ആലപ്പുഴ: ‘ഇവിടം പട്ടികജാതി കോളനിയാക്കാൻ അനുവദിക്കില്ല. ഒരു പട്ടികജാതിക്കാരിയും ഇവിടെ വീടുവെക്കാമെന്നു വിചാരിക്കേണ്ടാ’- ചിലരുടെ ഈ ഭീഷണിയിൽ നടുങ്ങി ചോരുന്ന പ്ലാസ്റ്റിക് കൂരയിൽ കഷ്ടപ്പെടുകയാണ് പല്ലന കടവിൽപ്പറമ്പിൽ ചിത്രയും കുടുംബവും. ഒരുവർഷമായി ഈ സ്ഥിതി തുടരുകയാണ്. വീടു നിർമിക്കാനായി കൊണ്ടുവന്ന മെറ്റലും ഇഷ്ടികയും കാടുകയറിക്കിടക്കുന്നു. ‘മാറ്റുവിൻ ചട്ടങ്ങളേ...’ എന്നെഴുതിയ കവി കുമാരനാശാൻ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിലാണ് ഈ ജാതിവിവേചനം. ഹരിപ്പാട് ബ്ലോക്ക് രണ്ടുവർഷം മുമ്പാണ് ചിത്രയ്ക്കും കുടുംബത്തിനുമായി 3.70 ലക്ഷം രൂപയ്ക്ക് അഞ്ചുസെന്റ് സ്ഥലം വാങ്ങിനൽകിയത്. 14 വർഷമായി ഇവർ വാടകവീട്ടിലാണു താമസിക്കുന്നത്. തൃക്കുന്നപ്പുഴ ഗ്രാമപ്പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടുവെക്കാൻ നാലുലക്ഷം രൂപ അനുവദിച്ചു. അതിന്റെ ആദ്യഗഡുവായി 40,000 രൂപ നൽകി. ഇതിന് മെറ്റലും സിമന്റുകട്ടയും കൊണ്ടുവന്നത് സമീപത്തെ മൂന്നുവീട്ടുകാർ ജാതീയമായി അധിക്ഷേപം ചൊരിഞ്ഞ് തടഞ്ഞിട്ടു.പഞ്ചായത്തുറോഡിലൂടെ സാധനങ്ങൾ കൊണ്ടുപോകാൻ അനുവദിക്കുന്നില്ലെന്നുകാണിച്ച് ചിത്ര പോലീസിൽ പരാതി നൽകിയെങ്കിലും സംരക്ഷണം കിട്ടിയില്ല. വണ്ടി കത്തിക്കുമെന്ന ഭീഷണിയിൽ വഴിയരികിൽ സാധനമിറക്കി വണ്ടിക്കാർ പോയി.പദ്ധതിനിർവഹണ ഉദ്യോഗസ്ഥനും വില്ലേജ് എക്സ്‌റ്റൻഷൻ ഓഫീസറുമായ ടി.എസ്. അരുൺകുമാർ മാർച്ച് 16-ന് തൃക്കുന്നപ്പുഴ പോലീസിൽ രേഖാമൂലം പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ചിത്രയുടെ വീട്ടിലേക്ക് ഈ റോഡിലൂടെ ഗ്യാസ് സിലിൻഡർ എത്തിക്കുന്നതും ഇവർ വിലക്കിയിരിക്കുകയാണ്. കക്കൂസ് നിർമിക്കാനായിട്ടില്ല.ചിത്രയുടെ ഭർത്താവ് ധനേഷ് പക്ഷാഘാതം വന്നുകിടക്കുകയാണ്. ശക്തമായി മഴപെയ്താൽ വെള്ളംകെട്ടിനിൽക്കുന്ന വീട്ടിലെ കട്ടിലിലാണിയാൾ. ആവശ്യംവന്നാൽ ആംബുലൻസ് പോലും സമീപവാസികൾ കടത്തിവിടില്ലെന്ന ഭയവും ഇവർക്കുണ്ട്. പ്ലസ് വൺ വിദ്യാർഥിയായ മകനും അഞ്ചാംക്ലാസുകാരിയായ മകളും ഈ കൂരയ്ക്കുള്ളിലുണ്ട്. കയർപിരിച്ചുകിട്ടുന്ന ചെറിയവരുമാനംകൊണ്ടാണ് ചിത്ര കുടുംബം നയിക്കുന്നത്.കളക്ടർക്ക് റിപ്പോർട്ട് നൽകിനമ്മുടെ സമൂഹം ഇങ്ങനെയായതെങ്ങനെയെന്നറിയില്ല. കോടതിയുത്തരവ് ഉൾപ്പെടെ ചിത്രയ്ക്ക് അനുകൂലമാണ്. ദയനീയമാണ് അവരുടെ സ്ഥിതി. പഞ്ചായത്തുറോഡിലൂടെ നിർഭയം സാധനസാമഗ്രികൾ കൊണ്ടുപോകാം. പ്രശ്നം കളക്ടറെ ധരിപ്പിച്ചിട്ടുണ്ട്.-ബി.സി. ദിലീപ് കുമാർ (തഹസിൽദാർ, കാർത്തികപ്പള്ളി)
from mathrubhumi.latestnews.rssfeed https://ift.tt/3n1axg9
via
IFTTT
No comments:
Post a Comment