തിരുവനന്തപുരം: കരുവന്നൂർ സഹകരണബാങ്കിൽ ക്രമക്കേട് നടക്കുന്നുണ്ടെന്ന പരാതി കടകംപള്ളി സുരേന്ദ്രൻ മന്ത്രിയായിരുന്നപ്പോൾ ലഭിച്ചിരുന്നതായി നിയമസഭയിൽ മന്ത്രി വി.എൻ. വാസവൻ സമ്മതിച്ചു. 2019-ലാണ് പരാതി ലഭിച്ചത്. അന്നുതന്നെ അന്വേഷണം തുടങ്ങിയിരുന്നു. സഹകരണവകുപ്പ് നടത്തിയ അന്വേഷണങ്ങൾക്കനുസരിച്ചാണ് ഇപ്പോൾ നടപടി സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സഹകരണസംഘങ്ങളിൽ നടത്തിയ പരിശോധനയിൽ 49 സ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. 68 പേർക്കെതിരേ നടപടിയെടുത്തതായും മന്ത്രി മറുപടിനൽകിയിട്ടുണ്ട്. സഹകരണസംഘങ്ങളിൽ തുടർച്ചയായി ക്രമക്കേട് കണ്ടെത്തുന്ന പശ്ചാത്തലത്തിൽ നിലവിലെ ഓഡിറ്റ് സംവിധാനം സമഗ്രമായി മാറ്റാനാണ് സർക്കാരിന്റെ തീരുമാനം. ഓഡിറ്റ് ആധുനികവത്‌കരിക്കുന്നതിന്റെ ഭാഗമായി ‘സഹകരണ ഓഡിറ്റ് മോണിറ്ററിങ് സിസ്റ്റം’ തയ്യാറാക്കും. സി-ഡിറ്റിനാണ് ഇതിന്റെ ചുമതല. ഇതിനായി ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ‘ടീം’ രൂപവത്‌കരിക്കാനുള്ള നടപടി തുടങ്ങി. ഈ സിസ്റ്റത്തിൽ ഓഡിറ്റ് മുടങ്ങിയിരിക്കുന്ന സ്ഥാപനങ്ങൾ ചുവപ്പിൽ കാണിക്കും. ഇങ്ങനെ കാണിക്കുന്ന സ്ഥാപനങ്ങൾ ഏതൊക്കെയാണെന്ന് ഇടയ്ക്കിടെ ഓർമപ്പെടുത്തുന്നതിനായി ‘പോപ്പ് അപ്പ്’ സംവിധാനവും ഉണ്ടാകും. എല്ലാ സഹകരണസംഘങ്ങളിലും കംപ്യൂട്ടർ അധിഷ്ഠിത ഓഡിറ്റ് രീതി കൊണ്ടുവരുന്നതാണ് മറ്റൊരു പരിഷ്‌കാരം. ഇതിനായി, സഹകരണബാങ്കുകളിലെ സോഫ്റ്റ്‌വേർ ഏകീകരിക്കാനുള്ള നടപടി തുടങ്ങി. വകുപ്പിലെ ഉദ്യോഗസ്ഥർക്കും സംഘങ്ങളിൽ ഉപയോഗിക്കുന്ന സോഫ്‌റ്റവേർ സംബന്ധിച്ച് പരിശീലനം നൽകും. നിലവിലെ മാന്വൽ ഓഡിറ്റ് രീതി മാറ്റുന്നതിനായി സഹകരണനിയമവും ചട്ടവും ഓഡിറ്റ് മാന്വലും പരിഷ്‌കരിക്കാനും നടപടിതുടങ്ങി. സഹകരണ ഓഡിറ്റ് ഡയറക്ടർ തസ്തികയിൽ ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ് സർവീസിലെ ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി വി.എൻ. വാസവൻ നിയമസഭയിലെ ചോദ്യങ്ങൾക്ക് ഉത്തരമായി വ്യക്തമാക്കി. സംഘങ്ങളെ ഗ്രൂപ്പുകളായി തിരിച്ച്, ഓരോ ഗ്രൂപ്പിൽ ഉൾപ്പെടുന്ന സംഘങ്ങളുടെ പ്രവർത്തനവ്യാപ്തിക്കനുസരിച്ച് ഓഡിറ്റർമാരുടെ ടീം രൂപവത്കരിക്കും. സംഘത്തിന്റെ പ്രവർത്തനവ്യാപ്തിക്കനുസരിച്ചായിരിക്കും ഓഡിറ്റ് ഫീസ് നിശ്ചയിക്കുക. ഈ ഫീസിൽനിന്ന് ഓഡിറ്റർമാർക്ക് ശമ്പളം നൽകുന്നതരത്തിൽ പുതിയ സംവിധാനം നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/3iNuyEu
via
IFTTT
No comments:
Post a Comment