ചേർത്തല: അർത്തുങ്കലിൽ ഒൻപതാംക്ലാസ് വിദ്യാർഥി നിർമൽ രാജേഷി (14)ന്റെ മരണം പേവിഷബാധമൂലമെന്ന നിഗമനത്തിൽ ആരോഗ്യവകുപ്പ്. അസ്വസ്ഥതകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച കുട്ടി 16-നാണു മരിച്ചത്. സ്രാമ്പിക്കൽ രാജേഷിന്റെയും ത്രേസ്യാമ്മയുടെയും മകൻ നിർമൽ രാജേഷ് (14) ആണു മരിച്ചത്. പരിശോധിച്ച ഡോക്ടർമാരുടെയും പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണു നിഗമനം. ആന്തരികാവയവങ്ങളും സ്രവവും പാലോടുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഡിസീസിലും ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് ലാബിലും പരിശോധനയ്ക്കയച്ചിരിക്കുകയാണ്. ഓഗസ്റ്റിൽ നിർമലിന്റെ അനുജൻ അമലിന്റെ മുഖത്തു പട്ടിയുടെ നഖംകൊണ്ടു പോറലേറ്റിരുന്നു. അന്ന് അതിനുചുറ്റും കുത്തിവെപ്പ് എടുത്തിരുന്നു. ഈയിടെ നിർമലിന്റെ മുഖത്തും മുറിവേറ്റിരുന്നു. സൈക്കിളിൽനിന്നു വീണതാണെന്നാണു വീട്ടുകാരോടു പറഞ്ഞത്. കുത്തിവെപ്പിനെ ഭയന്നാകാം ഇതെന്നു കരുതുന്നു. എന്നാൽ, കൂട്ടുകാരോടു പട്ടിയിൽനിന്നു മുറിവേറ്റതാണെന്നാണു പറഞ്ഞത്. വീട്ടിൽവളർത്തുന്ന പട്ടിയെ വെറ്ററിനറി സർജൻ പരിശോധിച്ചെങ്കിലും പേവിഷബാധ സ്ഥിരീകരിച്ചിട്ടില്ല. പട്ടിയെ വീട്ടിൽത്തന്നെ നിരീക്ഷിക്കും. പട്ടിയിൽനിന്നു മുറിവുണ്ടായിട്ടും യഥാസമയം വാക്സിൻ സ്വീകരിക്കാത്തതാണു മരണ കാരണമെന്നാണു വിലയിരുത്തൽ. കുട്ടിയുമായി സമ്പർക്കമുണ്ടായിരുന്ന 12 പേർക്കു പേവിഷബാധ പ്രതിരോധ കുത്തിവെപ്പു നൽകി. തിങ്കളാഴ്ച ജില്ലാ ജാഗ്രതാ ഓഫീസർ ഡോ. എസ്. ഷാജിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി വിവരങ്ങൾ തേടി. ജാഗ്രതവേണം *വളർത്തുമൃഗങ്ങളെ ശ്രദ്ധാപൂർവം വളർത്തുക *പേവിഷബാധയ്ക്കെതിരേയുള്ള കുത്തിവെപ്പു നിർബന്ധമായും എടുക്കുക *മൃഗങ്ങളുമായി കൂടുതൽ ഇടപഴകുന്നവർ മുൻകൂട്ടി പ്രത്യേക വാക്സിൻ എടുക്കുക *പട്ടി/പൂച്ചയിൽനിന്നു മുറിവുണ്ടായാൽ നിർബന്ധമായും വാക്സിനെടുക്കുക * പ്രതിരോധവാക്സിനെടുത്ത പട്ടിയോ പൂച്ചയോ ആണെങ്കിലും കുത്തിവെപ്പു വേണ്ടെന്നു വെക്കരുത് *തെരുവുപട്ടികളും പൂച്ചകളുമായി ഇടപഴകരുത് content highlights:child dies, suspects rabies infection
from mathrubhumi.latestnews.rssfeed https://ift.tt/3DYG8F3
via
IFTTT
No comments:
Post a Comment