തിരുവനന്തപുരം/കൊച്ചി: പുനഃസംഘടനയിൽ അതൃപ്തി പുകയുന്ന ബി.ജെ.പി.യിൽ പരസ്യപ്രതികരണത്തിന്റെ പേരിൽ നടപടി തുടങ്ങി. പാർട്ടിയുടെ മുൻ മേഖലാ പ്രസിഡന്റ് എ.കെ. നസീറിനെയും കഴിഞ്ഞദിവസം രാജിവെച്ച സുൽത്താൻ ബത്തേരി മണ്ഡലം പ്രസിഡന്റ് കെ.ബി. മദൻലാലിനെയും പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വെള്ളിയാഴ്ച സസ്പെൻഡ് ചെയ്തു. അച്ചടക്ക ലംഘനമുണ്ടായാൽ കടുത്ത നടപടിയുണ്ടാകുമെന്ന് സുരേന്ദ്രൻ തിരുവനന്തപുരത്തു പറഞ്ഞു. എന്നാൽ പുനഃസംഘടന വിവേകപരമായി നടത്തണമായിരുന്നെന്നാണ് മുതിർന്ന നേതാവ് പി.പി. മുകുന്ദന്റെ പ്രതികരണം. വയനാട് ജില്ലാ പ്രസിഡന്റിനെ മാറ്റിയതിൽ പ്രതിഷേധിച്ചാണ് മദൻലാലിന്റെ രാജി. അടുത്തദിവസംതന്നെ സസ്പെൻഷനുമുണ്ടായി. സാമൂഹികമാധ്യമങ്ങളിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും മാധ്യമങ്ങൾക്ക് തെറ്റായ വാർത്ത നൽകുകയും ചെയ്യുന്നവരെ 'ശാസ്ത്രീയമായി'ത്തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ കേന്ദ്രഘടകത്തിനും അറിയാമെന്നുമാണ് സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞത്. കേന്ദ്രനേതൃത്വത്തിന്റെ അനുമതിയോടെയാണ് നിരീക്ഷണമെന്നു പരോക്ഷമായി പറയുകയായിരുന്നു സുരേന്ദ്രൻ. പുനഃസംഘടന കുറച്ചുപേരെ അപമാനിക്കുന്നതാണെന്ന സംശയം ബലപ്പെടുകയാണെന്നു മുകുന്ദൻ പറയുന്നു. പാർട്ടി നിലപാടുകൾ ചാനലുകളിൽ അവതരിപ്പിച്ചിരുന്ന പി.ആർ. ശിവശങ്കരനെ ആ സ്ഥാനത്തുനിന്ന് നീക്കിയ രീതി ആ വ്യക്തിയുടെ ആത്മാഭിമാനത്തെ ഹനിക്കുന്ന നടപടിയായിട്ടേ കാണാനാവൂ. ഒ. രാജഗോപാലിനെപ്പോലുള്ള നേതാവിന്റെ സേവനം ഉപയോഗിക്കുന്നത് ഗുരുത്വമായെങ്കിലും കണക്കാക്കണമായിരുന്നു- മുകുന്ദൻ വ്യക്തമാക്കി. നേതൃത്വത്തിനെതിരേ വരാനിരിക്കുന്ന പ്രതികരണങ്ങളെ തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു എ.കെ. നസീറിന്റെ സസ്പെൻഷൻ. ഇതിനോടുള്ള കൃഷ്ണദാസ് പക്ഷത്തിന്റെ എതിർപ്പുകൾ നേതാക്കൾ തമ്മിലുള്ള മുറുമുറുപ്പിൽ ഒതുങ്ങുകയാണ്. എ.കെ. നസീർ, ബി.ജെ.പി.യിൽ ഉണ്ടായ മെഡിക്കൽ കോഴ വിവാദം അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച കമ്മിഷൻ അംഗമായിരുന്നു. കമ്മിഷൻ റിപ്പോർട്ട് ചോർന്നതായി പിന്നീട് വിവാദം ഉയരുകയും അത് നസീറിനെതിരേ ചില നേതാക്കൾ തിരിച്ചുവിടുകയും ചെയ്തിരുന്നു. അതിനുശേഷം നസീറിനെ ഒതുക്കി മധ്യമേഖല പ്രസിഡന്റാക്കി. നേതൃത്വത്തോട് ഇടഞ്ഞ് അധികം വൈകാതെ അദ്ദേഹം സ്ഥാനം രാജിവെക്കുകയുംചെയ്തു. സംസ്ഥാന നേതൃത്വത്തെ കടുത്ത ഭാഷയിലാണ് നസീർ വിമർശിച്ചത്. നേതാക്കൾക്ക് സാമ്പത്തിക സുതാര്യതയില്ല. പണം സമാഹരിക്കാനുള്ള മാർഗമായാണ് അവർ തിരഞ്ഞെടുപ്പുകളെ കാണുന്നത്. അങ്ങനെയൊരു സാഹചര്യത്തിൽ പാർട്ടി എങ്ങനെ വളരുമെന്നും അദ്ദേഹം ചോദിച്ചു. പാലാ ബിഷപ്പുമായി ഉയർന്ന വിവാദത്തിൽ എരിതീയിൽ എണ്ണ ഒഴിക്കുന്ന നിലപാടാണ് പാർട്ടി നേതൃത്വം സ്വീകരിച്ചത്- നസീർ വ്യക്തമാക്കി. ശോഭയെ മാറ്റിയത് തന്റെ അധികാരപരിധിയിലല്ല -സുരേന്ദ്രൻ തിരുവനന്തപുരം: ശോഭാ സുരേന്ദ്രനെ ദേശീയ കൗൺസിലിൽ ഉൾപ്പെടുത്താത്തത് തന്റെ അധികാരപരിധിയിൽ വരുന്ന വിഷയമല്ലെന്ന് കെ. സുരേന്ദ്രൻ. കേന്ദ്രസർക്കാരിന്റെ ഒരു പ്രധാനപ്പെട്ട ബോർഡിലേക്ക് എ.കെ. നസീറിനെ ശുപാർശ ചെയ്യാനിരിക്കെയാണ് നേതൃത്വത്തിനെതിരേ അദ്ദേഹം ഗുരുതര പരാമർശങ്ങൾ നടത്തിയതെന്നും സുരേന്ദ്രൻ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2Yvt0b0
via
IFTTT
No comments:
Post a Comment