സ്റ്റോക്ഹോം: തന്മാത്രകൾ രൂപപ്പെടുത്തുന്നത് പ്രയാസമേറിയ കലയാണ്. ഈ കലയിലെ അതികായരായ രണ്ടു ശാസ്ത്രജ്ഞരെ തേടിയാണ് ഈ വർഷത്തെ രസതന്ത്ര നൊബേൽ എത്തിയത്. തന്മാത്രകൾ രൂപപ്പെടുത്തുന്നതിനായ ഏറ്റവും കൃത്യതയാർന്ന രീതി വികസിപ്പിച്ച ജർമനിയിലെ മാക്സ് പ്ലാൻക് സർവകലാശാലയിലെ രസതന്ത്രജ്ഞൻ ബെൻജമിൻ ലിസ്റ്റും അമേരിക്കയിലെ പ്രിൻസ്ടൗൺ സർവകലാശാലയിലെ രസതന്ത്ര പ്രൊഫസർ ഡേവിഡ് ഡബ്ല്യു.സി.മാക്മില്യനും മനുഷ്യജീവിതം മെച്ചപ്പെടുത്തുന്നതിന് വലിയ സംഭാവനയാണ് നൽകിയതെന്ന് പുരസ്കാരസമിതി വിലയിരുത്തി. അയവുള്ളതും ഏറെക്കാലം നിലനിൽക്കുന്നതുമായ തന്മാത്രകൾ രൂപപ്പെടുത്തുന്നതിലുള്ള രസതന്ത്രജ്ഞരുടെ കഴിവിനെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷണ, വ്യവസായ മേഖലയുടെ വികാസം. രാസപ്രവർത്തനങ്ങളുടെ ഗതി നിശ്ചയിക്കുന്ന, എന്നാൽ ഉപോത്പന്നമായി മാറാത്ത ഉത്‌പ്രേരകങ്ങളാണ് ഇവിടെ അത്യാവശ്യം. ഉദാഹരണത്തിന് കാറിലെ പുകക്കുഴലിലെ വിഷമയമായ പുകയെ നിർദോഷ തന്മാത്രകളാക്കി മാറ്റുന്ന ഉത്‌പ്രേരകങ്ങൾ. ലോഹങ്ങളും രാസാഗ്നികളും മാത്രമാണ് ഉത്‌പ്രേരകങ്ങൾ എന്നായിരുന്നു കരുതിയിരുന്നത്. 2000-ൽ രണ്ട് വ്യത്യസ്ത പഠനങ്ങളിലൂടെ ഇതു തിരുത്തുകയാണ് മാക്മില്യനും ലിസ്റ്റും ചെയ്തത്. ഉത്‌പ്രേരകങ്ങൾ ഓർഗാനിക് രൂപത്തിലും ആവാം എന്നതാണ് ഇവർ കണ്ടെത്തിയത്. അസിമെട്രിക് ഓർഗാനോകാറ്റലിസ്റ്റ് എന്നാണ് ഈ ഒാർഗാനിക് ഉത്‌പ്രേരകങ്ങൾ അറിയപ്പെടുന്നത്.കാർബൺ കണങ്ങളുടെ സ്ഥിരതയുള്ള ചട്ടക്കുടുള്ളതാണ് ഓർഗാനിക് തന്മാത്രകൾ. സജീവമായ കൂടുതൽ തന്മാത്രകൾക്ക് ഇവയോട് കൂടിച്ചേരാനാകും എന്നതാണ് സവിശേഷത. ഓക്സിജൻ, നൈട്രജൻ, സൾഫർ, ഫോസ്ഫറസ് എന്നീ മൂലകങ്ങൾ ചേരുന്നത് ഇവയെ പരിസ്ഥിതി സൗഹാർദവും നിർമാണച്ചെലവ് കുറഞ്ഞതുമാക്കുന്നു. 2000-ത്തോടെ ഇവയുടെ ഉപയോഗം വ്യാപകമായത് വിവിധ നിർമാണരംഗങ്ങളിൽ വിപ്ലവം സൃഷ്ടിച്ചു. സൗരോർജ സെല്ലുകളിൽ വെളിച്ചം പിടിച്ചെടുക്കാൻ സാധിക്കുന്ന തന്മാത്രകൾമുതൽ മരുന്നുനിർമാണ രംഗത്ത് വലിയ മാറ്റങ്ങൾക്ക് കാരണമാകുന്ന തന്മാത്രകൾവരെ ഇത്തരത്തിൽ രൂപംകൊണ്ടത് രസതന്ത്രത്തെ ഹരിതാഭവും മനുഷ്യജീവിതം സുഖപ്രദവുമാക്കിയതായി നൊബേൽ സമിതി നിരീക്ഷിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/303bgEC
via
IFTTT
No comments:
Post a Comment