ന്യൂഡൽഹി: ബദൽ കക്ഷിയായി ബി.ജെ.പി. വികസിക്കാത്ത കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് പാർട്ടിയുടെ അടുത്ത ലക്ഷ്യമെന്ന് ദേശീയ നിർവാഹകസമിതി യോഗം. ഇവിടങ്ങളിൽ പാർട്ടിയെ ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യുമെന്ന് ഞായറാഴ്ച ഡൽഹിയിൽ ചേർന്ന നിർവാഹകസമിതി യോഗത്തിൽ ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡ പറഞ്ഞു. കേരളസർക്കാർ പ്രീണനരാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കോവിഡ്കാലത്തെ കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് യോഗം പ്രധാനമന്ത്രിയെ അഭിനന്ദിച്ചു.അടുത്തവർഷമാദ്യം തിരഞ്ഞെടുപ്പ് നടക്കാനുള്ള അഞ്ചുസംസ്ഥാനങ്ങളിലെ പാർട്ടിയുടെ തയ്യാറെടുപ്പുകൾ, ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ, കോവിഡ് പ്രതിരോധം, ജമ്മുകശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ ശേഷമുണ്ടായ വികസനം തുടങ്ങിയവ ചർച്ചചെയ്തതായി കേന്ദ്രമന്ത്രിമാരായ നിർമലാ സീതാരാമൻ, ഭൂപേന്ദ്ര യാദവ്, ധർമേന്ദ്ര പ്രധാൻ എന്നിവർ പത്രസമ്മേളനങ്ങളിൽ പറഞ്ഞു.ഉപതിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ നേടിയ വിജയം ടി.ആർ.എസിന് ബദൽ ബി.ജെ.പി.യാണെന്ന് തെളിയിച്ചു. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുശതമാനത്തിൽ വൻവർധനയുണ്ടായി. പ്രത്യേകപദവി റദ്ദാക്കിയശേഷം ജമ്മുകശ്മീരിൽ വിപുലമായ വികസനമാണുണ്ടായിരിക്കുന്നത്. രാജ്യത്തെ കർഷകർക്കായി മോദി സർക്കാർ ഒട്ടേറെ ക്ഷേമപ്രവർത്തനങ്ങൾ നടത്തിയെന്നും നഡ്ഡ പറഞ്ഞു.ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനറിപ്പോർട്ട് അതത് സംസ്ഥാന ഭാരവാഹികൾ യോഗത്തിൽ അവതരിപ്പിച്ചു. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. സമാപനയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചു.2019-നുശേഷം ആദ്യമായി ചേർന്ന ബി.ജെ.പി. ദേശീയ നിർവാഹകസമിതി യോഗത്തിൽ പ്രധാനമന്ത്രിയുൾപ്പെടെ 124 അംഗങ്ങൾ നേരിട്ടുപങ്കെടുത്തു. മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനി, ഡോ. മുരളീമനോഹർ ജോഷി എന്നിവർ ഓൺലൈനായി പങ്കെടുത്തു. കേരളത്തിൽനിന്ന് മന്ത്രി വി. മുരളീധരൻ, ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി, വക്താവ് ടോം വടക്കൻ എന്നിവർ നേരിട്ടും മറ്റുനേതാക്കൾ ഓൺലൈൻവഴിയും പങ്കെടുത്തു.‘മൻ കി ബാത്ത്’ കേൾക്കാൻ സ്ഥിരം സംവിധാനംപ്രധാനമന്ത്രിയുടെ ‘മൻ കി ബാത്ത്’ കേൾക്കുന്നതിന് ആറുമാസത്തിനുള്ളിൽ രാജ്യവ്യാപകമായി സ്ഥിരം സംവിധാനങ്ങൾ സ്ഥാപിക്കും. നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനും മുമ്പ് പാർട്ടിയെ ശക്തിപ്പെടുത്താൻ 10,40,000 ബൂത്തുകളിൽ ഡിസംബർ 25-നുമുമ്പ് കമ്മിറ്റികൾ രൂപവത്‌കരിക്കും. അടുത്തവർഷം ഏപ്രിൽ ആറിനുമുമ്പ് പന്നാ പ്രമുഖുമാരെ (വോട്ടർ പട്ടികയുടെ ചുമതലക്കാർ) ഈ ബൂത്തുകളിൽ നിയോഗിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/3qf5Pxj
via
IFTTT
No comments:
Post a Comment