തിരുവനന്തപുരം: അർധാതിവേഗ റെയിൽ പദ്ധതിക്കെതിരായ പ്രതിപക്ഷത്തിന്റെയും ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും അടക്കമുള്ള വിമർശനങ്ങൾ തള്ളി സി.പി.എം. തെറ്റായ പ്രചാരണം നടത്തി വികസനത്തെ വിവാദക്കുരുക്കിലാക്കാൻ ശ്രമിക്കുന്നവർ അതിൽനിന്ന് പിന്മാറണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ ആവശ്യപ്പെട്ടു. ശാസ്ത്രീയ പഠനം നടത്താതെയാണ് പലരും വിമർശനം ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.വികസനപ്രവർത്തനങ്ങൾക്ക് വേഗംവരുത്താൻ സർക്കാർ മുൻകൈയെടുക്കുമ്പോൾ അതിനു വിഘാതം സൃഷ്ടിക്കുകയാണ് പ്രതിപക്ഷം. അർധാതിവേഗ റെയിൽ പദ്ധതിക്കെതിരായ നിസ്സഹകരണം ഇതിനു തെളിവാണ്. യു.ഡി.എഫ്. ഭരണകാലത്ത് ആവിഷ്‌കരിച്ച അതിവേഗ റെയിൽപ്പാതയ്ക്കുണ്ടായിരുന്ന പ്രായോഗിക പരിമിതികൾ ഇല്ലാതാക്കി ഏറ്റവും കുറച്ച് വീടുകൾമാത്രം ഒഴിപ്പിക്കാവുന്ന പദ്ധതിയാണ് സർക്കാർ ആവിഷ്കരിച്ചത്. ദേശീയപാതാ വികസനത്തിനായി ഏറ്റെടുത്ത ഏറ്റവും പഴക്കമുള്ള വീടിനുപോലും ചതുരശ്രയടിക്ക് നാലായിരം രൂപയാണ് നഷ്ടപരിഹാരം നൽകിയത്. അതുപോലെ ആർക്കും വിഷമമുണ്ടാകാതെയാവും കെ-റെയിലും നടപ്പാക്കുക- വിജയരാഘവൻ പറഞ്ഞു.മുമ്പ് എക്സ്പ്രസ് വേ പദ്ധതി യു.ഡി.എഫ്. കൊണ്ടുവന്നപ്പോൾ എതിർത്തത് സി.പി.എമ്മല്ലേയെന്ന ചോദ്യത്തിന് വിജയരാഘവന്റെ മറുപടി ഇങ്ങനെ: ‘‘വികസനത്തിന് എൽ.ഡി.എഫ്. സർക്കാർ മുൻകൈയെടുത്താൽ കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളിൽ ചിലർ, നിങ്ങൾ പണ്ട് ഇതിനെതിരുനിന്നതല്ലേയെന്ന ചില സൗജന്യങ്ങൾ നമുക്ക് നൽകാറുണ്ട്.’’തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്തെങ്കിലും സംസ്ഥാനം അതിനെതിരേ നേരത്തേ സ്വീകരിച്ച നിലപാടിൽ മാറ്റമില്ല. സാധ്യമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും വിജയരാഘവൻ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3lLC5pl
via
IFTTT
No comments:
Post a Comment