കോട്ടയം: അർഹതപ്പെട്ടിട്ടും കൈവിട്ടുപോയ സർക്കാർജോലി ശ്രീജയെ തേടിയെത്തി. പത്തനംതിട്ട കുളത്തൂർ ചെറിയമുളയ്ക്കൽ എസ്. ശ്രീജയ്ക്കാണ് കോട്ടയം പി.എസ്.സി. ഒാഫീസിൽ നിന്ന് നിയമനപത്രിക നൽകിയത്. സിവിൽ സപ്ലൈസ് കോർപ്പറേഷൻ അസി.സെയിൽസ്‌മാൻ റാങ്ക്‌ലിസ്റ്റിലാണ് ശ്രീജ ഉൾപ്പെട്ടിരുന്നത്. ജോലി വേണ്ടെന്ന് ഇവരുടെ അതേപേരുള്ള മറ്റൊരാൾ വ്യാജസമ്മതപത്രം നൽകിയതോടെ ശ്രീജയെ പി.എസ്.സി. റാങ്ക് പട്ടികയിൽനിന്നും നീക്കം ചെയ്തിരുന്നു.കോട്ടയം എസ്.പി.ക്കും പി.എസ്.സിക്കും ഇവർ പരാതി നൽകിയിരുന്നു. ഇവർ അറിയാതെ കൊല്ലം മൈനാഗപ്പള്ളി സ്വദേശിനി എസ്. ശ്രീജയാണ് സമ്മതപത്രം നൽകിയതെന്ന് ബോധ്യപ്പെട്ടതോടെയാണ് അനുകൂല നടപടി. രണ്ടാഴ്ചയ്ക്കുള്ളിൽ ശ്രീജയ്ക്ക് ജോലിയിൽ പ്രവേശിക്കാൻ കഴിയുമെന്ന് സിവിൽ സപ്ലൈസ് അധികൃതർ വ്യക്തമാക്കി.മാധ്യമങ്ങൾ തന്റെ പ്രയാസം ലോകത്തെ ബോധ്യപ്പെടുത്തിയതാണ് നീതി ഉറപ്പാക്കിയതെന്ന് ശ്രീജ പ്രതികരിച്ചു. ഭർത്താവ് സുരേഷിനൊപ്പം കോട്ടയം പി.എസ്.സി. ഓഫീസിൽ വെള്ളിയാഴ്ച 12 മണിക്ക് എത്തിയ ഇവർക്ക് രേഖകൾ പരിശോധിച്ച് ഉത്തരവ് കൈമാറി. വളരെ പ്രയാസപ്പെട്ട് ജീവിക്കുന്ന കുടുംബത്തിനുള്ള അവസാന ആശ്രയമായിട്ടാണ് ഇൗ ജോലി കാത്തിരുന്നത്. ഇത് മറ്റാരോ തട്ടിക്കളഞ്ഞെങ്കിലും സത്യം ബോധ്യമായി പി.എസ്.സി. നീതി കാണിച്ചതിൽ അവർ നന്ദി അറിയിച്ചു.2018 മേയ് 30-ന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ 233-ാം റാങ്കായിരുന്നു ശ്രീജയ്ക്ക്. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒാഗസ്റ്റ് നാലിന് അവസാനിച്ചിരുന്നു. അവശേഷിക്കുന്നവരിൽ ജോലിക്ക് അർഹതയുള്ളവരിൽ രണ്ടാമതായിരുന്നു ശ്രീജയ്ക്ക് സ്ഥാനം. ഇതിനിടെയാണ് ജോലി വേണ്ടെന്നു കാണിച്ച് ശ്രീജയുടെ പേരിൽ പി.എസ്.സിക്ക് സമ്മതപത്രം കിട്ടുന്നത്. കൊല്ലം മൈനാഗപ്പള്ളി സ്വദേശിനി എസ്. ശ്രീജയാണ് ഇൗ സമ്മതപത്രം നൽകിയതെങ്കിലും പട്ടികയിൽനിന്നും ഒഴിവായത് കുളത്തൂർ സ്വദേശിനി എസ്. ശ്രീജയാണ്. പേരും ഇനീഷ്യലും മാത്രമേ പി.എസ്.സി. പരിശോധിച്ചുള്ളൂവെന്നാണ് സൂചന. ഫോട്ടോയും വിലാസവും ഒത്തുനോക്കിയിരുന്നുവെങ്കിൽ തെറ്റ് ബോധ്യപ്പെടുമായിരുന്നു. ഇൗ പിഴവാണ് കുളത്തൂർ സ്വദേശി ശ്രീജയ്ക്ക് വിനയായത്.പി.എസ്.സി. നടത്തിയ അന്വേഷണത്തിലാണ് മൈനാഗപ്പള്ളി സ്വദേശിനിയെ കണ്ടെത്തിയത്. ഇവർ സിവിൽ സപ്ലൈസ് ജോലിക്ക് പരീക്ഷ എഴുതിയിരുന്നില്ല. റാങ്ക് ഹോൾഡേഴ്സ് പ്രവർത്തനങ്ങളിലൂടെ അറിയാവുന്ന സനിൽ കെ.പിള്ള നിർദേശിച്ചതുപ്രകാരമാണ് ജോലി വേണ്ടെന്ന് സത്യവാങ്മൂലം എഴുതിക്കൊടുത്തതെന്നാണ് മൈനാഗപ്പള്ളി സ്വദേശിനി അറിയിച്ചത്. പല പി.എസ്.സി. പരീക്ഷകൾ എഴുതിയതിനാൽ അതിൽ സിവിൽ സപ്ലൈസ് ജോലിക്കുള്ളതും ഉണ്ടായിരുന്നു എന്ന ധാരണയിലാണ് ഇത് ചെയ്തത്. റവന്യൂവകുപ്പിൽ ജോലി ഉള്ളതിനാൽ മറ്റാർക്കെങ്കിലും പ്രയോജനപ്പെടട്ടെ എന്നുകരുതി. വിവാദം വന്നപ്പോൾ നടത്തിയ പരിശോധനയിലാണ് താൻ ഇൗ പരീക്ഷ എഴുതിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞതെന്നും അവർ മൊഴിനൽകി. കേസിൽ അന്വേഷണം തുടരുകയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/3DrYfTA
via
IFTTT
No comments:
Post a Comment