചലിലെ 15 പ്രദേശങ്ങള്‍ക്ക് ചൈനീസ് പേരുകള്‍, പാംഗോങ്ങിലെ പാലംപണി; അതിരുവിട്ട് ചൈന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 13, 2022

അരുണാചലിലെ 15 പ്രദേശങ്ങള്‍ക്ക് ചൈനീസ് പേരുകള്‍, പാംഗോങ്ങിലെ പാലംപണി; അതിരുവിട്ട് ചൈന

അതിർത്തി സംഘർഷം ലഘൂകരിക്കാൻ കഴിഞ്ഞദിവസം നടന്ന സൈനികമേധാവിതല ചർച്ച പതിമൂന്ന് മണിക്കൂർ നീണ്ടു. കിഴക്കൻ ലഡാക്കിലെ കടന്നുകയറ്റങ്ങളിൽനിന്നും പിന്മാറാനും ഡെപ്സാങ്ങ് മുനമ്പിലെയും ദെംചോകിലെയും സംഘർഷം അവസാനിപ്പിക്കാനും ഇന്ത്യ ആവശ്യപ്പെട്ടു. ചർച്ച പക്ഷേ, ലക്ഷ്യത്തിലെത്തിയില്ല. അയൽക്കാരുടെ അതിർത്തികളിൽ നിരന്തരമായ പ്രശ്നങ്ങളുണ്ടാക്കുക എന്നത് ചൈനയുടെ പ്രഖ്യാപിത നയമാണോ ഇന്ത്യൻ നയതന്ത്രം ഏറ്റവും സജീവമായി നടന്ന ഒരു വർഷമായിരുന്നു 2021. മഹാമാരിയുടെ മധ്യത്തിലും ഇന്ത്യൻനേതാക്കൾ വിശേഷിച്ചും വിദേശമന്ത്രി ജയ്ശങ്കർ ധാരാളം യാത്രചെയ്യുകയും വിവിധ കൂട്ടായ്മകളിൽ പങ്കെടുക്കുകയും ചെയ്തു. പ്രത്യേകം തിരഞ്ഞെടുത്ത സുഹൃത്തുക്കളോടു മാത്രമല്ല ഇന്ത്യ സമ്പർക്കം പുലർത്തിയത്. അമേരിക്കയോടും ചൈനയോടും റഷ്യയോടും സംഭാഷണം നടത്തി. പാകിസ്താനോടും താലിബാനോടും ബന്ധം പുലർത്തി. കോവിഡ് പ്രതിരോധമായാലും ലോകസമാധാനമായാലും ഇൻഡോ പസഫിക്കിലെ സമാധാനപാലനമായാലും പുതിയ ശീതസമരമായാലും പരിസ്ഥിതിപ്രശ്നമായാലും ഇന്ത്യയുടെ ശബ്ദം ഉയർന്നുകേട്ടു. രക്ഷാസമിതി പ്രസിഡന്റെന്ന നിലയിൽ ലോകകാര്യങ്ങളിൽ ഇടപെട്ടു. എന്നാൽ, ഏറ്റവും പ്രധാനമായ രണ്ടു പ്രശ്നങ്ങളിൽ ഇന്ത്യക്ക് നിരാശയാണുണ്ടായത്. ചൈനയെ തർക്ക പ്രദേശങ്ങളിൽനിന്ന് തുരത്താനും അഫ്ഗാനിസ്താനിൽ പ്രാതിനിധ്യസ്വഭാവമുള്ള ഒരു സർക്കാർ സ്ഥാപിക്കാനും ഇന്ത്യക്ക് കഴിഞ്ഞില്ല. പുതുവത്സരത്തിൽ ചൈനീസ് അതിർത്തിയിൽ നിന്നുവരുന്ന വാർത്തകൾ ശുഭകരമല്ല. സൈനികതലത്തിൽ അതിർത്തിച്ചർച്ച നടന്നുവെങ്കിലും ചൈനയുടെ സൂചനകൾ വ്യക്തമാണ്. ഇവ പ്രകോപനപരമല്ല എന്നു കരുതാമെങ്കിലും അവയിൽനിന്ന് മനസ്സിലാക്കേണ്ടത്, പിടിച്ചെടുത്തിരിക്കുന്ന പ്രദേശങ്ങൾ സംരക്ഷിക്കാനും അവരുടെ അവകാശവാദങ്ങൾ ശക്തിപ്പെടുത്താനും അവർക്ക് മടിയില്ല എന്നതാണ്. ആദ്യത്തെ സംഭവം ചൈനീസ് സൈന്യം പുറത്തുവിട്ട ഒരു വീഡിയോ ആയിരുന്നു. ഗാൽവൻ താഴ്വരയിൽ ചൈനീസ് സൈന്യം ഒത്തുചേർന്ന് നവവത്സരാഘോഷങ്ങൾ നടത്തുന്നതിന്റെ ദൃശ്യങ്ങൾ. ഒരു വലിയ ചൈനീസ് പതാക പ്രദർശിപ്പിച്ചുകൊണ്ടാണ് അവർ ചൈനീസ് ഗാനങ്ങൾ പാടുകയും നൃത്തംചെയ്യുകയും ചെയ്തത്. ആ പതാക ചൈനീസ് തലസ്ഥാനത്ത് പാറിയിരുന്ന പതാകയാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഗാൽവൻ താഴ്വരയുടെ എൺപതുശതമാനവും ചൈനയുടെ അധീനത്തിൽത്തന്നെ ആയതിനാൽ ഈ ആഘോഷം ഒരു ഭീഷണിയായി കാണേണ്ടതില്ല. എന്നാൽ, ചൈന സാധാരണയായി ചെയ്യുന്ന പലകാര്യങ്ങൾക്കും എന്തെങ്കിലും പ്രത്യേക അർഥം ഉണ്ടാകാറുണ്ട്. ഗാൽവൻ താഴ്വര അവരുടെ കൈയിലാണെന്ന ഒരു യാഥാർഥ്യം ലോകത്തെ അറിയിക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം. ഇന്ത്യ ഇതിനോട് പ്രതികരിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെങ്കിലും ചൈനയുടെ ഉദ്ദേശ്യം ശ്രദ്ധേയമായിരുന്നു. മനഃസംബന്ധമായ യുദ്ധത്തിന്റെ ഭാഗമായിവേണം ഇതിനെ കണക്കാക്കാൻ. ഇതുസംഭവിച്ചത് ഇരുസൈന്യങ്ങളും പുതുവത്സരത്തിന്റെ ഭാഗമായി മധുരപലഹാരങ്ങൾ കൈമാറിയ അവസരത്തിലാണ് എന്നതും പ്രാധാന്യം അർഹിക്കുന്നു. രണ്ടാമത്തെ സംഭവം അരുണാചൽപ്രദേശിലാണ്. ചൈന അരുണാചൽപ്രദേശിനെ ദക്ഷിണ ടിബറ്റ് എന്നു വിളിക്കുകയും ആ സംസ്ഥാനം മുഴുവൻ ചൈനയുടേതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ലോകം മുഴുവൻ അരുണാചൽപ്രദേശിനെ ഇന്ത്യയുടെ ഭാഗമാണെന്ന് അംഗീകരിച്ചിട്ടുണ്ട്. എന്നിട്ടും ചൈനയുടെ അവകാശം സ്ഥാപിക്കുന്നതിന്റെ ഭാഗമായി അരുണാചൽപ്രദേശിലെ 15 പ്രദേശങ്ങൾക്ക് ചൈനീസ് പേരുകൾ പ്രഖ്യാപിക്കുകയാണ് ചൈന പുതുവത്സരത്തിൽ ചെയ്തത്. ചൈനീസ് ഭൂപടങ്ങളിൽ ഈ പ്രദേശങ്ങളുടെ പുതിയ പേരുകൾ ഉണ്ടാകുമെന്നതിൽക്കവിഞ്ഞ് ഇതിന് വലിയ പ്രാധാന്യമില്ല. എന്നാൽ, ചൈന ഈയിടെ പ്രഖ്യാപിച്ച പുതിയ അതിർത്തിനിയമങ്ങൾ ജനുവരിയിൽ പ്രാബല്യത്തിൽ വന്നതിന്റെ ഭാഗമായാണ് ചൈന പേരുമാറ്റം നടത്തിയതെന്നത് പ്രാധാന്യം അർഹിക്കുന്നു. ഇന്ത്യ ഇതിനെതിരേ ശക്തമായി പ്രതികരിക്കുകയും ചെയ്തു. ഇവയെക്കാൾ ഗുരുതരവും തന്ത്രപരവുമായ നീക്കമാണ് ചൈന പാംഗോങ് നദിയുടെ ഏറ്റവും ഇടുങ്ങിയ ഭാഗത്ത് ഒരു പാലംപണി ആരംഭിച്ചത്. കഴിഞ്ഞവർഷം ഇന്ത്യയുടെ ഭാഗത്തുതന്നെയുള്ള കൈലാസ് കൊടുമുടിയിൽ ഇന്ത്യൻ സൈന്യം പ്രവേശിച്ചപ്പോൾ ചൈന വളരെയധികം പ്രതിഷേധിക്കുകയും ഇന്ത്യ അവിടെനിന്ന് പിന്മാറുകയും ചെയ്തു. എന്നാൽ, ഇനിയും ഇന്ത്യ അവിടെ പ്രവേശിക്കുകയും ചൈനീസ് സൈന്യത്തിന്റെ നീക്കങ്ങൾ കാര്യമായി മനസ്സിലാക്കുകയും ചെയ്യുമെന്ന ഭയംകാരണമാണ് പുതിയപാലം പണിയാൻ ചൈന തീരുമാനിച്ചത്. 1958 മുതൽ ചൈനീസ് അധീനതയിലുള്ള ഘർനാക്ക് കോട്ടയുടെ അടുത്താണ് ഈ പാലം. അതിനാൽ ഇന്ത്യക്ക് എതിർക്കാൻ കഴിയാത്ത ഒരു നടപടിയായിരുന്നു ഈ പാലംനിർമാണം. അത് നിയന്ത്രണരേഖയിൽനിന്ന് 18 മൈൽ അകലെ ചൈനീസ് ഭാഗത്താണുതാനും. എന്നാലും ഈ പാലം നിർമിക്കുകവഴി ചൈനയ്ക്കുള്ള നേട്ടം അവരുടെ സൈനികനീക്കങ്ങൾക്കുള്ള ദൂരം 150 കിലോമീറ്ററിൽനിന്ന് 40 കിലോമീറ്ററായി കുറഞ്ഞു എന്നുള്ളതാണ്. ഇന്ത്യ വീണ്ടും കൈലാസ് കൊടുമുടിയിൽ പ്രവേശിച്ചാൽ അതിനെതിരായുള്ള ഒരു തയ്യാറെടുപ്പ് എന്ന നിലയിലാണ് ഈ പാലം നിർമിക്കപ്പെട്ടത്. ചൈനീസ് അതിർത്തിയിൽനിന്ന് വാർത്തകളൊന്നുമില്ല. അതിനാൽ ചൈനയുടെ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള ശ്രമങ്ങളായിവേണം ചൈനയുടെ പുതുവത്സരപരിപാടികൾ കാണേണ്ടത്. ചൈന പിന്മാറാതെതന്നെ മുന്നോട്ടുപോകാനുള്ള ശ്രമമാണ് നടത്തുന്നത്. ഇന്ത്യ അടിസ്ഥാനസൗകര്യങ്ങളും സൈനികശക്തിയും വർധിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾ പരസ്യപ്പെടുത്തുന്നുമില്ല. ചൈനയുമായുള്ള സാമ്പത്തികബന്ധങ്ങൾ ശക്തിപ്പെട്ടുവരുകയുമാണ്. എന്നാലും ചൈനയുടെ പ്രവൃത്തി അതിർത്തി വീണ്ടും സംഘർഷഭരിതമാക്കുമെന്നും കാര്യങ്ങൾ അപകടത്തിലേക്ക് നീങ്ങുമെന്നുമുള്ള സൂചനകളായിവേണം കരുതാൻ. വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായിരുന്നു ലേഖകൻ Content Highlights:India- China border dispute; T.P.Sreenivasan writes


from mathrubhumi.latestnews.rssfeed https://ift.tt/3GwyzXG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages