തിര തീരം വിഴുങ്ങിയ സുനാമി ദുരന്തത്തിന് പതിനേഴ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 25, 2021

തിര തീരം വിഴുങ്ങിയ സുനാമി ദുരന്തത്തിന് പതിനേഴ്

2004 ഡിസംബർ 26ന് ഓർക്കാപ്പുറത്താണ് കടൽ കമിഴ്ത്തിയൊഴിച്ചപോലെ തിര തീരം വിഴുങ്ങിയത്. ഇന്ത്യൻ സമയം പുലർച്ചെ 6.29ന് ഇൻഡൊനീഷ്യയിലെ സുമാത്ര ദ്വീപിൽ റിക്ടർ സ്കെയിലിൽ 9.1 തീവ്രതയിൽ ഭൂമി കുലുങ്ങി. അടിച്ചുയർന്ന തിരമാലകൾ കൊണ്ടുപോയത് രണ്ടേമുക്കാൽ ലക്ഷം ജീവൻ. അടിച്ചൊഴുക്കിക്കളഞ്ഞത് ഒരായുസ്സിന്റെ അധ്വാനവും സമ്പാദ്യവും. ഇന്ത്യൻ മഹാസമുദ്രത്തിലെ തിരയിളക്കം അതിന്റെ പ്രഭവസ്ഥാനത്തു നിന്ന് 1600 കി.മീ. അകലെ ശ്രീലങ്കയിലും ഇങ്ങ് കേരളത്തിൽ വരെയുമെത്തി. കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂർ ജില്ലകളുടെ തീരങ്ങളെയും തിര നക്കിയെടുത്തു. ക്രിസ്മസ് രാത്രിയിലെ ആഘോഷം കഴിഞ്ഞ് ഉറക്കമുണർന്നപ്പോൾ അന്ന് കടലിന് എന്തോ പന്തികേട് ഉള്ളതുപോലെയാണ് പലർക്കും തോന്നിയത്. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ കടൽ കരയിലേക്ക് തള്ളിക്കയറി. കൊല്ലം, ആലപ്പുഴ കടപ്പുറങ്ങളിലെ വീടുകളെ തിരമാല വിഴുങ്ങി. അധികം സമയം വേണ്ടിവന്നില്ല നൂറിലേറെ പേരെ കടൽ കൊണ്ടുപോയി. പതിനാല് രാജ്യങ്ങളിലെ 2,30,000 പേരെ കൊന്നൊടുക്കിയ സുനാമി ദുരന്തത്തിന് പതിനേഴ് വയസ്സ്. അമേരിക്കൻ ജിയോളജിക്കൾ സർവേയുടെ കണക്ക് പ്രകാരം ഹിരോഷിമയിൽ പ്രയോഗിച്ച പോലുള്ള 23,000 അണുബോംബുകൾ പൊട്ടിയാലുണ്ടാകുന്നത്ര ഊർജമാണ് ഭൂചലനത്തെ തുടർന്ന് പുറത്തുവന്നത്. ചിലസ്ഥലങ്ങളിൽ സുനാമി തിരകൾ തീരത്തോടടുത്തപ്പോൾ 30 അടിവരെ ഉയരമുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ 30 മീറ്റർ വരെ ഉയരത്തിൽ പൊങ്ങിയ തിരമാലകൾ അന്ന് സർവതും തച്ചുതകർത്തു. 2004 ഡിസംബർ പുലർച്ചെ 6.28ന് ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിന് സമീപമുണ്ടായ സമുദ്ര ഭൂകമ്പത്തെത്തുടർന്നാണ് സുനാമികൾ ഉണ്ടായത്. വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്തുനിന്ന് 160 കിലോമീറ്റർ മാറിയാണ് റിക്ടർ സ്കെയിലിൽ 9.1 തീവ്രതയുള്ള ഭൂകമ്പമുണ്ടായത്. ഇവിടെ ഭ്രംശ മേഖലയിൽ ഇന്ത്യൻ ഭൂഫലകം ബർമാ ഫലകത്തിനടിയിലേക്ക് തള്ളിക്കയറി. 1300 കിലോമീറ്റർ നീളംവരുന്ന പ്രദേശത്ത് ഭൂമിയുടെ അടിത്തട്ട് 15 മുതൽ 20 മീറ്റർ വരെ ഉയർന്നുപൊങ്ങി. ഈ പ്രദേശത്തുനിന്ന് തള്ളിയ വെള്ളമാണ് വൻ തിരമാലകളായി എല്ലാ ഭാഗത്തേക്കും വ്യാപിച്ചത്. ഭൂകമ്പവും സുനാമിയുംമൂലം ഇൻഡൊനീഷ്യയിലാണ് കനത്ത നാശമുണ്ടായത്. ശ്രീലങ്ക, ഇന്ത്യ, തായ്ലൻഡ് എന്നിവിടങ്ങളിലും വൻ നാശനഷ്ടമുണ്ടായി. ഇൻഡൊനീഷ്യയിൽ 167799 പേരാണ് മരിച്ചത്. 37063 പേരെ കാണാതായി. ശ്രീലങ്കയിൽ 35322 പേരും ഇന്ത്യയിൽ 18045 പേരും മരിച്ചു. തമിഴ്നാട്ടിൽ നാഗപട്ടണം, കന്യാകുമാരി ഭാഗങ്ങളിലാണ് കൂടുതൽ ജീവഹാനിയുണ്ടായത്. നാഗപട്ടണം ജില്ലയിൽ 5000 പേർ മരിച്ചു. ആഴമേറിയ സമുദ്രത്തിൽ സുനാമികളെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല. ചെറിയ ഉയരമേ തിരമാലകൾക്ക് ഉണ്ടാകു. കരയിലെത്തുമ്പോഴാണ് ഇവ ഉയർന്നുപൊങ്ങുന്നത്. മണിക്കൂറിൽ 500-1000 കിലോമീറ്ററാണ് ഇതിന്റെ സഞ്ചാരം. എ.ഡി. 1300ലും 1450ലും ഇന്ത്യൻ മഹാസമുദ്രത്തിൽ സുനാമി ഉണ്ടായതായി രേഖകളുണ്ട്. ഇന്ത്യ, ഓസ്ട്രേലിയ, ബർമ ഭൂഫലകങ്ങൾ ചേരുന്ന സ്ഥലമാണ് സുമാത്ര. ഇത് ഭൂകമ്പമേഖലയാണ്. നീങ്ങിക്കൊണ്ടിരിക്കുന്ന ബർമ ഭൂഫലകത്തിലാണ് അന്തമാൻ നിക്കോബാർ ദ്വീപും സുമാത്രയും. ഇവിടെ ഇനിയും ഭൂകമ്പങ്ങൾ പ്രതീക്ഷിക്കാം. റിക്ടർ സെ്കയിലിൽ 7.2ന് മുകളിൽ തീവ്രതയുള്ള ഭൂസമുദ്ര ഭൂകമ്പത്തിൽ സുനാമി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഭൂകമ്പങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നായിരുന്നു ശാസ്ത്രത്തിന്റെ ആദ്യകാല നിഗമനങ്ങൾ. എന്നാൽ ഇതിൽ വേണ്ടത്ര ഗവേഷണങ്ങൾ ഉണ്ടായില്ല. മാത്രമല്ല സുനാമി നിരീക്ഷണ സംവിധാനങ്ങളും ഏർപ്പെടുത്തിയിരുന്നില്ല. ശാന്തസമുദ്രത്തിന്റെ ചുറ്റമുള്ള പ്രദേശങ്ങൾ ഭൂകമ്പമേഖലയാണ്. ഇവിടങ്ങളിൽ ഭൂകമ്പവും സുനാമിയും സാധാരണമാണ്. ഭൂകമ്പങ്ങളും സുനാമിയെയും അതിജീവിക്കാൻ കഴിയുന്ന രീതിയിലാണ് ഇവിടെ കെട്ടിടങ്ങൾ പണിയുന്നത്. എന്നാൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങളിൽ ഇത്തരത്തിലൊരു മുൻകരുതൽ ഉണ്ടാകുന്നില്ല. 2004ലെ സുനാമി ദുരന്തത്തിനുശേഷം ഇന്ത്യൻ മഹാസമുദ്രത്തിന് ചുറ്റുമുള്ള രാജ്യങ്ങൾ ചേർന്ന് സുനാമി നിരീക്ഷണ ശൃംഖല ഉണ്ടാക്കിയിട്ടുണ്ട്. യുനസ്കോയുടെ ഇന്റർ ഗവണ്മെന്റൽ കോഓർഡിനേഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണിത്. എല്ലാ രാജ്യങ്ങളിലേയും സുനാമി മുന്നറിയിപ്പ് കേന്ദ്രങ്ങൾ കൂട്ടിയിണക്കിയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഭൗമശാസ്ത്രമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസിന് (INcois) കീഴിലാണ് ഇന്ത്യയിലെ നിരീക്ഷണ സംവിധാനം പ്രവർത്തിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഈ സ്ഥാപനം സമുദ്രത്തിന്റെ ടൈഡ് ഗേജുകളും ബോയും സ്ഥാപിച്ച് ഉപഗ്രഹസഹായത്താലാണ് നിരീക്ഷണം നടത്തുന്നത്. സമുദ്ര ഭൂകമ്പമുണ്ടായാൽ സ്ഥാപനം സുനാമി മുന്നറിയിപ്പ് നൽകാറുണ്ട്. ഈ മുന്നറിയിപ്പ് എല്ലാ സംസ്ഥാനങ്ങൾക്കും നൽകുന്നുണ്ട്. ഭൂകമ്പ പ്രഭവകേന്ദ്രത്തിൽ നിന്ന് സുനാമി ഉണ്ടായാൽ അത് സഞ്ചരിച്ച് കരയിലെത്തുന്നത് പല സമയത്താണ്. ഈ സമയത്തിനുള്ളിൽ തീരദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ കഴിയും. അത് ചെയ്യേണ്ടത് സംസ്ഥാനങ്ങൾക്ക് കീഴിലുള്ള ദുരന്തനിവാരണ സമിതികളാണ്. സുമാത്രയിൽ രാവിലെ 6.28ന് ഭൂകമ്പമുണ്ടായി മൂന്ന് മണിക്കൂർ കഴിഞ്ഞാണ് ഇത് ഇന്ത്യൻ തീരത്തെ ആക്രമിച്ചത്. കേരളത്തിൽ സുനാമി ആഞ്ഞടിച്ചപ്പോൾ സമയം പതിനൊന്ന് കഴിഞ്ഞിരുന്നു. ഭൂകമ്പം ഉണ്ടായി സുനാമി മുന്നറിയിപ്പ് കിട്ടുമ്പോൾ തന്നെ ജനങ്ങളെ സുരക്ഷിത സ്ഥാാനങ്ങളിലേക്ക് മാറ്റാൻ കഴിഞ്ഞാൽ ജീവഹാനിയും നാശനഷ്ടവും കുറയ്ക്കാൻ കഴിയും. Content Highlights:Tsunami Tragedy 17th anniversary today


from mathrubhumi.latestnews.rssfeed https://ift.tt/3HbxXqj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages