നിക്ഷേപസാധ്യതകൾ ദിനംപ്രതി വർധിച്ചുവരികയാണ്. പരമ്പരാഗത നിക്ഷേപ സാധ്യതകളിൽനിന്നും വിഭിന്നമായി അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന മേഖലയാണ് ക്രിപ്റ്റോ കറൻസി. ശതോഷി നാക്കോമോട്ടോ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തിയാണ് 2008-ൽ ക്രിപ്റ്റോ കറൻസി എന്ന ആശയം മുന്നോട്ടുവച്ചത്. ഭൗതിക രൂപമില്ലാത്ത, ക്രിപ്റ്റോഗ്രാഫി സംവിധാനം ഉപയോഗിച്ചുകൊണ്ട് ഡേറ്റ മൈനിങ്ങിലൂടെ നിലവിൽവന്ന ഡിജിറ്റൽ കറൻസിയാണ് ക്രിപ്റ്റോ കറൻസികൾ. ഈ ആശയത്തിലൂന്നി 2009-ൽ ആദ്യ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ നിലവിൽവന്നു. ബിറ്റ്കോയിൻ പോലെയുള്ള ഡിജിറ്റൽ കറൻസികൾ ഒരു വികേന്ദ്രീകൃത സംവിധാനം അടിസ്ഥാനമാക്കിയുള്ളതാണ്. ഈ സംവിധാനത്തിൽ എല്ലാ ഉപഭോക്താക്കളും അധികാരക്കുത്തക ഇല്ലെന്നും ഉറപ്പാക്കുന്നു. സൗജന്യവും അജ്ഞാതവും അന്തർദേശീയവുമായ ഇടപാടുകൾ സെക്കൻഡുകൾക്കുള്ളിൽ നിർവഹിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. ക്രിപ്റ്റോ കറൻസികൾ പണ ഇടപാടുമാർഗം എന്നതിലുപരി, നിക്ഷേപ ആസ്തികൂടിയാണ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ ക്രിപ്റ്റോ കറൻസികൾക്ക് നിക്ഷേപസാധ്യതകൾ വളരെയേറെയാണ്. വിപണിയിലെ ഏറ്റവും മൂല്യമേറിയതും പ്രചാരത്തിലുള്ളതുമായ ക്രിപ്റ്റോ കറൻസിയും ബിറ്റ്കോയിൻ തന്നെയാണ്. പ്രാരംഭഘട്ടത്തിൽ ഒരു കോയിനിന്റെ വില വെറും 37 പൈസ ആയിരുന്നുവെങ്കിൽ 2021 ഏപ്രിൽ ആയപ്പോൾ അത് ഏകദേശം 48 ലക്ഷം ആയി ഉയർന്നു. അതായത്, 2009-ലെ 100 രൂപയുടെ നിക്ഷേപത്തിന് 2021-ൽ 130 കോടി രൂപയോളമായി മൂല്യം വർധിച്ചിരിക്കുന്നു. പ്രാരംഭഘട്ടം മുതൽതന്നെ ക്രിപ്റ്റോ കറൻസികൾ ഇന്ത്യയിൽ സ്ഥാനംപിടിച്ചിരുന്നു. എന്നാൽ, 2018-ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകളെ ക്രിപ്റ്റോ കറൻസി ഇടപാടുകളിൽനിന്നും വിലക്കിയതോടെ നിക്ഷേപകരിൽ ഇത് ആശങ്കയ്ക്ക് വഴിയൊരുക്കി. 2020-ൽ സുപ്രീംകോടതി ഇടപെട്ട് ഈ വിലക്ക് നീക്കം ചെയ്തതിനെ തുടർന്ന് ഇന്ത്യയിൽ ക്രിപ്റ്റോ കറൻസിയുടെ പ്രചാരത്തിൽ കാര്യമായ വർധന ഉണ്ടായി. നിക്ഷേപസാധ്യതകൾ ക്രിപ്റ്റോ കറൻസിയുടെ മൈനിങ്ങും കൈമാറ്റവും ക്രിപ്റ്റോഗ്രാഫി അടിസ്ഥാനമാക്കിയായതിനാൽ കൃത്രിമത്വം കാണിക്കാൻ സാധിക്കില്ല എന്നത് ഇതിന്റെ ജനസമ്മതി വർധിപ്പിക്കുന്നു. അതോടൊപ്പം, ലെബനൻ, സിംബാബ്വേ തുടങ്ങിയ രാജ്യങ്ങളുടെ കറൻസികളുടെ പരാജയം ക്രിപ്റ്റോ കറൻസിയുടെ വളർച്ചയെ ത്വരിതപ്പെടുത്തി. 2016-ലെ നോട്ട് നിരോധനത്തിനുശേഷം ഇന്ത്യയിലെ പണമിടപാടുകളിൽ ഡിജിറ്റൽ ഇടപാടുകളുടെ തോതിൽ ഗണ്യമായ മാറ്റം വരികയുണ്ടായി. വ്യാജ ക്രിപ്റ്റോ കറൻസികളുടെ നിർമാണം അസാധ്യമായതിനാൽ തന്നെ നോട്ട് നിരോധനം ഇന്ത്യയിൽ ക്രിപ്റ്റോ കറൻസിയുടെ വളർച്ചയ്ക്ക് ആക്കംകൂട്ടി. റേ ഡാലിയോ, കെവിൻ ലെയറിയോ എന്നിവരെ പോലുള്ള അമേരിക്കൻ വൻകിട നിക്ഷേപകർ തുടക്കത്തിൽ ക്രിപ്റ്റോ കറൻസികളെ വിമർശിച്ചുവെങ്കിലും പിന്നീട് ക്രിപ്റ്റോ കറൻസി അവരുടെ പ്രീതി പിടിച്ചുപറ്റുകയുണ്ടായി. കൂടാതെ വിസ, ജെ.പി. മോർഗൻ, ഗോൾമാൻ സാക്സ് തുടങ്ങിയ വൻകിട നിക്ഷേപസ്ഥാപനങ്ങൾ ക്രിപ്റ്റോ കറൻസിയെ അമിതമായി ആശ്രയിച്ചുതുടങ്ങിയിരിക്കുന്നു. മറ്റു നിക്ഷേപങ്ങളെ അപേക്ഷിച്ച് വിലയിൽ അമിത ചാഞ്ചാട്ടം കാരണം, ചിട്ടയോടു കൂടിയ സമയോചിത നിക്ഷേപങ്ങൾ വലിയ ലാഭത്തിലേക്ക് നയിക്കുന്നു എന്നതാണ് നിക്ഷേപകരെ ക്രിപ്റ്റോ കറൻസിയിലേക്ക് അടുപ്പിക്കുന്ന മറ്റൊരു കാരണം. പരിമിതികളും ആശങ്കകളും ഭീമമായ നഷ്ടസാധ്യത: ക്രിപ്റ്റോ കറൻസിയുടെ വിലയിലെ അമിതമായ വ്യതിയാനങ്ങൾ മൂലം നിക്ഷേപ തീരുമാനങ്ങളിൽ ഉണ്ടായേക്കാവുന്ന ചെറിയ പിഴവുകൾ പോലും വലിയ നഷ്ടസാധ്യതകൾക്ക് കാരണമാകുന്നു. നിലവിലെ യുവ നിക്ഷേപകരുടെ ശ്രദ്ധയാർജിക്കാൻ ക്രിപ്റ്റോ കറൻസിക്ക് കഴിഞ്ഞുവെങ്കിലും ഭൂരിപക്ഷം നിക്ഷേപകരും ഇപ്പോഴും സംശയദൃഷ്ടിയോടെയാണ് ക്രിപ്റ്റോ കറൻസിയെ കാണുന്നത്. വാറൻ ബഫറ്റിനെ പോലെയുള്ള ലോകം അറിയപ്പെടുന്ന നിക്ഷേപകർ ഇപ്പോഴും ക്രിപ്റ്റോ മാർക്കറ്റിനോട് അകലം പാലിക്കുന്നു എന്നത് മറ്റ് നിക്ഷേപകർക്കും ക്രിപ്റ്റോ വിപണിയോട് വിമുഖത കാണിക്കാൻ പ്രേരിപ്പിക്കുന്ന ഘടകമാണ്. 2021 മേയ് 12-ന് ലോകത്തിലെ അതിസമ്പന്നരിലൊരാളായ എലോൺ മസ്കിന്റെ ടെസ്ല കാർ കമ്പനി, ബിറ്റ്കോയിൻ സ്വീകരിക്കില്ല എന്ന ട്വീറ്റ് മൂലം ബിറ്റ്കോയിനിന്റെ വിലയിൽ 40 ശതമാനത്തിനു മുകളിൽ തകർച്ചയുണ്ടായി. ഏകദേശം രണ്ടുലക്ഷം കോടി ഡോളറോളം നഷ്ടമാണ് ഒരാഴ്ചയ്ക്കകത്ത് നിക്ഷേപകർ നേരിട്ടത്.
from mathrubhumi.latestnews.rssfeed https://ift.tt/31vhI7W
via
IFTTT
No comments:
Post a Comment