ന്യൂഡൽഹി: ചികിത്സയ്ക്കിടയിൽ അലംഭാവമോ പാകപ്പിഴയോ സംഭവിച്ചതിന്റെ പേരിലോ രോഗി മരിച്ചാലോ ഡോക്ടർമാരെ ഉടൻ അറസ്റ്റുചെയ്ത് വിചാരണ നടത്തരുതെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ ആരോഗ്യമന്ത്രാലയത്തോട് നിർദേശിച്ചു. പരാതി ജില്ലാ മെഡിക്കൽ കൗൺസിൽ ബോർഡ് ആദ്യം പരിശോധിച്ച് കഴമ്പുണ്ടെങ്കിൽ അന്വേഷണ ഏജൻസിക്ക് കൈമാറണം. ശേഷമേ അറസ്റ്റുൾപ്പെടെയുള്ള തുടർനടപടികൾ പാടുള്ളൂ. പരാതിയിൽ തീർപ്പാക്കാൻ ബോർഡിന് പരമാവധി രണ്ടാഴ്ചത്തെ സമയം അനുവദിക്കണം. സർക്കാർ മെഡിക്കൽ കോളേജിലോ ജില്ലാ ആശുപത്രിയിലോ ആയിരിക്കണം മെഡിക്കൽ ബോർഡ് പ്രവർത്തിക്കേണ്ടത്. ചികിത്സയ്ക്കിടയിലെ അലംഭാവം കൈകാര്യം ചെയ്യാനുള്ള വിശദമാർഗരേഖ മെഡിക്കൽ കമ്മിഷൻ സർക്കാരിന് സമർപ്പിച്ചു. സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് കമ്മിഷന് കീഴിലുള്ള 'എത്തിക്സ് ആൻഡ് മെഡിക്കൽ രജിസ്ട്രേഷൻ ബോർഡ്' മാർഗരേഖ തയ്യാറാക്കിയത്. * ജില്ലാ മെഡിക്കൽ ബോർഡിന്റെ ശുപാർശയിൽ അന്വേഷണ ഏജൻസിക്കോ ആരോപണവിധേയനായ ഡോക്ടർക്കോ തൃപ്തിയില്ലെങ്കിൽ രണ്ടാഴ്ചയ്ക്കകം സംസ്ഥാന മെഡിക്കൽ ബോർഡിന് അപ്പീൽ നൽകാം. സംസ്ഥാന ബോർഡ് രണ്ടാഴ്ചയ്ക്കകം കാരണം വിശദീകരിച്ചുകൊണ്ട്്് അതിൽ തീർപ്പാക്കണം. സ്പെഷ്യാലിറ്റി ഡോക്ടർമാരും സംസ്ഥാനസർക്കാർ നിയമിക്കുന്ന സ്ഥിരം അംഗങ്ങളുമടങ്ങുന്നതാണ് സംസ്ഥാന മെഡിക്കൽ ബോർഡ്. * ജില്ല/സംസ്ഥാന മെഡിക്കൽ ബോർഡുകളുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ അന്വേഷണ ഏജൻസിക്ക് തുടർനപടിയെടുക്കാമെങ്കിലും സർക്കാർ ഡോക്ടറെ അറസ്റ്റുചെയ്യുന്നതിനുമുമ്പ് അക്കാര്യം അദ്ദേഹത്തിന്റെ മേലധികാരിയെ അറിയിക്കണം. സ്വകാര്യമേഖലയിലെ ഡോക്ടറെയാണ് അറസ്റ്റുചെയ്യുന്നതെങ്കിൽ സംസ്ഥാന മെഡിക്കൽ കൗൺസിലിനെ വിവരമറിയിക്കണം. സംസ്ഥാന കൗൺസിൽ നിലവിലില്ലാത്ത സ്ഥലങ്ങളിൽ ദേശീയ മെഡിക്കൽ കമ്മിഷനെ അറിയിക്കണം. * മെഡിക്കൽ അലംഭാവം ഉണ്ടായോ എന്ന് മനസ്സിലാക്കാൻ പൊതുവിൽ അംഗീകരിക്കപ്പെട്ട 'ബോലാം ടെസ്റ്റ്' ആണ് മെഡിക്കൽ ബോർഡുകൾ അടിസ്ഥാനമാക്കേണ്ടത്. ഡോക്ടറുടെ അലംഭാവംമൂലം രോഗി മരിച്ചാൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ '304-എ' വകുപ്പനുസരിച്ചാണ് കേസെടുക്കുക. ഈ വകുപ്പുമായി ബന്ധപ്പെട്ട് രണ്ടു കേസുകളിൽ സുപ്രീംകോടതി അറസ്റ്റിനും പരാതിയിന്മേലുള്ള അന്വേഷണത്തിനും മാർഗരേഖ ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2005-ലും 2013-ലുമാണ് വിധി ഉണ്ടായതെങ്കിലും മാർഗരേഖ ഇപ്പോഴാണ് തായ്യാറാക്കിയത്. Content Highlights:Medical commission Doctors arrest
from mathrubhumi.latestnews.rssfeed https://ift.tt/3osKtf4
via
IFTTT
No comments:
Post a Comment