കോഴിക്കോട്: സുഹൃത്തും ഉപദേശകനും സഹപ്രവർത്തകനുമായിരുന്നു ജവാഹർലാൽ നെഹ്രുവിന് വി.കെ. കൃഷ്ണമേനോൻ. കോഴിക്കോട് പന്നിയങ്കരയിലെ വെങ്ങാലിൽ വീട്ടിൽ ജനിച്ച് വിശ്വപൗരനായി വളർന്ന കൃഷ്ണമേനോനും നെഹ്രുവും തമ്മിലുള്ള സൗഹൃദം ലണ്ടനിൽ തുടക്കമിട്ടതു മുതൽ പ്രസിദ്ധമാണ്. 1955 ഡിസംബർ 24-ന് നെഹ്രു കോഴിക്കോട്ടെത്തിയപ്പോൾ കൃഷ്ണമേനോൻ നാട്ടിലില്ലാതിരുന്നിട്ടും പണ്ഡിറ്റ്ജി സുഹൃത്തിന്റെ വീട് സന്ദർശിക്കാൻ മറന്നില്ല. മാംസാഹാരം കഴിക്കാത്ത കൃഷ്ണമേനോന്റെ സഹോദരി ജാനകിയമ്മയോട് നെഹ്രുവിന് കോഴിയിറച്ചി ഒരുക്കണമെന്ന് അധികൃതർ നിർദേശിച്ചതും ഇതിൽ അവർക്കുള്ള പ്രയാസം മനസ്സിലാക്കി നെഹ്രുതന്നെ അത് വിലക്കിയതും അധികമാർക്കുമറിയില്ല. കോഴിക്കോട്ടെത്തുമ്പോൾ നെഹ്രു കൃഷ്ണമേനോന്റെ വീട്ടിൽ വരുമെന്ന് ജാനകിഅമ്മയ്ക്ക് നേരത്തേ ഡൽഹിയിൽനിന്ന് സന്ദേശം ലഭിച്ചിരുന്നു. ഇതറിഞ്ഞ ഉടൻ അവർ ന്യൂയോർക്കിലുള്ള കൃഷ്ണമേനോന് കമ്പിയടിച്ചു. നെഹ്രു വരുന്ന ദിവസം കോഴിക്കോട്ട് എത്തണമെന്നായിരുന്നു ആവശ്യം. അന്ന് യു.എൻ. പ്രതിനിധിയായിരുന്ന കൃഷ്ണമേനോൻ ഉടനെ മറുപടി അയച്ചു. ഡിസംബർ 22-നു മുൻപ് നാട്ടിലേക്ക് തിരിക്കാൻ കഴിയില്ല. അതിനാൽ 24-ന് എത്തിച്ചേരാൻ കഴിയാത്തതിലെ പ്രയാസം പ്രധാനമന്ത്രിയെ അറിയിക്കുക. വീട്ടിലെ പരിമിതസൗകര്യത്തിൽ പ്രയാസം തോന്നരുതെന്ന് അദ്ദേഹത്തോട് അഭ്യർഥിക്കണമെന്നും കൃഷ്ണമേനോൻ സഹോദരിയോട് ആവശ്യപ്പെട്ടു. കോഴിക്കോട് പന്നിയങ്കരയിലെ വി.കെ. കൃഷ്ണമേനോന്റെ വീട് യാത്ര കഴിഞ്ഞ് ഡൽഹിയിലെത്തിയശേഷം ഡിസംബർ 27-ന് പേഴ്സണൽ സെക്രട്ടറിക്ക് നെഹ്രു അയച്ച കത്തിലാണ് വീട്ടുകാരുടെ അസൗകര്യം കണക്കിലെടുക്കാതെ മാംസാഹാരം വേണമെന്ന് നിർദേശിച്ചതിലെ നീരസം പ്രകടമായത്. ഞാൻ യാത്രപോവുമ്പോൾ അവിടെയൊക്കെ യൂറോപ്യൻ രീതിയിലുള്ള ഭക്ഷണം വേണമെന്നും മാംസം വേണമെന്നുമൊക്കെ ആരാണ് നിർദേശം നൽകുന്നത്. കോഴിക്കോട്ട് കൃഷ്ണമേനോന്റെ വീട്ടിൽ പോയപ്പോൾ അവിടെ മാംസവിഭവങ്ങൾ ഒരുക്കണമെന്ന നിർദേശം ലഭിച്ചത് അവരെ ഏറെ പ്രയാസത്തിലാക്കി. സസ്യാഹാരം മാത്രം കഴിക്കുന്ന വീട്ടുകാരെ ഇത് വല്ലാതെ വിഷമിപ്പിച്ചു. ജില്ലാ മജിസ്ട്രേറ്റ് നാല് കോഴികളെ പാചകംചെയ്യാൻ കൊടുത്തുവിട്ടു. കൃഷ്ണമേനോന്റെ സഹോദരി ഇതുകണ്ട് ഞെട്ടിപ്പോയി. എങ്ങനെയോ ഇക്കാര്യം ഞാൻ സമയത്തിന് അറിഞ്ഞതുകൊണ്ട് അവരുടെ നിഷ്ഠകൾ ഹനിക്കാതെ പ്രശ്നം പരിഹരിച്ചു. മലയാളികളുടെ പരമ്പരാഗതമായ വെജിറ്റേറിയൻ സദ്യ കഴിച്ച് മടങ്ങി. ഇത്തരം അനാവശ്യനിർദേശങ്ങൾ മേലിൽ നൽകരുതെന്നും അധികം മുളകും എരിവുമില്ലാത്ത ഏത് ഭക്ഷണവും കഴിക്കുമെന്ന നിർദേശമാണ് മേലിൽ നൽകേണ്ടതെന്നും നെഹ്രു സെക്രട്ടറിയോട് പറഞ്ഞു. അന്നത്തെ മദിരാശി മുഖ്യമന്ത്രി കെ. കാമരാജിനൊപ്പമെത്തി, ഭക്ഷണം കഴിഞ്ഞിറങ്ങുമ്പോൾ വിഭവങ്ങളെല്ലാം സ്വാദിഷ്ഠമായിരുന്നുവെന്ന് നെഹ്രു പറഞ്ഞപ്പോൾ മാത്രമാണ് ആശ്വാസമായതെന്ന് ജാനകിഅമ്മ പിന്നീട് പറഞ്ഞിരുന്നതായി കൊച്ചുമകൾ ജാനകിറാം പറയുന്നു. ആരും താമസമില്ലെങ്കിലും വിശ്വപൗരന്റെ ഭവനം ഇപ്പോഴും തലയെടുപ്പോടെ അവശേഷിക്കുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3uNBNkG
via
IFTTT
No comments:
Post a Comment