തിരുവനന്തപുരം: കുഞ്ഞിനെ കിട്ടാനുള്ള അനുപമയുടെ സമരം രാഷ്ട്രീയവിഷയമായി മാറിയതോടെ സി.പി.എം. പാർട്ടിതല പരിശോധന നടത്തുന്നു. അനുപമയുടെ അച്ഛനടക്കമുള്ള ആരോപണ വിധേയരെല്ലാം പാർട്ടി നേതാക്കളാണെന്നതാണ് കാരണം. കേന്ദ്രകമ്മിറ്റി യോഗത്തിനു ശേഷം കോടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരത്ത് തിരിച്ചെത്തുന്നതോടെ തുടർനടപടിയുണ്ടാകും. കുഞ്ഞിനെ അമ്മയിൽനിന്ന് മാറ്റി ദത്ത് നൽകിയതുവരെയുള്ള സംഭവത്തിൽ ചില വീഴ്ചകൾ വന്നിട്ടുണ്ടെന്ന് നേതാക്കൾ സമ്മതിക്കുന്നുണ്ട്. അനുപമയുടെ അച്ഛനും സി.പി.എം. ലോക്കൽ കമ്മിറ്റി അംഗവുമായ പി.എസ്. ജയചന്ദ്രൻ, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ എന്നിവർക്കെതിരേ പരാതിയുണ്ട്. ജയചന്ദ്രനെതിരേ പാർട്ടിനടപടി ഉണ്ടായേക്കുമെന്ന സൂചനയാണ് നേതാക്കൾ നൽകുന്നത്. കടുത്ത നടപടിയൊന്നും ഉണ്ടാകില്ല. കാരണം ജയചന്ദ്രൻ ഇതുസംബന്ധിച്ച പല കാര്യങ്ങളും നേതാക്കളുമായി സംസാരിച്ചതാണ്. പാർട്ടിയുമായി ബന്ധമുള്ള ഒരു അഭിഭാഷകന്റെ നിയമോപദേശം സ്വീകരിച്ചാണ് കുഞ്ഞിനെ ശിശുക്ഷേമസമിതിക്കു കൈമാറുന്നത്. കുഞ്ഞിനെ കിട്ടിയതും ദത്ത് നൽകിയതും അടക്കമുള്ള കാര്യങ്ങൾ വനിത-ശിശുവികസന വകുപ്പ് അന്വേഷിക്കുന്നുണ്ട്. ഇതിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും ഷിജുഖാനെതിരേ നടപടി സ്വീകരിക്കണോ എന്ന് സി.പി.എം. തീരുമാനിക്കുക. നിയമപരമായ കാര്യങ്ങളാണ് ചെയ്തതെന്നാണ് ഷിജുഖാൻ വിശദീകരിച്ചത്. അനുപമയുടെ പരാതി ലഭിച്ചപ്പോൾത്തന്നെ നേതാക്കൾ ഇതേക്കുറിച്ച് അന്വേഷിച്ചിരുന്നു. ഡി.വൈ.എഫ്.ഐ. നേതാവായിരുന്ന അജിത്തും അനുപമയും തമ്മിലുള്ള ബന്ധവും അതിലെ പ്രശ്നങ്ങളുമെല്ലാം ജയചന്ദ്രൻ തന്നെ നേതാക്കളെ അറിയിച്ചതായാണു സൂചന. ഒരു പാർട്ടി അംഗത്തിന്റെ കുടുംബത്തിലുണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങൾ എന്ന നിലയിലാണ് നേതാക്കൾ കണ്ടത്. അജിത്തിന്റെ അച്ഛനോട് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ സംസാരിച്ചതും ഇതിന്റെ അടിസ്ഥാനത്തിലാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ പരാതിയിൽ ഇടപെടാതിരിക്കുക എന്ന സമീപനമാണ് നേതാക്കൾ ആദ്യം സ്വീകരിച്ചത്.കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ സംസ്ഥാന ഭാരവാഹിയാണ് ജയചന്ദ്രൻ. സി.പി.എം. നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിലെ ജീവനക്കാരനുമാണ്. പൂർണ പാർട്ടി കുടുംബമാണിത്.
from mathrubhumi.latestnews.rssfeed https://ift.tt/2ZgD8Vt
via
IFTTT
No comments:
Post a Comment