കാഞ്ഞിരപ്പള്ളി : ശക്തമായ വെള്ളമൊഴുക്കിലും ഉരുൾപൊട്ടലിലും താലൂക്കിൽ വ്യാപകനാശം. 184 വീടുകൾ പൂർണമായും 455 വീടുകൾ ഭാഗികമായും 646 വീടുകളിൽ വെള്ളംകയറി നാശമുണ്ടായതായിട്ടാണ് കണക്കാക്കുന്നത്. കൂട്ടിക്കൽ വില്ലേജിൽ 50 വീടുകൾ പൂർണമായും 150 വീടുകൾ ഭാഗികമായും തകർന്നു. ഇടക്കുന്നം വില്ലേജിൽ 55 വീടുകൾ പൂർണമായും 45 വീടുകൾ ഭാഗികമായും തകർന്നു. മുണ്ടക്കയം വില്ലേജിൽ 39 വീടുകൾ പൂർണമായും, 82 വീടുകൾ ഭാഗികമായും തകർന്നു. കാഞ്ഞിരപ്പള്ളി വില്ലേജിൽ ഏഴ് വീടുകൾ പൂർണമായും 78 വീടുകൾ ഭാഗികമായും തകർന്നു. കൂവപ്പള്ളി വില്ലേജിൽ 14 വീടുകൾ പൂർണമായും ഏഴ് വീടുകൾ ഭാഗികമായും തകർന്നു, എരുമേലി വടക്ക് വില്ലേജിൽ 14 വീടുകൾ പൂർണമായും, 15 വീടുകൾക്ക് ഭാഗികനാശമുണ്ടായി. എരുമേലി തെക്ക് വില്ലേജിൽ രണ്ട് വീടുകൾ പൂർണമായും 10 വീടുകൾ ഭാഗികമായും നശിച്ചു. മണിമല, ചിറക്കടവ്, ചെറുവള്ളി വില്ലേജുകളിൽ ഓരോ വീടുകൾ പൂർണമായും തകർന്നു. ചെറുവള്ളിയിൽ 45, മണിമലയിൽ ഏഴ്, ചിറക്കടവിൽ രണ്ട്, കോരൂത്തോട് വില്ലേജിൽ 14 വീടുകളും ഭാഗികമായി തകർന്നു. ബുധനാഴ്ച വരെയുള്ള കണക്കുപ്രകാരമാണിത്. വരും ദിവസങ്ങളിൽ കണക്കുകൾ ഇനിയും ഉയരാനാണ് സാധ്യതയുള്ളത്. കാഞ്ഞിരപ്പള്ളിയിൽ വ്യാപാരി വ്യവസായി ഏകോപനസമിതി നടത്തിയ കണക്കെടുപ്പിൽ 6.75 കോടി രൂപയുടെ നാശനഷ്ടം. മേഖലയിലെ 120 കടകളിൽനിന്നുള്ള വിവര ശേഖരണത്തിലാണ് കോടികളുടെ നഷ്ടം കണക്കാക്കിയത്. കടയിലെ സാധനങ്ങളും ഉപകരണങ്ങളും ഉൾപ്പെടെയുള്ളവ പൂർണമായും നശിച്ചു. കാഞ്ഞിരപ്പള്ളി മേഖലയിൽ ആദ്യമായിട്ടുണ്ടാകുന്ന വെള്ളപ്പൊക്കമായതിനാൽ മുൻകരുതലുകൾ എടുത്തിരുന്നില്ല. കൂട്ടിക്കലിൽ 12.33 കോടിയുടെ നാശം കാഞ്ഞിരപ്പള്ളി താലൂക്കിൽ 13.99 കോടി രൂപയുടെ കൃഷി നാശമുണ്ടായതായാണു പ്രാഥമിക കണക്കുകൾ. കൂട്ടിക്കൽ-12.33 കോടി, കാഞ്ഞിരപ്പള്ളി-65 ലക്ഷം, പാറത്തോട്-58.6 ലക്ഷം, എരുമേലി-18 ലക്ഷം, മുണ്ടക്കയം-15.6 ലക്ഷം, മണിമല-7.5 ലക്ഷം, കോരൂത്തോട്-5.46 ലക്ഷം. വാഴ, കപ്പ, ജാതി, കൊക്കോ, തെങ്ങ്, കമുക്, കുരുമുളക്, പൈനാപ്പിൾ, പച്ചക്കറി, റബ്ബർ തുടങ്ങിയ കൃഷികളാണ് നശിച്ചത്. തൂക്കുപാലം തകരുന്നത് രണ്ടാംതവണ പത്തുവർഷം മുൻപ് വെള്ളാവൂർ-കോട്ടാങ്ങൽ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കാൻ വെള്ളാവൂർ ആശ്രമം കടവിൽ നിർമിച്ച തൂക്കുപാലം തകരുന്നത് ഇത് രണ്ടാം തവണ. കേരള ഇലക്ട്രിക്കൽസ് ആൻഡ് അലൈഡ് ഇൻഡസ്ട്രീസ് നിർമിച്ച തൂക്കുപാലത്തിന്റെ കൈവരികൾ കഴിഞ്ഞ പ്രളയത്തിൽ തകർന്നിരുന്നു. ഇത്തവണ പാലത്തിന്റെ കൈവരിയും നടപ്പാതയും തകർന്ന് ഉപയോഗയോഗ്യമല്ലാതായി. ഇരുമ്പുപാലം തകർന്നു വളവുകയം അങ്കണവാടിയിലേക്കുള്ള ഇരുമ്പുപാലം മഴവെള്ളപ്പാച്ചിലിൽ തകർന്നു. കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിൽനിന്ന് തോടിന് കുറുകെ നിർമിച്ചതാണ് പാലം. അങ്കണവാടി, വനിതാ സ്വയം തൊഴിൽ പരിശീലന കേന്ദ്രം എന്നിവിടങ്ങളിലേക്കും തോടിന് മറുകരയിൽ താമസിക്കുന്നവരും ഉപയോഗിക്കുന്നതാണ് പാലം. പ്രിയപ്പെട്ടവരുെട വേർപാടിൽ സങ്കടമൊഴിയാതെ ദുരിതബാധിതർ 'ദേ ആ വീട്ടിലാണ് എന്റെ കുഞ്ഞ് ഷാലറ്റ് താമസിച്ചിരുന്നത്'പ്രളയം കയറിയിറങ്ങിയ വീട്ടിലേക്ക് കാട്ടി എൽസി കണ്ണിരോടെ പറഞ്ഞു. എൽസിയുടെ സഹോദരന്റെ മകനാണ് ഷാലറ്റ്. വാടകയ്ക്കാണ് താമസിച്ചിരുന്ന ഷാലറ്റ് പുതിയ വീടിന്റെ പണികൾ നടക്കുന്നതിനിടെയാണ് ഷാലറ്റിന്റെ ജീവൻ പ്രളയമെടുത്തത്. പുല്ലകയാറിന്റെ തീരത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ഷാലെറ്റ്. നിർമാണത്തിലിരിക്കുന്ന വീടിന്റെ തേപ്പ് ജോലികൾക്കായി മണൽ ഇറക്കിയിട്ടിരുന്നു. മണൽ ഒഴുകിപോകാതിരിക്കാൻ മാറ്റിയിടാൻ പോയപ്പോഴാണ് പ്രളയത്തിൽപ്പെടുന്നതെന്ന് എൽസി പറഞ്ഞു. പ്രിയപ്പെട്ടവരെ പ്രളയമെടുത്തതിന്റെ വേദന മറക്കാൻ ശ്രമിക്കുകയാണ് പ്രളയബാധിത മേഖലയിലെ ആളുകൾ. ഇളംകാട് മേഖലയിൽ പുല്ലകയാറിൽ പ്രളയത്തിന്റെ അവശേഷിപ്പായി വലിയ പാറക്കല്ലുകൾ കൊണ്ട് നിറഞ്ഞ നിലയിലാണ്. ആറിന്റെ ഒഴുക്കും ഗതിമാറിയ നിലയിലാണ്. പലയിടങ്ങളിലും മണ്ണും കല്ലും നിറഞ്ഞ് ആറിന്റെ താഴ്ചയും കുറഞ്ഞ നിലയിലാണ്. അടുത്ത് മഴക്കാലത്തിന് മുൻപ് ആറിന്റെ ആഴം കൂട്ടിയില്ലെങ്കിൽ മറ്റൊരു ദുരുന്തം കൂടി നേരിടേണ്ടി വരുമെന്ന് നാട്ടുകാർ പറയുന്നു. മഴ മാറിനിന്നതോടെ ചങ്ങനാശ്ശേരിയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലെയും കുട്ടനാട്ടിലെയും ജലനിരപ്പ് താഴ്ന്നുതുടങ്ങി. എ.സി.റോഡിൽ ചില ഭാഗങ്ങളിൽ നേരിയ തോതിൽ വെള്ളമിറങ്ങി. എ.സി.റോഡിലെ താഴ്ന്ന പ്രദേശങ്ങളും ഉൾനാടൻ പ്രദേശങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലാണ്. താലൂക്കിൽ ഒൻപത് ദുരിതാശ്വാസ ക്യാമ്പുകളാണ് കഴിഞ്ഞദിവസം തുറന്നത്. ഇവയെല്ലാം ഇപ്പോഴും തുടരുകയാണ്. ശക്തമായ മഴയെത്തുമെന്ന സുചന കണക്കിലെടുത്ത് കുട്ടനാട്ടിൽനിന്നുള്ള ആളുകൾ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. മുൻവർഷങ്ങളിലേതുപോലെ കുട്ടനാട്ടുകാരുടെ കൂട്ട പലായനം ഇത്തവണയില്ലായിരുന്നു. തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകൾ തുറന്നത് ഏറെ ആശ്വാസമായെന്ന് കുട്ടനാട്ടുകാർ പറയുന്നു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തനങ്ങൾക്കായി മൂന്ന് മത്സ്യബന്ധന വള്ളങ്ങൾ കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരിയിൽ എത്തിച്ചിരുന്നു. കെ.എസ്.ആർ.ടി.സി. ബസ് സർവീസ്വൈകും ചങ്ങനാശ്ശേരി-ആലപ്പുഴ കെ.എസ്.ആർ.ടി.സി. ബസ് സർവീസ്, ജലനിരപ്പ് താഴാത്തതിനെത്തുടർന്ന് വൈകും. പൂവം, വാലടി, കാവാലം, കൈനടി, കൃഷ്ണപുരം റൂട്ടുകളിൽ ബസ് സർവീസ് നടത്തുന്നുണ്ട്. ചങ്ങനാശ്ശേരി ഡി.ടി.ഒ. കെ.അനിൽകുമാറിന്റെ നേതൃത്വത്തിൽ കൺട്രോളിങ് ഇൻസ്പെക്ടർ കമലാസനൻ, ഡിപ്പോ എൻജിനീയർ തുടങ്ങിയവർ എ.സി.റോഡിൽ പരിശോധന നടത്തി. ചങ്ങനാശ്ശേരി-ആലപ്പുഴ റോഡിൽ മേപ്രാൽ, പള്ളിക്കൂട്ടുമ്മ, ഏവീസ് ഹോട്ടൽ എന്നിവിടങ്ങളിൽ വെള്ളം കൂടുതലായതിനാൽ സർവീസ് നടത്താനാകില്ലെന്ന് അധികൃതർ അറിയിച്ചു. ഇവിടെ അരയടിയോളം വെള്ളം നിൽക്കുന്ന സ്ഥിതിയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എ.സി.റോഡിലെ ജലനിരപ്പ് താഴുന്നതിനനുസരിച്ച് ബസ് സർവീസ് പുനരാരംഭിക്കുമെന്ന് ചങ്ങനാശ്ശേരി ഡിപ്പോ അധികൃതർ അറിയിച്ചു. Content Highlights:184 houses completely destroyed and 6.75 crore loss in shops in Kanjirapally
from mathrubhumi.latestnews.rssfeed https://ift.tt/3jlk8w5
via
IFTTT
No comments:
Post a Comment